രിചയസമ്പന്നതയെ പറ്റി പലതുണ്ട് നിരീക്ഷണങ്ങള്‍. കള്ളം സത്യത്തേക്കാള്‍ സൗകര്യപ്രദമാണെന്ന് അത് രാഷ്ട്രീയക്കാരെ പഠിപ്പിക്കുന്നു എന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. പലപ്പോഴും സത്യത്തേക്കാള്‍ നീണ്ടുനില്‍ക്കുന്നതാണെന്നും.

അനുനിമിഷം അധികാരത്തിന്റെ ശിശിരത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് എച്ച്.ഡി. ദേവവെ ഗൗഡ. ഹാസനയിലെ വീട്ടിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍നിന്ന് വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ മുന്‍ പ്രധാനമന്ത്രി. കാണാന്‍ അനുമതി തന്നില്ല. മകന്‍ രേവണ്ണയും ഒഴിഞ്ഞുമാറി.

ബംഗലുരുവിലെ ജനതാദള്‍ ഓഫീസിലും കഴുകന്മാരെ പോലെ പക്ഷികള്‍ ജനലിന് പുറത്തുനിന്ന് മാര്‍കേസ് പറഞ്ഞ പോലെ എത്തിനോക്കി. ജനതാദള്‍ എസിന്റെ പ്രകടനപത്രിക പ്രകാശനമാണ്. ദേവെ ഗൗഡ വന്നില്ല. കുമാരസ്വാമി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു. 

ജന്മനാടായ സിരഗനഹള്ളിയില്‍ ചെന്നപ്പോള്‍ ദേവെ ഗൗഡയെ തൊട്ടറിഞ്ഞു. ബസവണ്ണ ക്ഷേത്രത്തില്‍ ആചരിക്കുന്ന അയിത്തം പഴയ പ്രധാനമന്ത്രിയുടെ പ്രൗഢിക്കുമപ്പുറം, അദ്ദേഹം വിരലാല്‍ തൊട്ട് പ്രതിജ്ഞയെടുത്ത ഭരണഘടനയുടെ തോല്‍വിയായതും കണ്ടു.

ഇക്കുറി ദേവെ ഗൗഡയ്ക്ക് പ്രചാരണത്തിരക്ക് കുറവായിരുന്നു. മായാവതിക്കൊപ്പം നിന്ന റാലിയായിരുന്നു ആദ്യഘട്ടത്തിലേത്. പിന്നെ ചില റോഡ് ഷോകള്‍. മുന്‍ പ്രധാനമന്ത്രി പതിയെ പിന്മാറുകയായിരുന്നു. വൊക്കലിഗ വോട്ടുകളാണ്  ജനതാദള്‍ എസിന്റെ ശക്തി. സോഷ്യലിസ്റ്റ് പതാക ജാതിക്കോട്ടയിലേക്ക് കൂട്ടിക്കെട്ടിയപ്പോള്‍ ചോര്‍ന്നു പോയത് വിപ്ലവമാണ്. ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പില്‍ സോഷ്യലിസത്തിന്റെ വൊക്കലിഗ വ്യാഖ്യാനത്തില്‍ പിഴവുകള്‍ ഒരുപാടായിരുന്നു.

ഉദാഹരണത്തിന് ആത്മഹത്യ ചെയ്ത ഡിവൈ.എസ്.പി. കല്ലപ്പ ഹാന്‍ഡിബാഗിന്റെ ഭാര്യയെ പറ്റി കുമാരസ്വാമി പറഞ്ഞ കാര്യങ്ങള്‍. ബംഗലുരുവിലെ ചുവന്ന തെരുവിലേക്ക് അവര്‍ എറിയപ്പെടുമായിരുന്നു എന്ന പരാമര്‍ശത്തോടെ കുറുബ സമുദായത്തില്‍നിന്ന് മാത്രമല്ല എല്ലായിടത്തുനിന്നും രോഷം കുമാരസ്വാമിക്ക് എതിരേ തിരിഞ്ഞു. മണ്ഡ്യയില്‍ പോലും വോട്ടു ചോദിച്ചെത്തിയ ജെ.ഡി.എസ്. സ്ഥാനാര്‍ത്ഥി തടഞ്ഞുവയ്ക്കപ്പെട്ടു.

വൊക്കലിഗ വോട്ടുകള്‍ ഇക്കുറി മറ്റാര്‍ക്കുമില്ലെന്ന പ്രഖ്യാപനവും സമാനത നിറഞ്ഞതായി. മതേതര പാര്‍ട്ടിയുടെ ജാതീയഗര്‍വ്വുകളാല്‍ പ്രചാരണം കൊഴുത്തു. അതിനിടെ മോദി എത്തി. ദേവെ ഗൗഡയെ ഗംഭീരമായി ആദരിച്ചു. കോണ്‍ഗ്രസ് ദേവെ ഗൗഡയെ ബഹുമാനിച്ചതിനേക്കാള്‍ വണങ്ങിയത് ബി.ജെ.പിയാണെന്ന മോദിയുടെ വാക്കുകള്‍ ആദ്യം ജെ.ഡി.എസിനെ സുഖിപ്പിച്ചു. ദേവെ ഗൗഡ പോലും അതില്‍ അഭിരമിച്ചതും കന്നഡ നാട് കണ്ടു. അതിലെ അപകടം അവര്‍ മനസ്സിലാക്കിയത് തെല്ലു വൈകിയാണ്. 

