അഗര്‍ത്തല: ബിജെപി തരംഗത്തില്‍ ത്രിപുരയിലും നഗാലാന്‍ഡിലും ഒരു സീറ്റ് പോലും ലഭിക്കാതെ നാമാവശേഷമായി കോണ്‍ഗ്രസ്. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ ത്രിപുരയിലും എട്ട് സീറ്റ് നേടിയ നാഗാലാന്‍ഡിലും ഒരു സീറ്റ് പോലും നേടാന്‍ ഇത്തവണ കോണ്‍ഗ്രസിനായില്ല. 
 
ത്രിപുരയില്‍ 59 സീറ്റിലും, നാഗാലാന്‍ഡില്‍ 18 സീറ്റിലുമായിരുന്നു ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചത്.  23 പേര്‍ പത്രിക സമര്‍പ്പിച്ചുവെങ്കിലും അഞ്ചു പേര്‍ പിന്‍വലിക്കുകയായിരുന്നു. നാഗാ പീപ്പീള്‍സ് ഫ്രണ്ടുമായി ചേര്‍ന്ന്‌ മത്സരിക്കാനായിരുന്നു ഇവിടെ കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചതെങ്കിലും ഇവരുമായുള്ള സഖ്യ ചര്‍ച്ച വിജയിച്ചില്ല. എന്നാല്‍ ബി.ജെ.പി നാഗാലാന്‍ഡ് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടതോടെ കോണ്‍ഗ്രസിന് കാഴ്ചക്കാരായി നില്‍ക്കേണ്ടി വരികയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ചര്‍ച്ച നടത്തി നാഗാ പീപ്പീള്‍സ് ഫ്രണ്ടുമായി സഖ്യത്തിലേര്‍പ്പെടാനായിരുന്നു ധാരണ. എന്നാല്‍ ബി.ജെ.പി, എന്.ഡി.പി.പി സഖ്യം വിജയം കൊയ്തതോടെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലാതായി.
 
തിരഞ്ഞെടുപ്പിന്റെ ആരംഭഘട്ടത്തില്‍ തന്നെ പാര്‍ട്ടി പരാജയം മണത്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്നെ തന്നെ ആകെയുള്ള കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാരില്‍ ഏഴ് പേരും തൃണമൂല്‍ വഴി ബിജെപിയിലെത്തി. നേതൃദാരിദ്ര്യവും പാര്‍ട്ടിയെ വലച്ചു.
 
ത്രിപുരയിലെ അഗര്‍ത്തല മണ്ഡലത്തില്‍ നിന്ന് സ്ഥിരമായി ജയിച്ചുവന്നിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ്  സുദീപ് റോയ് ബര്‍മന്‍ ആറ്‌ എം.എല്‍.എമാരോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായത്. ഇവര്‍ പിന്നീട് ബി.ജെ.പിയിലേക്കെത്തുകയും അങ്ങനെ ബി.ജെ.പി മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. 
 
 
കോണ്‍ഗ്രസ് നേതാക്കളായ സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദീലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര, ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലെത്തുകയും പിന്നെ ബി.ജെ.പിയുടെ ഭാഗമാവുകയും ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പിയിലേക്കെത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15000 ബി.ജെ.പി അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും  രണ്ടു ലക്ഷം അംഗങ്ങള്‍ കവിഞ്ഞു.
 
59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ  കോണ്‍ഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍ മോദി പ്രഭാവത്തില്‍  കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാവുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണലിന്റെ ആദ്യം ഘട്ടം മുതല്‍ കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയി 1.54 ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പിയാണ് അട്ടിമറി വിജയത്തിലൂടെ ത്രിപുര പിടിച്ചെടുത്തത് എന്നതും ശ്രദ്ധേയമാണ്.