ത്തു കൊല്ലം മുമ്പ് ഒരു പഠനയാത്രയ്ക്ക് ഇടയിലാണ് ത്രിപുരയില്‍ ആദ്യമായി പോയത്. ഗുവാഹതിയില്‍നിന്ന് ബസ്സിലായിരുന്നു യാത്ര. യാത്ര പുറപ്പെട്ടപ്പോഴേ ജീവനക്കാര്‍ ഓരോ സീറ്റിന് പിന്നിലും പ്ലാസ്റ്റിക് കാരിബാഗുകള്‍ കൊണ്ടു വന്നു കെട്ടാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും പലരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ആ പ്ലാസ്റ്റിക് ബാഗുകളിലേക്ക്. മുപ്പതു മണിക്കൂറോളം റോഡ് യാത്ര വേണ്ടി വന്നു അഗര്‍ത്തലയിലേക്ക്. പുലര്‍ച്ചെ ത്രിപുരയിലേക്കുള്ള അതിര്‍ത്തി കടന്നു. പരപരാ വെളുക്കുംമുമ്പേ ആണുങ്ങളും പെണ്ണുങ്ങളുമടക്കം പാടത്തിരുന്ന് പ്രാഥമികകൃത്യം നടത്തി.

ത്രിപുര തന്ന ആദ്യ ഓര്‍മ്മ അതായിരുന്നു. മനു നദിക്കരയിലെ ആ വയല്‍. പിന്നെ നേരം വെളുത്തപ്പോഴേക്കും വല്ലാതെ തളര്‍ന്നു. യാത്രക്കിടയില്‍ ആട്ടിന്‍പറ്റങ്ങള്‍ പാടത്ത് പുല്ലു തിന്നുണ്ടായിരുന്നു. കറുത്ത ആട്ടിന്‍കുട്ടികളായിരുന്നു കൗതുകം. 

അതും ഒരു തിരഞ്ഞെടുപ്പ് കാലം. മണിക് സര്‍ക്കാരിന്റെ ബാങ്ക് ബാലന്‍സ് 800 രൂപയില്‍ താഴെ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് വന്നു. ഭാര്യ പാഞ്ചാലി സര്‍ക്കാരിന്റെ രണ്ടു മുറി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു അക്കാലം അദ്ദേഹം. 

ത്രിപുരയില്‍ രണ്ടു കാര്യങ്ങള്‍ കാണാനായിരുന്നു കൗതുകം. ആദ്യത്തേത് ഉനകോടി ആയിരുന്നു. ശിലാപാളികളാല്‍ സമ്പന്നമായ മലഞ്ചെരിവ്. മനോഹരമാണ് ആ ഐതിഹ്യം. ഏഴാം നൂറ്റാണ്ടു മുതലുള്ള ശൈവകേന്ദ്രം. ഭൂതഗണങ്ങളും പരമശിവനുമടങ്ങുന്ന ഒരു കോടി വരുന്ന സംഘം കാശിക്ക് പുറപ്പെട്ടു. മലഞ്ചെരിവില്‍ രാ പാര്‍ത്തു. ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ യാത്ര തുടരാനായിരുന്നു പദ്ധതി. ശിവന്‍ മാത്രമേ ഉണര്‍ന്നുള്ളൂ. ഭൂതഗണങ്ങളെ അദ്ദേഹം ശപിച്ചു. ശിലയാവട്ടെ. മലഞ്ചെരിവില്‍ ശിവനൊഴിച്ചുച്ചുള്ള ദേവസംഘം- കോടിയില്‍ ഒന്നു കുറവ്- ഉനകോടി  കല്‍പ്രതിമകള്‍ അങ്ങനെ വന്നു എന്നാണ് കഥ. 

അന്ന് അഗര്‍ത്തലയിലെ സിപിഎം പ്രാദേശിക നേതാവായ ഗൗതം ദാസുമായുള്ള പരിചയത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിനെ കാണാന്‍ കഴിഞ്ഞു. പാര്‍ട്ടി പത്രമായ ദേശര്‍കഥയുടെ ഓഫീസില്‍ വച്ച്. ശുഭ്രവസ്ത്രധാരി. കേരളത്തില്‍നിന്ന് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എന്ത് രസമാണ് നിങ്ങളുടെ ചക്ക വറുത്തത് തിന്നാന്‍. ഇവിടേയും പ്ലാവുകളുണ്ട്. ഇങ്ങനെ ചക്കവിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവിടെ വന്ന് ചക്ക കഴിച്ച ശേഷം ഞങ്ങളും അതേ രീതിയില്‍ ഇവിടെ പറ്റുമോ എന്ന് നോക്കുന്നുണ്ടിപ്പോള്‍.' 

അന്നും ഇന്നും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത വിഭാഗീയതയുടെ കാലമായിരുന്നു അന്ന് കേരളത്തില്‍. കര്‍ഷക സംഘടനയുടെ സമ്മേളനത്തിന് വന്ന മണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസില്‍ കിടന്നുറങ്ങിയതും സ്വന്തം തുണി അലക്കിയതുമൊക്കെ അന്ന് വാര്‍ത്തകളായിരുന്നു. അന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഇവിടെ പ്രിയം വിഎസ് പിണറായി തര്‍ക്കത്തിലും ഗ്രൂപ്പു വഴക്കിലുമായിരുന്നു. 

