തിനെട്ടാം നൂറ്റാണ്ടില്‍ പതിനേഴ് കൊല്ലം രാജ്യം ഭരിച്ച ഒരാളാണ് ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പില്‍  ശ്രദ്ധേയനാവുന്നത്. മരിച്ച് 219  കൊല്ലമായിട്ടും വോട്ടു പിടിക്കാന്‍ പഴയ മൈസൂര്‍ കടുവയെ ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ശ്രീരംഗപട്ടണം കേന്ദ്രമാക്കിയാണ് ടിപ്പു സുല്‍ത്താന്‍ നാട് ഭരിച്ചത്. ഹൈദര്‍ അലിയില്‍നിന്ന് മകനിലേക്ക് ഭരണം വന്നപ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലായിരുന്നു. കൊളോണിയില്‍ സാമ്രാജ്യമോഹത്തിന്റെ തീവ്രതിയിലേക്ക് എത്തിക്കഴിഞ്ഞ ഇംഗ്ലീഷുകാര്‍ ഒരു നാട്ടുരാജ്യത്തേയും അംഗീകരിച്ചിരുന്നില്ല. വെട്ടിപ്പിടുത്തത്തിന്റെ തീവ്രതയില്‍ ടിപ്പു നടത്തിയതെല്ലാം ചരിത്രം. പലവട്ടം നടന്ന മൈസൂര്‍ യുദ്ധങ്ങള്‍. ഒടുവില്‍ ശ്രീരംഗപട്ടണത്തെ കോട്ടയില്‍ അന്ത്യം. 

ടിപ്പുവിനെ ജീവനോടെ പിടിക്കാനുള്ള ബ്രിട്ടീഷ് പദ്ധതി തെറ്റിച്ചത് സുല്‍ത്താന്റെ ആഭരണം കൈക്കലാക്കാന്‍ ഒരു സൈനികന്‍ കൊന്നതു കൊണ്ടാണെന്ന് കഥയുണ്ട്. എന്തായാലും ചോരപുരണ്ട  ജഡം കോട്ടയില്‍ കിടന്നു. കല്ലിന്മേല്‍ കല്ലില്ലാതെ കോട്ട തകര്‍ത്തു ബ്രിട്ടീഷുകാര്‍. ടിപ്പുവിന്റെ പഴയ കൊട്ടാരം നിന്നിടം പലരും കയ്യേറിയിരിക്കുന്നു. കോട്ടയ്ക്കുള്ളിലെ രാജഗൃഹത്തിലെ കല്ലു പോലും അവശേഷിക്കുന്നില്ല. 

കര്‍ണാടകത്തിന്റെ പല ഭാഗത്തും കാണാം ടിപ്പുവുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍. ചിക്കമഗലുരുവില്‍ ബാബാ ബുഡന്‍ ഗിരിയില്‍ ടിപ്പു പ്രാര്‍ത്ഥിച്ചെന്ന് കഥ. ഭട്കലില്‍ ടിപ്പുവിന്റെ ഉമ്മ പണിത പള്ളി. ടിപ്പുവുമായി ബന്ധപ്പെട്ട കഥകള്‍. പേര്‍ഷ്യന്‍ ഭാഷ നിര്‍ബന്ധമാക്കിയതാണ് ടിപ്പുവിനെ ഹിന്ദുക്കള്‍ക്ക് പ്രിയങ്കരനല്ലാതാക്കിയത് എന്ന് പറയുന്നു ശ്രീരംഗപട്ടണത്ത് മഞ്ജുനാഥ്. എന്നാല്‍ വേണ്ടതിലധികം കാര്യങ്ങള്‍ ചെയ്ത നല്ല ഭരണാധികാരി എന്നും ഒപ്പം പറയുന്നു ബിജെപിയുടെ  ഈ ലിംഗായത് പ്രവര്‍ത്തകന്‍. ടിപ്പുവിന്റെ കോട്ടയ്ക്കുള്ളില്‍ വിവിധ ക്ഷേത്രങ്ങള്‍ ഇപ്പോഴുമുണ്ട്. ടിപ്പു നല്‍കിയ പച്ചനിറത്തിലുള്ള മാര്‍ബിള്‍ ശിവലിംഗം പൂജയ്ക്ക് ഉപയോഗിക്കുന്ന ക്ഷേത്രമുണ്ടിവിടെ. 

