അഗർത്തല: ക്ലീൻ ഷേവുചെയ്ത ചുറുചുറുക്കുള്ള ‘ചെറുപ്പക്കാരൻ’. 48-കാരനായ  ബിപ്ലവ് കുമാർ ദേബിനെ കാണുമ്പോൾ ഒറ്റനോട്ടത്തിൽ പ്രായം 40 കടന്നെന്ന് പറയില്ല. ഒരു കാലത്ത് ഡൽഹിയിലെ ജിംനേഷ്യത്തിൽ പരിശീലകനായിരുന്നതിന്റെ ഗുണം ഇപ്പോഴും ആ ശരീരത്തിൽ കാണാം. ആ ഊർജസ്വലതയാണ് രണ്ടുവർഷം മുമ്പ് ത്രിപുരയിലെ പാർട്ടിയധ്യക്ഷനായി നിയോഗിക്കാൻ ബി.ജെ.പി. നേതൃത്വത്തെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കിൽ അദ്ദേഹമായിരിക്കും ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയെന്ന് പാർട്ടിനേതാക്കൾ പറയുന്നു.

ത്രിപുരയിലെ ഉദയപുരിൽ ജനിച്ച ബിപ്ലബ് ബിരുദത്തിനുശേഷം ഉന്നതപഠനത്തിനായാണ് ഡൽഹിയിലേക്ക് പോവുന്നത്. അവിടെ ആർ.എസ്.എസ്. പ്രവർത്തനത്തിനൊപ്പം െപ്രാഫഷണൽ ജിം ഇൻസ്ട്രക്ടറായി പ്രവർത്തിച്ചു. അവിടെനിന്ന് നാഗ്‌പുരിലെ ആർ.എസ്.എസ്. ആസ്ഥാനത്തേക്കുപോയ അദ്ദേഹം ജീവിതത്തിൽ വലിയൊരു പങ്കും ചെലവഴിച്ചത് അവിടെയായിരുന്നു. ത്രിപുരയിൽ ബി.ജെ.പി.ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാതെവന്നതോടെ അധ്യക്ഷനായിരുന്ന സുധീന്ദ്ര ദാസ്ഗുപ്തയെ ദേശീയനേതൃത്വം മാറ്റി. പാർട്ടിയിലേക്ക് യുവനേതൃത്വം കടന്നുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബിപ്ലബിന് നറുക്കുവീഴുന്നത്. മധ്യപ്രദേശിലെ സത്‌നാ എം.പി.യായിരുന്ന ഗണേഷ് സിങ്ങിനൊപ്പം പ്രവർത്തിക്കുകയായിരുന്നു അപ്പോഴദ്ദേഹം.

15 വർഷത്തിനുശേഷം സജീവ രാഷ്ട്രീയ പ്രവർത്തനവുമായി സ്വന്തം നാട്ടിലേക്കെത്തിയ അദ്ദേഹം നേതൃത്വം അർപ്പിച്ച വിശ്വാസം കാത്തു. പ്രതിപക്ഷചേരിയിലെ രാഷ്ട്രീയനേതാക്കളെ അടർത്തിയെടുത്ത് ബി.ജെ.പി. പാളയത്തിലെത്തിക്കാനും ഗോത്രവിഭാഗം നേതാക്കളുടെ വിശ്വാസമാർജിക്കാനും അദ്ദേഹത്തിനായി.  അഗർത്തല ബനാമാലിപുർ മണ്ഡലത്തിൽ നിന്നാണ് ബിപ്ലബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ഇവർക്കുമുന്നിൽ ചെങ്കോട്ട തകർന്നു

സംസ്ഥാന അധ്യക്ഷനായ ബിപ്ലബ് കുമാറിനെക്കൂടാതെ ത്രിപുരയിലെ ബി.ജെ.പി.യുടെ വിജയത്തിനുപിന്നിൽ മൂന്നുനേതാക്കൾകൂടിയുണ്ട്. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി റാം മാധവും ത്രിപുരയുടെ ചുമതലയുള്ള ആർ.എസ്.എസ്. നേതാവ് സുനിൽ ദേവ്ധറും അസമിലെ മന്ത്രി ഹിമന്ത ബിശ്വശർമയും. വടക്കുകിഴക്കൻ മേഖലയുടെ മുഴുവൻ ഏകോപനച്ചുമതലയിലായിരുന്നു റാം മാധവിനെ ബി.ജെ.പി. നിയോഗിച്ചത്. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ എന്ന നിലയിൽ പ്രാദേശിക കക്ഷികളുമായുള്ള സഖ്യത്തിന് ചുക്കാൻപിടിച്ചത് ഹിമന്ത ബിശ്വശർമയായിരുന്നു. മഹാരാഷ്ട്രക്കാരനായ സുനിൽ ദേവ്ധറിനായിരുന്നു സംസ്ഥാനത്തിന്റെ  ചുമതല ആർ.എസ്.എസ്. നൽകിയത്. 

ലോക്‌സഭാതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വാരാണസിയിൽ മത്സരിച്ചപ്പോൾ പ്രചാരണച്ചുമതല ദേവ്ധറിനായിരുന്നു മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ പാൽഖർ ജില്ലയിലെ സി.പി.എമ്മിനുണ്ടായ ഏകസീറ്റ് പിടിച്ചെടുത്തത് ദേവ്ധറിന്റെ നേതൃത്വത്തിലാണ്. ഡിജിറ്റൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മോദി ദൂത് യോജന എന്നപേരിൽ ആസൂത്രണം ചെയ്തതും ഈ സംഘമാണ്.  സുനിൽ ദേവ്ധറിന്റെ ആവശ്യപ്രകാരമാണ് ബിപ്ലബ് കുമാറിനെ ത്രിപുരയിലേക്ക് നിയോഗിച്ചത്.

അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുമായി തെറ്റിയാണ് 2015-ൽ ഹിമന്ത ബിശ്വശർമ ബി.ജെ.പി.ക്കൊപ്പം ചേരുന്നത്. അസമിൽ കോൺഗ്രസിനെ തറപ്പറ്റിച്ച് ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഇതേ പ്രവർത്തനമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹിമന്ത കാഴ്ചവെച്ചത്‌. മേഘാലയയിൽ കോൺഗ്രസിതര സർക്കാരുണ്ടാക്കാൻ ബി.ജെ.പി. നിയോഗിച്ചിരിക്കുന്നതും അദ്ദേഹത്തെയാണ്.