അഗർത്തല: തുടർച്ചയായി ആറാം തവണയും അധികാരത്തിലെത്തുകയെന്ന സി.പി.എമ്മിന്റെ സ്വപ്നംതകർത്താണ് ത്രിപുരയിൽ ബി.ജെ.പി.യുടെ ജയം. കേരളത്തിൽ സി.പി.എമ്മുമായി കായികമായും പോരാടുന്ന അവരെ തെല്ലൊന്നുമല്ല ഈ വിജയം ആഹ്ലാദിപ്പിക്കുന്നത്. സംസ്ഥാനത്ത് 1.54 ശതമാനത്തിൽനിന്ന് 42.5 ശതമാനമായാണ് ഇത്തവണ ബി.ജെ.പി.യുടെ വോട്ടുവിഹിതം വർധിപ്പിച്ചത്. പ്രധാനമന്ത്രി വിശേഷിപ്പിച്ചതുപോലെ ‘ശൂന്യതയിൽ നിന്ന് ശിഖരത്തിലേക്ക്’. 2013-ലെ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽപ്പോലും വിജയിക്കാൻ ബി.ജെ.പി.ക്കായിരുന്നില്ല.

ചിട്ടയോടെയുള്ള പ്രവർത്തനവും മികച്ച ആസൂത്രണവുമാണ് ഇത്രയും വോട്ടുകൾ സമാഹരിക്കാൻ ഇത്തവണ പാർട്ടിയെ പ്രാപ്തമാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 32 ശതമാനത്തോളം ഗോത്രവർഗക്കാരാണെന്ന് തിരിച്ചറിയാനും അവരെ ഭരണവിരുദ്ധസഖ്യത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞത് ബി.ജെ.പി.ക്ക് വിജയം എളുപ്പമാക്കി. 2014-ൽ അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്  ബി.ജെ.പി.യുടെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും നേതൃത്വം നൽകിയത്. സംസ്ഥാനത്ത് നാലു തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുത്തു. 

സി.പി.എമ്മിനെതിരായ ഭരണവിരുദ്ധവികാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വികസനം കൊണ്ടുവരുന്നതിൽ ഇടതുസർക്കാർ പരാജയപ്പെട്ടെന്നതാണ് ബി.ജെ.പി. നിരന്തരമായി പ്രചാരണവേളയിൽ ഉയർത്തിയിരുന്ന ആരോപണം. കോൺഗ്രസിന്റെ തകർച്ചയും ബി.ജെ.പി.യെ സഹായിച്ചു. ആഭ്യന്തരപ്രശ്നങ്ങളും ത്രിപുരയിൽ താരതമ്യേന ദുർബലരായ കോൺഗ്രസിന്റെ നട്ടെല്ലൊടിച്ചു. കോൺഗ്രസിന്റെ 10 എം.എൽ.എ.മാരിൽ  ഏഴുപേർ രാജിവെച്ച് ആദ്യം തൃണമൂൽ കോൺഗ്രസിലും പിന്നീട് ബി.ജെ.പി.യിലുമെത്തി. 

ഇടത്-വലത് സിദ്ധാന്തങ്ങൾ തമ്മിലുള്ള ‘ക്ലാസിക്’ പോരാട്ടമായിരുന്നു ത്രിപുരയിലേത്. സംഭരിച്ചുവെച്ച കരുത്ത് മുഴുവൻ പുറത്തെടുത്താണ് ഇരുപാർട്ടികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി.പി.എം.-ബി.ജെ.പി. എന്നീ രണ്ട് പാർട്ടികളിലേക്ക് തിരഞ്ഞെടുപ്പ് മാറിയപ്പോൾ, കോൺഗ്രസ് ദുർബലമായപ്പോൾ, സർക്കാർ മാറിക്കാണാൻ ആഗ്രഹിച്ച വലിയൊരു വിഭാഗത്തിനുമുന്നിൽ ബി.ജെ.പി. മാത്രമേ ഉണ്ടായിരുന്നുള്ളൂ.