ര്‍ഷങ്ങള്‍ക്കു മുമ്പാണ്. 
മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള അനുയായിയുടെ വീട്ടില്‍ കെ.എന്‍. ഗോവിന്ദാചാര്യയെ കാണാന്‍ ചെന്നു. 
പാര്‍ട്ടിയില്‍നിന്നു പുറത്തുവന്ന ശേഷം സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു സംഘപരിവാറിന്റെ ആശയാചാര്യന്‍. 
മോദിയുടെ വളര്‍ച്ചയും എതിരാളികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചര്‍ച്ചയായി. അന്നേരം ഗോവിന്ദാചാര്യ പറഞ്ഞു:
'നോക്കൂ, രാഹുലിന് എന്തോ പ്രശ്നമുണ്ട്. അയാളുടെ കണ്ണുകളില്‍ കാണുന്നില്ലേ.ഒന്നിലും സൂക്ഷിച്ചുനോക്കാന്‍ രാഹുലിനാവില്ല. ആത്മവിശ്വാസമില്ലായ്മ മാത്രമല്ല അയാളുടെ പ്രശ്നം. ഏകാഗ്രത ഇല്ലായ്മ കൂടിയാണ്. ഏകാഗ്രമാകാന്‍ കഴിയാത്തവിധത്തില്‍ അയാള്‍ എന്തിന്റെയൊക്കെയോ തടവുകാരനാണ്.'

അമേഠിയിലും റായ്ബറേലിയിലും പോയാല്‍ നെഹ്റു കുടുംബത്തോട് അത്ര ബഹുമാനമൊന്നും തോന്നില്ല. യു.പിയില്‍ മേംപുരിയില്‍ മുലായം സിംഗ് യാദവ് നടത്തിയ വികസനത്തിന്റെ പകുതിയിലെത്താന്‍ ഇനിയും ഒരുപാട് മുന്നേറണം ഈ മണ്ഡലങ്ങള്‍. കിലോമീറ്ററുകളോളം ഇരുണ്ടുകിടക്കുന്ന വൈദ്യുതിരഹിത ഗ്രാമങ്ങള്‍, ദയനീയമുഖങ്ങള്‍, പതിവ് ഉത്തരേന്ത്യന്‍ കാഴ്ചകള്‍. 

അമേഠിയില്‍ 2009-ലെ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ എത്തി. സോണിയ ഗാന്ധിയും പ്രിയങ്കയും ഒപ്പം. പ്രിയങ്കയ്ക്കായിരുന്നു ആര്‍പ്പുവിളി കൂടുതല്‍. രാഹുല്‍ മാധ്യമങ്ങളോട് അധികമൊന്നും സംസാരിച്ചില്ല. രാഹുല്‍ പൂമാലകള്‍ എറിഞ്ഞ്, ഷാളുകള്‍ കൈമാറി. പിന്നീട് എം.പിയായ ശേഷമുള്ള രാഹുലിന്റെ പ്രസംഗങ്ങളും കുടുംബവാഴ്ച കൊണ്ടു മാത്രം രാജകുമാരനായ ശരാശരിക്കും താഴെയുള്ള രാഷ്ട്രീയ നേതാവിന്റെ ഭാവങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

മറുവശത്ത് മോദിയുടെ ആരോഹണം. സര്‍വശക്തനായി അദ്ദേഹം വന്നപ്പോള്‍ രാഹുല്‍ പപ്പു എന്ന വിളിപ്പേരിനാല്‍ വിമര്‍ശിക്കപ്പെട്ടു. ഒന്നിനും കൊള്ളാത്തവന്‍. അതിനിടെ വി.എസ്്. അച്യുതാനന്ദനുമായി കോര്‍ത്ത് അമുല്‍ ബേബി എന്ന വിളിപ്പേരു കൂടി നേടി രാഹുല്‍ ഇളിഭ്യനായി. 

സുതാര്യമല്ലാത്ത ശൈലിയായിരുന്നു പൊതു സമൂഹത്തെ സംബന്ധിച്ചേടത്തോളം രാഹുലിന്റേത്. രാജകുമാരന്റെ  സവാരികള്‍, പരിഹസിക്കപ്പെട്ട പ്രയോഗങ്ങള്‍, പോരാട്ടവീര്യത്തേക്കാള്‍ ആലസ്യത്തിന് പ്രാമുഖ്യം നല്‍കുന്ന സുഖലോലുപന്റെ ചിഹ്നങ്ങള്‍, ബച്ചന്‍ കാലത്തെ ബോളിവുഡ് ചിത്രങ്ങളിലെപ്പോലുള്ള രോഷാകുലനായ ചെറുപ്പക്കാരന്റൈ  ഓര്‍മ്മിപ്പിക്കലുകള്‍. വിവാദമായ വിദേശയാത്രകള്‍.

