അഗര്‍ത്തല: ത്രിപുരയില്‍ കഴിഞ്ഞ ദിവസം മരിച്ച മന്ത്രി  ഖഗേന്ദ്ര ജമാതിയും വോട്ടെണ്ണിയപ്പോള്‍ പരാജയപ്പെട്ട സിപിഎം നേതാക്കളുടെ പട്ടികയില്‍.  ഗോത്രവര്‍ഗ നേതാവും മണിക് സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഫിഷറീസ് സഹകരണ മന്ത്രിയുമായ ജമാതിയ കൃഷ്ണപുറില്‍ നിന്ന് ആറു തണവ നിയമസഭയില്‍ എത്തിയിട്ടുള്ളയാളാണ്. 

ബിജെപിയുടെ അതുല്‍ ദേബ് ബര്‍മയോട് ഖഗേന്ദ്ര ജമാതിയ രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഡല്‍ഹിയിലെ എംയിസ് ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച മരിച്ച ജമാതിയയുടെ സംസ്‌കാരം ഞായറാഴ്ചയാണ്.

1988-മുതല്‍ കൃഷ്ണപുറില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചിട്ടുള്ളയാളാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചിരുന്നെങ്കില്‍ കൃഷ്ണപുറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമായിരുന്നു. നേരത്തെ സിപിഎമ്മിന്റെ മറ്റൊരു മുതിര്‍ന്ന സ്ഥാനാര്‍ഥി രമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ പ്രചാരണത്തിനിടെ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.