ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ത്രിപുരയിലെ സി.പി.എം. നാലു പതിറ്റാണ്ട് സംസ്ഥാനത്തെ ചെങ്കോട്ടയാക്കി നിലനിർത്തിയ പാർട്ടിക്ക് ചുവടുപിഴച്ചത് ഒരുതവണ മാത്രം.
നാൾവഴി ഇങ്ങനെ: 

  • 1978: 60 അംഗ നിയമസഭയിലെ 56 സീറ്റുകളും തൂത്തുവാരി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം വെന്നിക്കൊടി നാട്ടി. നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിലേറുമ്പോൾ കോൺഗ്രസിലെ ഒരാൾ പോലും നിയമസഭയിൽ ഉണ്ടായിരുന്നില്ല.
  • 1983: ഇടതുപക്ഷത്തിന്റെ സീറ്റ് 39 ആയി കുറഞ്ഞു. കോൺഗ്രസ്-ടി.യു.ജെ.എസ്. സംഖ്യം 20 സീറ്റുകൾ നേടി. 37-ഉം സി.പി.എമ്മാണ് സ്വന്തമാക്കിയത്. രണ്ടെണ്ണം ആർ.എസ്.പി.യും. 
  • 1988: ഇടതുപക്ഷത്തിന് തോൽവി. കോൺഗ്രസ്-ടി.യു.ജെ.എസ്. സഖ്യം 30 സീറ്റുമായി ഭരണത്തിൽ. 29 എം.എൽ.എ.മാർ സി.പി.എമ്മിന്റേത്. 
  • 1993: 49 സീറ്റുകൾ നേടി ഇടതുപക്ഷം അധികാരം തിരിച്ചുപിടിച്ചു. കോൺഗ്രസ് നേടിയത് 10 സീറ്റ്. ടി.യു.ജെ.എസിന് വെറും നാലും.
  • 1998: 41 സീറ്റുകളുമായി ഇടത് സർക്കാരിന്റെ ഭരണത്തുടർച്ച. കോൺഗ്രസ് 15 സീറ്റും ടി.യു.ജെ.എസ്. നാല് സീറ്റും നേടി. മാണിക് സർക്കാർ മുഖ്യമന്ത്രിയായി.
  • 2003: വിജയം വീണ്ടും ഇടതിനൊപ്പം. നേടിയത് 41 സീറ്റുകൾ. കോൺഗ്രസിന് 13 സീറ്റ്. പുതിയ സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് ത്രിപുരയ്ക്ക് ആറ്്‌ സീറ്റ്. 
  • 2008: 49 സീറ്റുകളുമായി ഇടത് സർക്കാർ കൂടുതൽ ശക്തരായി. കോൺഗ്രസിന് 10 സീറ്റുകൾ മാത്രം. 
  • 2013:  50 സീറ്റും നേടി ഇടത് തരംഗം. കോൺഗ്രസിന് വീണ്ടും 10 മാത്രം. 
  • 2016-ഓടെ ആറ്്‌ കോൺഗ്രസ് എം.എൽ.എ.മാർ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറി. അവിടെനിന്ന് ബി.ജെ.പി.യിലേക്കും. തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് കോൺഗ്രസ് എം.എൽ.എ.യും നിയമസഭാ സ്പീക്കറുമായ രതൻ ലാൽ നാഥ് കൂടി കാവിക്കൂടാരത്തിൽ എത്തിച്ചേർന്നു.