ഗോത്രവർഗക്കാരുടെ പിന്തുണ

സി.പി.എമ്മിന്റെ അടിത്തറയായിരുന്ന ഗോത്രവർഗക്കാരുടെ പിന്തുണ ഉറപ്പിക്കാൻ ബി.ജെ.പി.ക്കു കഴിഞ്ഞത്. പട്ടികവർഗക്കാർക്കു സംവരണംചെയ്ത 20 സീറ്റും ഇതുവരെ സി.പി.എമ്മിന്റെ കൈയിലായിരുന്നു. ബംഗാൾ വിഭജിച്ച് കിഴക്കൻ ബംഗാളും ബംഗ്ലാദേശുമുണ്ടായപ്പോൾ ബംഗാളി കുടിയേറ്റംകാരണം ന്യൂനപക്ഷമായിപ്പോയവരാണ് ത്രിപുരയിലെ തദ്ദേശവാസികൾ. ഇവരിലൂടെ വളർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വവും പിന്നീട് ബംഗാളികളുടെ കൈയിലായപ്പോഴാണ് ത്രിപുരയിലെ ഗോത്രവർഗക്കാർ സംഘടിച്ച് സായുധകലാപങ്ങളിലേക്ക് തിരിഞ്ഞത്.

ഐ.പി.എഫ്.ടി.യുണ്ടാക്കിയ സഖ്യം

പ്രത്യേക ഗോത്രവർഗ സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന ഐ.പി.എഫ്.ടി.യുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി. ചെറിയ ഗോത്രസംഘടനകളുടെ നേതാക്കളെ താമര ചിഹ്നത്തിൽ മത്സരിപ്പിച്ചു. കുറഞ്ഞ സമയംകൊണ്ട് ഇവിടത്തെ 19 ഗോത്രങ്ങളിലേക്കും ഇറങ്ങിച്ചെന്ന ബി.ജെ.പി. ഗോത്രമേഖലയ്ക്കു പുറത്തുള്ള ബംഗാളികളുടെ പിന്തുണയും നേടിയെടുത്തു.

കേന്ദ്രസർക്കാരിന്റെ പിന്തുണ

കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണയും ബി.ജെ.പി.യുടെ വിജയത്തിന് പിന്നിലുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 52 കേന്ദ്രമന്ത്രിമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ത്രിപുരയിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. ‘‘കോൺഗ്രസ് മുക്ത ഭാരതമായിരുന്നു ബി.ജെ.പി.യുടെ പ്രഖ്യാപിത ലക്ഷ്യം. ഇടതുപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യംകൂടി പാർട്ടി കൈവരിക്കാൻ ഒരുങ്ങുകയാണ്. ത്രിപുരയിലെ തോൽവി കേരളത്തിലെ സി.പി.എമ്മിനെയും ബാധിക്കാതിരിക്കില്ല’’-കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ശനിയാഴ്ച പറഞ്ഞു.