ആ മണിക് സര്‍ക്കാരാണ് ഇപ്പോള്‍ പരാജയപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന അന്തസ്സുറ്റ വിരലിലെണ്ണാവുന്ന നേതാക്കളില്‍ഒരാള്‍കൂടി ശിരസ്സു കുനിക്കുകയാണ്. അവസാനത്തെ പോരാട്ടത്തില്‍ സ്വന്തം  അണികളുടെ കരുത്തറിഞ്ഞ് തന്നെയാണ് അദ്ദേഹം പോരടിച്ചത്. ആന, തേര്‍, കാലാള്‍, കുതിരപ്പടകളില്‍ ചുവപ്പിനെ കവച്ചുവയ്ക്കുന്നു കാവിയെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഇത്തവണത്തെ പോരില്‍ മണിക് മനസ്സിലാക്കിയിരിക്കണം. അതിനാലാണ്, കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് സിപിഎമ്മില്‍ അദ്ദേഹം വാദിച്ചത്.

Tripura Goat

1972 സംസ്ഥാനമായ ശേഷം 77 ല്‍ നൃപന്‍ ചക്രവര്‍ത്തി വന്നശേഷം ഇങ്ങോട്ട് രണ്ടാം തവണയാണ് ഇപ്പോള്‍ സിപിഎമ്മിന്  ത്രിപുര നഷ്ടമാവുന്നത്. മുമ്പ് സുദീപ് രഞ്ജന്‍ മജുംദാറിലൂടെ ഒരിക്കല്‍ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. വിപ്ലവ് കുമാര്‍ ദേവ് മുമ്പേ പ്രവചിച്ചിരുന്നു ഈ ബിജെപി വിജയം.

തീര്‍ച്ചയായും ഭരണവിരുദ്ധവികാരം ഒരു ഘടകം തന്നെയാണ്. അഴിമതി നടത്താത്ത മുഖ്യമന്ത്രി എന്നത് ഉപഭോഗതൃഷ്ണയാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തിനും കേവലാദര്‍ശത്തിനപ്പുറം മാതൃകയല്ല. മുഖ്യമന്ത്രിയുടെ ദാരിദ്ര്യം ജനങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുന്നുമില്ല. മാറ്റത്തിന് എക്കാലവും വോട്ടു കിട്ടും. ഗുജറാത്തില്‍ ബിജെപിക്ക് എതിരായ വികാരം ത്രിപുരയില്‍ സിപിഎമ്മിന് എതിരാവുന്നു. അത് ജനാധിപത്യത്തിന്റെ അടിസ്ഥാനംകൂടിയാണ്. അതിന് വേണ്ടിക്കൂടിയാണല്ലോ ജനങ്ങള്‍ പോളിംഗ്ബൂത്തിലെത്തുന്നത്.

എന്നാല്‍ ഇത്തവണത്തെ ത്രിപുരാ ഫലം അതിലേറെ പ്രാധാന്യം അര്‍ഹിക്കുന്നു. എന്തെന്നാല്‍ സര്‍വാധികാരത്തിന്റെ സര്‍വേക്കല്ലിടുന്ന ബിജെപിക്ക് നിര്‍ണായകമാണ് ഈ വിജയം. അത് തിരിച്ചറിഞ്ഞ അപൂര്‍വം നേതാക്കളിലൊരാളാണ് മണിക് സര്‍ക്കാര്‍. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് കൊല്‍ക്കൊത്താ പിബിയില്‍ അദ്ദേഹം വാദിച്ചതും അതിനാലാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല. ഈ വരികള്‍ കുറിക്കുമ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് ത്രിപുര ബിജെപിക്ക്. സിപിഎമ്മിന്റെ ഒന്നും കോണ്‍ഗ്രസ്സിന്റെ പൂജ്യവും ചേര്‍ത്താല്‍ സ്റ്റഡി സര്‍ക്കിളില്‍ രണ്ടിനെ മറികടക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ ബിജെപിയെ പ്രതിരോധിക്കാമായിരുന്നു എന്നിടത്ത് മണിക് സര്‍ക്കാര്‍ പിണറായി വിജയനില്‍ നിന്ന് വ്യത്യസ്തനാവുന്നു. കാരണം കൈകോര്‍ത്താല്‍ പല മണ്ഡലങ്ങളും നേടാമായിരുന്നു. 

അത് നടന്നില്ല. ബംഗാളിലെ പതനത്തിന് ശേഷം ബംഗാളികള്‍ ത്രിപുരികളേക്കാള്‍ വേഗത്തില്‍ സിപിഎമ്മിനെ ത്രിപുരയില്‍ കയ്യൊഴിഞ്ഞു. ആദ്യം അവര്‍ തൃണമൂലും പിന്നീട് ബിജെപിയുമായി. അവര്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രമായിരുന്നില്ല. അവര്‍ സിപിഎമ്മുകാരുമായിരുന്നു.  

