''ഇടയനോടുള്ള ദേഷ്യത്തില്‍ ആടുകള്‍ ചെന്നായക്ക് വോട്ടു ചെയ്തു.'' ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ഒരു സന്ദേശമാണിത്. ജര്‍മ്മന്‍ നാടകകൃത്ത് ബര്‍ത്തോള്‍ട് ബ്രഹ്തിന്റെ പേരിലുള്ള ഈ വചനത്തിന് പക്ഷെ, സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ രക്ഷിച്ചെടുക്കാനാവുമെന്ന് തോന്നുന്നില്ല. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തിങ്കളാഴ്ച എന്‍.ഡി. ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക് സര്‍ക്കാര്‍ പറഞ്ഞത്. തോല്‍വിയുടെ കാരണം അടിത്തട്ടില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷമാദ്യം ജനവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ മണിക് സര്‍ക്കാര്‍ നേരിട്ട ഒരു ചോദ്യം ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചായിരുന്നു. ''വെല്ലുവിളിയോ, നിങ്ങള്‍ ജനങ്ങളോട് ചോദിക്കൂ, അവര്‍ മറുപടി പറയും.'' പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് ഝാ അഭിപ്രായപ്പെട്ടതുപോലെ ഈ ശനിയാഴ്ച ത്രിപുരയിലെ ജനങ്ങള്‍ മറുപടി പറഞ്ഞു. ഈ മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ മണിക് സര്‍ക്കാര്‍ പറയുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് മണിക് സര്‍ക്കാര്‍. അഴിമതിയുടെ കറ തൊട്ടു തീണ്ടിയിട്ടില്ല , സ്ഫടികം പോലുള്ള സംശുദ്ധ ജീവിതത്തിന്റെ പ്രതീകം. ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും ലളിതജീവിതത്തിലും ആദര്‍ശശുദ്ധിയിലും ഭര്‍ത്താവിനൊപ്പം തന്നെയാണ്. പക്ഷെ, മണിക്കിന്റെ ഈ പ്രതിച്ഛായയ്ക്കും ബി.ജെ.പിയുടെ മുന്നേറ്റം തടയാനായില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സമാധാനപൂര്‍ണ്ണമായ പ്രദേശമാണ് ത്രിപുര. സൈന്യത്തിന് സവിശേഷ അധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ് എടുത്തുകളഞ്ഞുകൊണ്ടാണ് മണിക് സര്‍ക്കാര്‍ ത്രിപുരയെ സമാധാനത്തിന്റെ പാതയിലേക്ക് നയിച്ചത്. ആദിവാസികള്‍ക്കും ബംഗാളികള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിനും അയവു വരുത്താന്‍ മണിക്കിനായി. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മുന്നേറ്റമുണ്ടാക്കാനും ഇക്കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കായി. അഭിമാനാര്‍ഹമായ ഈ നേട്ടങ്ങളൊന്നും തന്നെ നിര്‍ണ്ണായക ഘട്ടത്തില്‍ മണിക് സര്‍ക്കാരിന്റെ തുണയ്ക്കെത്തിയില്ല.

ജനാധിപത്യത്തില്‍ വിജയവും പരാജയവും സ്വാഭാവികമാണ്.  1945-ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയത്തിളക്കമുണ്ടായിട്ടും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ബ്രിട്ടീഷ് ജനത കൈയ്യൊഴിഞ്ഞു. 1971-ലെ ബംഗ്ളാദേശ്  യുദ്ധ വിജയത്തിനും 77-ല്‍ ഇന്ദിരയെ കരകയറ്റാനായില്ല. സംശുദ്ധ ജീവിതത്തില്‍ മണിക് സര്‍ക്കാരിന്റെ മുന്‍ഗാമിയെന്ന് എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന കാമരാജ് 1967-ലെ തിരഞ്ഞെടുപ്പില്‍ പരാജിതനായി. ഡി.എം.കെ. നേതാവ് അണ്ണാദുരൈയെ പോലും ഞെട്ടിച്ച തോല്‍വിയായിരുന്നു കാമരാജിന്റേത്. 

