ന്യൂഡല്‍ഹി:  ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചുവന്ന നിറമാണ്. എന്നാല്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ അതിന് കാവി നിറമായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ വികസനത്തിന്റെ മുന്‍നിരയിലേക്ക് വന്നിരിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. 'ത്രിപുരയില്‍ ജയിച്ചവരുടെ എണ്ണം എനിക്കറിയില്ല. എന്നാല്‍ അവിടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചെറുപ്പക്കാരാണ്. ചിലര്‍ തങ്ങളുടെ പ്രായക്കുറവ് കാരണം ജനങ്ങള്‍ തിരസ്‌കരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു' അദ്ദേഹം പറഞ്ഞു. 

കേരളം, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. നേര്‍ക്ക് നേര്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എതിരാളികള്‍ അക്രമം നടത്തുന്നത്. നമ്മള്‍ ഇപ്പോഴും നിശബ്ദരായിരിക്കുകയാണ്. നടപടി എടുക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയും പ്രതികാര നടപടിയെന്ന്. ഇത് പ്രതികാരമല്ല, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള ചുവട്വെപ്പാണെന്ന് മോദി പറഞ്ഞു.

കിംവദന്തികളും ആശങ്കകളും പരത്തിയവര്‍ക്ക് നമ്മള്‍ ജനാധിപത്യപരമായി മറുപടി നല്‍കിയിരിക്കുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് സംസ്‌കാരം ഒരിക്കലും തിരികെ വരാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അവരുടേതായി പരിഗണിക്കുന്നില്ല. അദ്ദേഹം ഒറ്റയ്ക്ക് പട്ടാളക്കാരനെപ്പോലെ മാര്‍ച്ച് ചെയ്യുകയാണെന്നും മോദി പരിഹസിച്ചു. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. 

North East Election Result, Narendra Modi, BJP