ന്യൂഡൽഹി: ത്രിപുരയിലെ വിജയം അവിടെ ഇടതുപക്ഷ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പുവിജയം ആഘോഷിക്കാൻ പാർട്ടിയുടെ പുതിയ ആസ്ഥാനത്തെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ത്രിപുരയിലും കേരളത്തിലും മറ്റിടങ്ങളിലും കൊല്ലപ്പെട്ട പ്രവർത്തകരെ അനുസ്മരിച്ച് ഒരുമിനിറ്റ്‌ അദ്ദേഹം മൗനപ്രാർഥന നടത്തി. സദസ്സും അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കളും ഈ സമയം എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പാർട്ടി ആസ്ഥാനത്തിനടുത്തുള്ള മസ്ജിദിൽനിന്ന് ബാങ്കുവിളി മുഴങ്ങിയപ്പോഴും അദ്ദേഹം പ്രസംഗം നിർത്തി. ഭയവും ഭ്രമവും സൃഷ്ടിച്ചതിന് ഇടതുപക്ഷത്തിന് ജനം നല്ല മറുപടിയാണ് കൊടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേട്ടമുണ്ടാക്കി ഐ.പി.എഫ്.ടി.; ഒൻപതിൽ എട്ടിലും ജയം

അഗർത്തല: ത്രിപുരി ഗോത്രക്കാർക്കായി പ്രത്യേക സംസ്ഥാനം (ത്വിപ്ര ലാൻഡ്) വേണമെന്ന് വാദിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.). ഗോത്രവിഭാഗക്കാർക്കിടയിൽ സ്വാധീനമുറപ്പിക്കാനായ പാർട്ടിക്ക് മത്സരിച്ച ഒൻപതിൽ എട്ടെണ്ണത്തിലും ജയിക്കാനായി. എൻ.സി. ദേബ് ബർമന്റെ നേതൃത്വത്തിലുള്ള പാർട്ടി ജനുവരിയിലാണ് ബി.ജെ.പി.യുമായി സഖ്യത്തിലായത്.

1996-ലാണ് പാർട്ടി രൂപംകൊണ്ടത്. 2000-ത്തിൽ നടന്ന സ്വയംഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സീറ്റ് നേടിയതോടെയാണ് ഇവർ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായത്. പിന്നീട്, ത്രിപുര ഉപജാതി ജുബ സമിതിയും ത്രിപുര നാഷണൽ വൊളൻറിയേഴ്സും ഐ.പി.എഫ്.ടി.യിൽ ലയിച്ച്  ഇൻഡിജിനിയസ് നാഷണൽ പാർട്ടി ഓഫ് ത്രിപുര(ഐ.എൻ.പി.ടി.)യ്ക്ക് രൂപംകൊടുത്തു.  

ഈ പാർട്ടി പിളർന്ന്  നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ത്രിപുര(എൻ.എസ്.പി.ടി)യും നാഷണൽ കോൺഫറൻസ് ഓഫ് ത്രിപുര(എൻ.സി.ടി.)യും നിലവിൽവന്നു. അവശേഷിച്ചവർ ചേർന്ന്  2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്‌ പഴയ ഐ.പി.എഫ്.ടി. പുനരുജ്ജീവിപ്പിക്കുകയായിരുന്നു. 

‘കേരളത്തിലോ ബംഗ്ലാദേശിലോ അഭയം തേടൂ’മാണിക് സർക്കാരിനോട് അസം മന്ത്രി

അഗർത്തല: ത്രിപുരയിൽ സി.പി.എം. പരാജയമേറ്റു വാങ്ങിയതോടെ കേരളത്തിലോ  ബംഗാളിലോ അല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശിലോ അഭയംതേടാൻ മുഖ്യമന്ത്രി മാണിക് സർക്കാരിനോട് നിർദേശിച്ച് അസം മന്ത്രി ഹിമന്ത ബിശ്വ ശർമ. മാണിക് സർക്കാരിന്റെ മുൻപാകെ മൂന്ന് പോംവഴികളാണുള്ളത്. ഒന്നുകിൽ സി.പി.എമ്മിനു കുറച്ചു സാന്നിധ്യമുള്ള  ബംഗാളിലേക്ക് പോകാം. രണ്ടാമതായി പാർട്ടി ഇപ്പോൾ ഭരിക്കുന്ന കേരളത്തിലേക്ക് പോകാം. മൂന്നുവർഷം കൂടിയേ അവിടെ ഇനി അവർ ഭരിക്കൂ. അല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശാണ് മറ്റൊരു സ്ഥലം- ത്രിപുരയിൽ ബി.ജെ.പി.യുടെ വിജയത്തിന് ചുക്കാൻപിടിച്ച ശർമ പറഞ്ഞു. 