ജനസമൂഹത്തിന്റെ ഭാവന പിടിച്ചെടുക്കുന്നതിലാണ് പലപ്പോഴും ജനാധിപ്യത്തില്‍ വിജയ പരാജയങ്ങള്‍ അടങ്ങിയിരിക്കുന്നത്. മണിക് സര്‍ക്കാരിനെതിരെ ഒരാരോപണവും ഉയരാതിരിക്കുമ്പോഴും ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണത്തോട് എവിടെയൊക്കെയോ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നുണ്ടായിരുന്നു. അടിസ്ഥാന മേഖലകളുടെ വികസനമില്ലായ്മയും തൊഴില്‍രാഹിത്യവും ഈ അസംതൃപ്തിക്ക് മൂര്‍ച്ച കൂട്ടി. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സിന് 36% വോട്ടു കിട്ടിയിരുന്നു. കാര്യമായി ഒരു പ്രവര്‍ത്തനവും നടത്താതിരുന്നിടത്താണ് കോണ്‍ഗ്രസ്സിന് ഇത്രയും വോട്ടുകിട്ടിയതെന്ന് മറക്കരുത്. ഇടതുപക്ഷത്തിനെതിരെയുള്ള ശക്തമായ ഒരു വോട്ട് ബാങ്ക് ത്രിപുരയിലുണ്ടായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.  മാറ്റത്തിന് സമയമായി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നടത്തിയ പ്രചാരണത്തില്‍ ഈ വോട്ടുകളത്രയും സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയതെന്ന് ഇടതുപക്ഷം ചോദിക്കേണ്ടതുണ്ട്. 

അടുത്തിടെ തൃശ്ശൂരില്‍ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ  കാര്യം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ 50 ശതമാനത്തിനും മുകളില്‍ വോട്ടു നേടാന്‍ കഴിയുന്ന പാര്‍ട്ടിയായി സിപിഎം വളരേണ്ടതുണ്ടെന്നും അതാണ് തന്റെ മുന്നിലുള്ള വെല്ലുവിളയെന്നുമാണ് കോടിയേരി പറഞ്ഞത്. ഇക്കഴിഞ്ഞ 25 കൊല്ലങ്ങളില്‍ എന്തുകൊണ്ട് ത്രിപുരയില്‍ ഇത്തരമൊരു ലക്ഷ്യം സാക്ഷാത്കരിക്കാനായില്ല എന്ന ചോദ്യത്തിന് സി.പി.എം. ഉത്തരം കണ്ടെത്തിയേ മതിയാവൂ.

ത്രിപുരയിലെ തോല്‍വി സിപിഎമ്മിന് ദുഃസ്വപ്നമാവേണ്ട കാര്യമില്ല. ഒരു തോല്‍വി കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയില്‍ അസ്തമിച്ചിട്ടില്ല. വാസതവത്തില്‍ സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസ്സിനാണ് ത്രിപുരയില്‍ വന്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്. 2013-ല്‍ 48 ശതമാനം വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 42 ശതമാനം വോട്ട് സി.പി.എമ്മിന് കിട്ടിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല.  കഴിഞ്ഞ തവണ 36% വോട്ട് നേടിയ കോണ്‍ഗ്രസ്സിന് വെറും 1.8% വോട്ടാണ് നേടാനായത്. ഈ യാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് പല്ലിളിച്ചുകാണിക്കാനാണ് പക്ഷെ, ജയറാം രമേഷിനെയും കെ. മുരളീധരനെയും പോലുള്ളവര്‍ ശ്രമിക്കുന്നത്. ഒരര്‍ത്ഥത്തില്‍  നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചതിന് സമാനമായ സംഭവമാണ് ത്രിപുരയിലുണ്ടായിരിക്കുന്നത്. 

കാര്യങ്ങള്‍ മുന്‍കൂട്ടികണ്ട് തന്ത്രങ്ങള്‍ മെനയുന്നതിന് ബി.ജെ.പിക്ക് കഴിയുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഗുജറാത്തിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും 2019 ല്‍ സംഗതി എളുപ്പമാവില്ലെന്ന് മോദിയും അമിത് ഷായും തിരിച്ചറിയുന്നുണ്ട്. ഇവിടെയുണ്ടായേക്കാവുന്ന കോട്ടം മറ്റിടങ്ങളിലെ നേട്ടങ്ങളിലൂടെ മറികടക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയിപ്പോള്‍ ദക്ഷിണേന്ത്യയാവും ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. ഇവിടെയാണ് ത്രിപുര ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും കുറേക്കൂടി വലിയ പാഠമാവേണ്ടത്. 

പുനര്‍വിചിന്തനവും ആത്മപരിശോധനയുമാണ് ജനാധിപത്യം എപ്പോഴും ആവശ്യപ്പെടുന്നത്. ആലസ്യത്തിനും അനവധാനതയ്ക്കും ജനാധിപത്യത്തില്‍ തിരിച്ചടി ഉറപ്പാണ്. സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണെന്ന ആ പരമമായ സത്യം ഇടതുപക്ഷത്തെ  ഓര്‍മ്മിപ്പിക്കുകയാണ് ത്രിപുര.