മറുവശത്ത് സിദ്ധരാമയ്യ രാഷ്ട്രീയമായി പഴയ നേതാവിനെ ആക്രമിച്ച് വശം കെടുത്തുകയായിരുന്നു. മോദിയും ദേവെ ഗൗഡയുമായുള്ള സഖ്യത്തിന് വേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്ന സിദ്ധരാമയ്യയുടെ വാക്കുകള്‍ക്ക് അനുയായികളുണ്ടായി. പ്രത്യേകിച്ചും ന്യൂനപക്ഷ മേഖലകളില്‍. കോണ്‍ഗ്രസ്സിനും ജെ.ഡി.എസിനുമിടയില്‍ ചിതറിക്കിടന്ന മുസ്ലീം വോട്ടര്‍മാര്‍ കറ്റയേന്തിയ കര്‍ഷകസ്ത്രീയെ ഉപേക്ഷിച്ച് കൈപ്പത്തിയെ വരിക്കുമോ എന്ന് ആശങ്ക വന്നു. 

അപ്പോഴാണ് ദേവെ ഗൗഡ വീണ്ടും ഇറങ്ങിയത്. ബി.ജെ.പിയോട് സഖ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വാക്കുകള്‍ക്ക് വിശ്വാസ്യത കുറവായിരുന്നു. ബി.ജെ.പിയുമായി സഖ്യം ചെയ്താല്‍ കുമാരസ്വാമിയെ വീട്ടിന് പുറത്താക്കുമെന്ന് പണ്ട് പ്രതിജ്ഞയെടുത്ത് പിന്നീട് സമരസപ്പെട്ടത് നാടിന് ഓര്‍മ്മയുണ്ടായിരുന്നു.

സമാപന റാലിക്കിടെ കുമാരസ്വാമി പറഞ്ഞു: ഇത് നിലനില്‍പിനുള്ള തിരഞ്ഞെടുപ്പ്. എന്നെ ജീവനോടെ കാണാന്‍ ഇത്തവണ ജയിപ്പിക്കണം.
മൈസൂരുവിലെ വാര്‍ത്താസമ്മേളനത്തില്‍ ദേവെ ഗൗഡ പറഞ്ഞു: 120 സീറ്റുകളെങ്കിലും ജെ.ഡി.എസ് ജയിക്കും. സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോല്‍ക്കും. ബി.ജെ.പി. നിലം തൊടില്ല. കര്‍ഷകര്‍ക്ക് മറ്റ് പ്രതീക്ഷകളില്ല. കുമാരസ്വാമി എല്ലാ മേഖലകളിലും മേല്‍ക്കൈ നേടും.
 
പിതാവിന്റെ വിശ്വാസത്തിനപ്പുറം ഉറപ്പുള്ളതല്ല വാക്കുകള്‍. ദേവെ ഗൗഡയും മക്കളും എന്ന നിലയിലേക്ക് കന്നഡ നാട്ടില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മാറുന്നു. പടയാളികളേക്കാള്‍ എതിരാളികള്‍ നിറഞ്ഞ പ്രസ്ഥാനം പരമമായ നിദ്രയിലേക്ക് പടികയറുന്നു. 

ലോഹ്യയുടെ ശിഷ്യനായ രാമകൃഷ്ണ ഹെഗ്‌ഡേയില്‍നിന്ന്  കടുഹിന്ദുത്വത്തിന്റെ വക്താവായ അനന്ത കുമാര്‍ ഹെഗ്‌ഡേയിലേക്ക് നീങ്ങുകയാണ് കര്‍ണാടകം. ആഗോളവല്‍ക്കരണത്തിന്റെ പിന്നാലെ സോഷ്യലിസത്തിന്റെ പേരുമായി മുന്‍ പ്രധാനമന്ത്രിയായ പിതാവും നിസ്സഹായം അത് കാണുന്നുണ്ട്. കാലം മാറുകയാണ്. ഒട്ടും കാല്‍പനികമല്ലാതെ. ഇല കൊഴിയുന്ന കാലത്തെ ഇഴ പിരിച്ചെടുക്കാനുള്ള പെടാപ്പാടിലാണ് ദേവെ ഗൗഡ.

ഉയരാനിരിക്കുന്ന ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രാഹുല്‍

ആരവങ്ങളുടെ ഉച്ചസ്ഥായിയില്‍ മോദി