തിരഞ്ഞെടുപ്പിനുശേഷം ത്രിപുര മുഖ്യമന്ത്രിയെ ബംഗ്ലാദേശിലേക്ക് അയയ്ക്കുമെന്ന് ശർമ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധൻപുരിൽ നടത്തിയ തിരഞ്ഞടുപ്പ് റാലിക്കിടെയായിരുന്നു ഈ പരാമർശം. 

പടിയിറങ്ങുന്നത്‌ ‘ദരിദ്രനായ’ മുഖ്യമന്ത്രി

അഗർത്തല:  അഴിമതിയുടെ കറപുരളാത്ത മുഖച്ഛായയുമായാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ അധികാരമൊഴിയുന്നത്. സത്യസന്ധതയും അഴിമതിവിരുദ്ധതയുമാണ് 20 വർഷം ത്രിപുര മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ മുഖമുദ്ര. ഫെബ്രുവരി 18-ന് ധൻപുർ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ നൽകിയ സ്വത്ത് വിവരത്തിലൂടെയാണ് ‘ദരിദ്രനായ’ ഈ മുഖ്യമന്ത്രി ഇത്തവണ തിരഞ്ഞെടുപ്പിനുമുമ്പ് വാർത്തകളിൽ ഇടംതേടിയത്. 1520 രൂപയും 2410 രൂപയുടെ ബാങ്ക് നിക്ഷേപവും മാത്രമായിരുന്നു രണ്ടുപതിറ്റാണ്ട് മുഖ്യമന്ത്രി‍യും പൊളിറ്റ് ബ്യൂറോ അംഗവുമായ ഈ നേതാവിന്റെ ആകെ സന്പാദ്യം. കുടുംബസ്വത്തായി ലഭിച്ച 0.0118 ഏക്കർ ഭൂമി മാത്രമായിരുന്നു ആകെയുള്ള സ്വത്ത്. സ്വന്തമായി കാറോ മറ്റ് ബാങ്ക് നിക്ഷേപങ്ങളോ മൊബൈൽ ഫോണോ അദ്ദേഹത്തിനില്ല. സ്വന്തമായി ഇ-മെയിൽ വിലാസംപോലുമില്ലാത്ത അദ്ദേഹം സമൂഹമാധ്യമങ്ങളിലും ഇടപെടാറില്ലായിരുന്നു.

2013-ലെ തിരഞ്ഞെടുപ്പിൽ നൽകിയ സ്വത്തുവിവരപ്രകാരം 9720 രൂപയുടെ ബാങ്ക് നിക്ഷേപമായിരുന്നു മാണിക് സർക്കാരിനുണ്ടായിരുന്നത്. ഇപ്പോഴിത് 2410 രൂപയായി.  മുഖ്യമന്ത്രി എന്നനിലയിൽ ലഭിക്കുന്ന ശമ്പളം മുഴുവനും പാർട്ടി ഫണ്ടിലേക്ക് നൽകുന്ന ഇദ്ദേഹം പാർട്ടി നൽകുന്ന 9700 രൂപകൊണ്ടാണ് സ്വന്തം ചെലവുകൾ നടത്തിയിരുന്നത്.  യാത്രകൾക്ക് സർക്കാർ കാറുകളോ വാഹനങ്ങളോ ഉപയോഗിക്കാതെ ഓട്ടോറിക്ഷകളിലും ബസുകളിലും യാത്രചെയ്ത് ഭാര്യ പാഞ്ചാലി ഭട്ടചാർജിയും ഭർത്താവിന്റെ ലളിതജീവിതത്തിന് പിന്തുണനൽകി. കേന്ദ്രസർക്കാർജോലിയിൽനിന്ന് വിരമിച്ച ഇവരുടെ കൈവശം 20,140 രൂപയും ബാങ്ക് നിക്ഷേപവും സ്ഥിരനിക്ഷേപവുമായി 12,15,714 രൂപയുമാണുള്ളത്. കുടുംബസ്വത്തായി ലഭിച്ച 21 ലക്ഷം വിലമതിക്കുന്ന കെട്ടിടവും 60,000 രൂപ വിലമതിക്കുന്ന 20 ഗ്രാം സ്വർണാഭരണങ്ങളുമുണ്ട്. ഇവർക്ക് മക്കളില്ല.