തീരകന്നഡത്തിലെത്തുമ്പോള്‍ കാര്യങ്ങള്‍ നേരേ മറിയും. അടിമുടി വര്‍ഗീയവല്‍ക്കരിക്കപ്പെട്ട മേഖലയില്‍ ടിപ്പു രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍. സകലതിനും. ഭട്കലില്‍ ടിപ്പുവിന്റെ ഉമ്മ പണിത പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ ഇനായത്തുള്ള പറഞ്ഞു. 'ബിജെപി ഏറ്റവും വേഗത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സ്ഥലമാണിത്.' 

ഭട്കലില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുനില്‍ നായിക്കിനെതിരേ എതിരാളികളുടെ  പ്രധാന ആരോപണവും ക്ഷേത്രത്തില്‍ മാംസം വച്ച് കലാപം ഉണ്ടാക്കി എന്നാണ്. എന്നാല്‍ മുഴുവന്‍ ഹിന്ദുവോട്ടുകളും ഏകോപിപ്പിക്കാന്‍ സുനില്‍ നായിക്കിന്റെ പ്രചാരണത്തില്‍ വീണ്ടും ടിപ്പു സുല്‍ത്താന്‍ വരും. സുല്‍ത്താന്റെ കാലം കഴിഞ്ഞ് ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഒരു വോട്ട്. 

ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യ മുന്നോട്ട് വന്നതോടെ നേരത്തേ തന്നെ ടിപ്പു സുല്‍ത്താന്‍  വിവാദമായിരുന്നു. സിദ്ധരാമയ്യയുടെ നീക്കവും തീര്‍ച്ചയായും രാഷ്ട്രീയം തന്നെ ആയിരുന്നു താനും. എന്നാല്‍ അതിലേറെ അതിനെ ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനുള്ള മാര്‍ഗമായി ഹൈന്ദവ സംഘടനകള്‍ മാറ്റി. എന്നാല്‍ ബിജെപി നേതാക്കള്‍ അടക്കം മുന്‍കാലങ്ങളില്‍ ടിപ്പു ജയന്തിയില്‍ അണിനിരന്ന ചിത്രങ്ങളുമായി കോണ്‍ഗ്രസ് പ്രതിരോധിച്ചു.

തിരഞ്ഞെടുപ്പ് റാലിയ്ക്കെത്തിയ പ്രധാനമന്ത്രി പക്ഷേ ഒന്നും വിട്ടുകളഞ്ഞില്ല. ടിപ്പു ജയന്തിയെ ശക്തമായി മോദി വിമര്‍ശിച്ചു. 'കര്‍ണാടകത്തിന്റെ യഥാര്‍ത്ഥ വീരനായകന്മാരെ മറന്നാണ് സുല്‍ത്താന്മാരെ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്. വോട്ട് ബാങ്കിനായാണ് സുല്‍ത്താന്മാരുടെ ജയന്തി ആഘോഷിക്കുന്നത്.'

വിഭജനത്തിന്റെ രാഷ്ട്രീയം ശക്തമാവുകയാണ്. ഇളക്കി മറിക്കുന്നുണ്ട് നേതാക്കള്‍. എന്നിട്ടും ഇളകുന്നതേയില്ല പലയിടത്തും ജനങ്ങള്‍. മതം അവസാനത്തെ ആയുധങ്ങളിലൊന്നാണ്. വെള്ളവും ഭക്ഷണവുമില്ലാത്ത നാടിനെ പണ്ട് ബ്രിട്ടീഷുകാരും പോരടിപ്പിച്ചത് ഇതേ രീതിയിലാണ്. 

ചരിത്രം പ്രഹസനമാവുകയാണ്. ആവര്‍ത്തിക്കുകയാണ്.