ചെങ്കോട്ടയിലെ താമരവിപ്ലവത്തില്‍ കോണ്‍ഗ്രസ് നിലംപരിശായി. പിസിസി അധ്യക്ഷന് മാത്രമാണ് കോണ്‍ഗ്രസില്‍ കെട്ടിവച്ച കാശ് തിരിച്ചുകിട്ടിയത്. 59 ഇടത്ത് മത്സരിച്ചിട്ട് നാലിടത്ത് മാത്രമാണ് ആയിരത്തിലധികം വോട്ട് കിട്ടിയത്. എല്ലാ മണ്ഡലങ്ങളിലുമായി ആകെ കൈപ്പത്തിയില്‍ വീണത് 41,235 വോട്ട് മാത്രം.

ഒരിക്കലും തകരില്ലെന്ന് കരുതിയ ചുവപ്പുകോട്ടകള്‍ കാവിയണിഞ്ഞപ്പോള്‍ ബംഗാളിന്റെ ഗതിയാകുമോ എന്ന ആശങ്കയിലാണ് ത്രിപുര സിപിഎം. എക്കാലവും സിപിഎമ്മിനൊപ്പം നിന്ന ഗോത്ര മണ്ഡലങ്ങള്‍ അമ്പേ കൈവിട്ടു. ബിജെപിയിലേക്കുള്ള കുത്തൊഴുക്കില്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല സിപിഎമ്മില്‍ നിന്നും വോട്ടുകള്‍ ഒഴുകി. ബിജെപിയുടെ അശ്വമേഥം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവസാനിച്ചപ്പോള്‍ വോട്ടിന്റെ കണക്കെടുപ്പില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ദൃശ്യമാണ്.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 52 ശതമാനമായിരുന്നു ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം. ജയിച്ചത് 49 സീറ്റില്‍. അന്ന് സിപിഎം മാത്രം നേടിയത് 48.11 ശതമാനം വോട്ട്. കോണ്‍ഗ്രസിന് 36.53 ശതമാനം വോട്ടും സഖ്യകക്ഷിയായ ഐന്‍പിടിക്ക് 7.59 വോട്ടും കിട്ടി. ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 1.54 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 50 ല്‍ 49 ഇടത്തും താമര ചിഹ്നത്തില്‍ മത്സരിച്ചവര്‍ക്ക് കെട്ടിവച്ച കാശ് നഷ് ടമായി. 

കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച മോദി തരംഗത്തിലും ബിജെപിക്ക് എത്തിപ്പിടിക്കാനായത് കേവലം 5.70 ശതമാനം വോട്ടുമാത്രമായിരുന്നു. പക്ഷേ ഒറ്റവര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം പകുതിയിലധികം കൊഴിഞ്ഞുപോയി. 2013 ല്‍ 36.53 % വോട്ടുണ്ടായിരുന്നത് 15.20 % ശതമാനം ഇടിഞ്ഞു. പക്ഷേ അന്ന് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ വോട്ടുകളില്‍ സിംഹഭാഗവും ഇടതുപക്ഷത്തേക്കാണ് പോയത്.

64 ശതമാനമായി സിപിഎമ്മിന്റെ വോട്ട് വര്‍ധിച്ചു. ആ വോട്ട് വിഹിതമാണ് നാല് വര്‍ഷം കൊണ്ട് 20 ശതമാനത്തോളം ഇടിഞ്ഞ് 44.3 ശതമാനത്തിലേക്ക് താഴ്ന്നത്. രണ്ട് തിരഞ്ഞെടുപ്പുകൊണ്ട് കോണ്‍ഗ്രസ് ഏറക്കുറേ ശൂന്യമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പകുതി പോയി. ശേഷിച്ചത് ഈ തിരഞ്ഞെടുപ്പിലും കൈമോശം വന്നു. 

1.54 ശതമാനത്തില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5.70 ശതമാനത്തിലേക്കും അവിടെ നിന്ന് കുതിച്ച് ഭരണം പിടിച്ച ബിജെപി ഇത്തവണ 50 സീറ്റില്‍ മത്സരിച്ച് 43 ശതമാനം വോട്ട് സ്വന്തമാക്കി. ഘടകക്ഷിയായ ഐപിഎഫ്ടിക്ക് 7.5 ശതമാനം വോട്ടുണ്ട്. ആകെ മൊത്തം ബിജെപി സഖ്യത്തിന് 50.5 ശതമാനം വോട്ടുവിഹിതമായി. സിപിഎമ്മിന്റേത് 42.7 ശതമാനമായി വോട്ടുകുറഞ്ഞപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് ആകെ കിട്ടിയത് 44.3 ശതമാനം വോട്ടാണ്.

രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലുമായി അഞ്ച് ശതമാനം വോട്ട്‌ ഒഴുകി പോയി. ഇത് പോയത് ബിജെപി ചേരിയിലേക്ക് തന്നെ. കോണ്‍ഗ്രസിന് ബാക്കിയുള്ളത് 1.8 ശതമാനം വോട്ട്. കോണ്‍ഗ്രസിന് 2013 മായി താരതമ്യം ചെയ്യുമ്പോള്‍ 7,63,132 വോട്ട് നഷ് ടമായപ്പോള്‍ സിപിഎമ്മിന് പോയത്‌ 66,752 വോട്ടാണ്. അതേ സമയം ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ് ടിച്ച ബിജെപി ഒറ്റയടിക്ക് പെട്ടിയിലാക്കിയത് 10 ലക്ഷത്തിനടുത്ത് വോട്ടാണ്. 2013 ല്‍ 33,808 വോട്ട് കിട്ടിയത് ഇത്തവണ 9,99,093 വോട്ടായി വര്‍ധിച്ചു. മറുവശത്ത് 8,04,457 വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ആകെ ബാക്കിയുള്ളത് 41,325 വോട്ട് മാത്രം. 

2014 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടാണ് ഒഴുകിപോയത്. അതായത് അന്ന് കോണ്‍ഗ്രസില്‍ വന്ന വോട്ടും കാലാകാലങ്ങളായി ലഭിച്ചിരുന്ന വോട്ടില്‍ ഒരു പങ്കും ഇത്തവണ അവര്‍ക്ക് നഷ് ടമായി. അതെല്ലാം പോയത് ബിജെപിയിലേക്ക് തന്നെ.

Content Highlights: CPM Votes Also Shifted to BJP in Tripura