ഭരണവിരുദ്ധവികാരത്തിന്റെ തേരേറി  കാവിക്കൊടി നീങ്ങുമ്പോള്‍ അത് കേരളം അടക്കമുള്ളിടത്ത് സൃഷ്ടിക്കുന്ന സാംസ്‌കാരികാഘാതം ചെറുതായിരിക്കില്ല. എന്തുകൊണ്ട് ബിജെപി വാഗ്ദാനങ്ങളെ ജനങ്ങള്‍ വിശ്വസിച്ചു എന്നത് മറ്റാരേക്കാള്‍ ആലോചിക്കേണ്ടത് സിപിഎമ്മാണ്.

കോണ്‍ഗ്രസ് മുക്തഭാരതമാണ് അമിത് ഷായുടെ സങ്കല്‍പം. അതിലേക്ക് ഒരു ചുവട് മുന്നേറുകയാണ് ത്രിപുര വഴി ബിജെപി. അതേ സ്വപ്നം തന്നെ പുലര്‍ത്തി തോഴരാവേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട് ഇപ്പോഴെങ്കിലും സിപിഎം. കാരണം കേരളത്തിലെ 18 സീറ്റുകളിലും ത്രിപുരയിലെ രണ്ട് സീറ്റുകളിലും മാത്രമേ ഇപ്പോള്‍ ഇടതുപക്ഷം പ്രതിപക്ഷമങ്കിലും ആകുന്നുള്ളൂ. മുന്നൂറിലേറെ ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയെ ചെറുക്കുന്നത് കോണ്‍ഗ്രസ്സാണ്. 

ശക്തമായ പ്രാദേശിക നേതൃത്വം ഇല്ലാത്തതാണ് കോണ്‍ഗ്രസ് എല്ലായിടത്തുമെന്ന പോലെ ത്രിപുരയിലും നേരിട്ട വെല്ലുവിളി. തൃണമൂലിനൊപ്പം പോയ നേതാക്കള്‍ കൂടുതല്‍ സിപിഎം വിരുദ്ധത കൊണ്ട് മാത്രമാണ് ബിജെപിയില്‍ എത്തിയത്. എന്തുകൊണ്ട് ചുവപ്പിനെ വെല്ലുവിളിക്കേണ്ടി വരുന്നു എന്നത് സിപിഎം തന്നെ സ്വയം ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. 

ബിജെപി അതിന് ഉത്തരം കണ്ടെത്തിയിരുന്നു ഈ തിരഞ്ഞെടുപ്പില്‍. ഹിന്ദുത്വമായിരുന്നില്ല കാവിപ്പടയുടെ മുദ്രാവാക്യം. മാറ്റമായിരുന്നു. മാറ്റത്തിന് വോട്ട് എന്ന് മോദി തൊട്ട് ബിപ്ലവ്കുമാര്‍ ദേബ് വരെ പറഞ്ഞു. വിപ്ലവപ്പാര്‍ട്ടിയുടെ അടിവേര് മുറിക്കാന്‍ ബിപ്ലവ് ദേബ്  എന്ന് ചെറുപ്പക്കാരന് കഴിഞ്ഞതും അതുകൊണ്ടാണ്.

ബിജെപി ലക്ഷ്യമിടുന്നത് 2019 തന്നെയാണ്. അന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നഷ്ടമാകുന്ന സീറ്റുകള്‍ നികത്താന്‍ വടക്കു കിഴക്കിനെ ഉന്നമിടാം എന്ന അമിത് ഷായുടെ തന്ത്രം  ജയിക്കുകയാണ്. ഒരു തന്ത്രങ്ങളുമില്ലാതെ വാഗ്വിലാസം കൊണ്ട് മാത്രം കാലം കഴിക്കാനാവില്ലെന്ന് ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുകയുമാണ്.

ത്രിപുരയില്‍ പോയപ്പോള്‍ അന്ന് മനസ്സില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ ലക്ഷ്യം ത്രിപുരസുന്ദരീക്ഷേത്രമായിരുന്നു. ആറു നൂറ്റാണ്ടിലേറെ പഴക്കമുള്ള മാതാബാറി മന്ദിരം. ചുവന്ന ഉടുപ്പിട്ട പൂജാരിമാര്‍ക്കു മുന്നിലേക്ക് വഴിപാടായി വഴിയോരത്തു നിന്നിരുന്ന കറുത്ത ആട്ടിന്‍കുട്ടികളെത്തി. കറുപ്പും ചോരയും തീര്‍ത്ത ഹോളി. ഭക്തിയുടെ നിറവില്‍ മൃഗബലി. തലയറ്റു കിടക്കുന്ന കറുത്ത ആട്ടുടലുകള്‍ക്ക് നടുവിലൂടെ പുതിയ ബലിമൃഗങ്ങള്‍ നീങ്ങി. പൂജാരിമാര്‍ മാറിക്കൊണ്ടേയിരുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി പകുത്തുകിടക്കുന്ന വീടുകളുള്ള നാട്ടില്‍ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുകയാണ്. 

 

Content Highlight: India, Cuba, Saffron Flag, Analysis ,Tripura Election Result, BJP win, Red fort fall