ന്യൂഡൽഹി: ഉത്തരേന്ത്യൻ പാർട്ടിയെന്ന നിലയിൽനിന്ന് ഇന്ത്യയുടെ എല്ലാഭാഗത്തും സ്വാധീനമുള്ള പാർട്ടിയെന്ന നിലയിലേക്ക് ബി.ജെ.പി. വളർന്നത് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പോടെയാണ്. അധികാരത്തിലെത്തി നാലുവർഷത്തിനകം, മുമ്പ് കാര്യമായ സ്വാധീനമില്ലാതിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി.യെ ഭരണത്തിലേറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.

ത്രിപുരയിലെ വിജയത്തോടെ മേഖലയിലെ എട്ടുസംസ്ഥാനങ്ങളിൽ  നാലും കാവിയണിഞ്ഞുകഴിഞ്ഞു. അസം, അരുണാചൽപ്രദേശ്, മണിപ്പുർ എന്നിവിടങ്ങളിലാണ് നിലവിൽ ബി.ജെ.പി.ക്ക് ഭരണമുള്ളത്. നാഗാലാൻഡിലും മേഘാലയയിലും സഖ്യകക്ഷികളുമായി ചേർന്ന് അധികാരം പിടിക്കാനുള്ള തീവ്രശ്രമവും ബി.ജെ.പി.നേതൃത്വം തുടങ്ങിക്കഴിഞ്ഞു. 

മേഘാലയയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിന് സർക്കാരുണ്ടാക്കാനാവുമോയെന്ന് ഉറപ്പില്ല. വർഷങ്ങളോളം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യമുറപ്പിച്ചിരുന്ന കോൺഗ്രസിന് ഇനി  മിസോറം മാത്രമേ ബാക്കിയുള്ളൂ. സിക്കിമാണ് ബി.ജെ.പി.ഇതര സർക്കാരുള്ള മറ്റൊരു സംസ്ഥാനം.