വിദര്‍ഭയിലെ കലാവതിയെക്കുറിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ പറഞ്ഞത് കേട്ടപ്പോള്‍ കൗതുകം നിറഞ്ഞു. ആണവക്കരാറിന്റെ  ചര്‍ച്ചയില്‍ ഊര്‍ജോല്‍പാദനത്തിന്റെ അനിവാര്യത പറയാന്‍ കലാവതിയിടെ വീട്ടില്‍ ചെലവിട്ട രാത്രിയെ രാഹുല്‍ പറഞ്ഞു.
പിന്നീട് വിദര്‍ഭയില്‍വച്ച് കലാവതിയെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു.

'രാഹുലുമായി സംസാരിച്ചില്ല. എങ്ങനെ സംസാരിക്കാന്‍? അദ്ദേഹം പറഞ്ഞതൊന്നും എനിക്ക്  മനസ്സിലായില്ല. മറാഠിയല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ഞങ്ങളെന്തു ചെയ്യും. അവര്‍ ഭക്ഷണവുമായി വന്നു. രാത്രി ചെലവിട്ടു. തിരിച്ചു പോയി. കുറെയധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.' 

പിന്നീട് കലാവതിക്ക് കിട്ടിയ സൗജന്യങ്ങളെ ചൊല്ലി ആ കുടുംബം തന്നെ വഴക്കിട്ട് ഛിന്നഭിന്നമായെന്നത് മറ്റൊരു കഥ.
മോദി അധികാരമേറ്റ ശേഷവും രാഹുലിന്റെ കാര്യങ്ങളില്‍ മാറ്റം കണ്ടില്ല. ചിതറിത്തകര്‍ന്ന തറവാട്ടില്‍ നിന്ന് പഴമ്പുരാണത്തിന്റെ ഓര്‍മ്മകളില്‍ കൈവീശി നടക്കുന്ന, തൊഴിലില്ലാത്ത, എംടി നായകനെ പോലെ രാഹുല്‍ നീങ്ങി.
കരിമ്പൂച്ചകളാല്‍ വളയം ചെയ്യപ്പെട്ട ബാല്യത്തില്‍ കുതൂഹലങ്ങള്‍ക്ക് തീര്‍ച്ചയായും രാഹുലിന് ഇടം കിട്ടിയിരിക്കില്ല. കിനാവുകള്‍ പോലും യാഥാര്‍ത്ഥ്യമാക്കാനുള്ള സംവിധാനം ചുറ്റുമുള്ളപ്പോള്‍ രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടാതെ പോയതില്‍ അതിശയിക്കേണ്ടതില്ല. മാത്രവുമല്ല മാര്‍ഷല്‍ ടിറ്റോയ്ക്ക് കൈകൊടുത്തു വളര്‍ന്ന ഇന്ദിര ഗാന്ധിയുടെ ബാല്യം ഇനിയാര്‍ക്കും സാധ്യമാവില്ലല്ലോ.

അങ്ങനെ 2017-ല്‍ ഗുജറാത്ത് ഇലക്ഷന്‍ വന്നു. അവിടെ കാര്യങ്ങള്‍ മാറി. സോമനാഥ ക്ഷേത്രത്തിന് പുറത്തെത്തിയ രാഹുല്‍ പഴയ നേതാവായിരുന്നില്ല. കണ്ണുകളില്‍ തിളക്കം. കൗതുകങ്ങള്‍ നിലപാടുകളിലേക്ക് മാറുന്നതു കാണായി. മാന്യത വിടാതെ മറുപടി. രാഹുല്‍ ജാഗരൂകനാവുകയായിരുന്നു. റാലികളില്‍ ഒപ്പം പോയപ്പോള്‍ രാഹുലിന്റെ കൃത്രിമത്വമില്ലാത്ത ചുവടുകള്‍ കണ്ടു. ഒരു ഘട്ടത്തില്‍ ഗുജറാത്തില്‍ രാഹുല്‍ മോദിയെ മറികടന്നു. അഥവാ അന്നേരം മോദി രാഹുലിനെ ഗൗനിച്ചിരുന്നതേയില്ല. കൈവശഭൂമി അന്യാധീനപ്പെടുന്നതിന്റെ അങ്കലാപ്പില്‍ തന്നെയാണ് ഗുജറാത്തിന്റെ രണ്ടാം ഘട്ടത്തില്‍ മോദി ആഞ്ഞടിച്ചത്. അതിനെ മറികടക്കാനുള്ള പരിചയസമ്പന്നത രാഹുലിന് ഇല്ലായിരുന്നു. എന്നാല്‍ ഇതാദ്യമായി രാഹുല്‍ പ്രതീക്ഷകളുടെ വില്‍പനക്കാരനായി. 

കര്‍ണാടകം രാഹുലിന് തുടര്‍ച്ചയാണ്. ഗുജറാത്തില്‍നിന്നുള്ള തുടര്‍ച്ച. പതറുന്നില്ലെന്നതാണ് കര്‍ണാടകത്തില്‍ രാഹുലിന്റെ  സവിശേഷത. ആകാശസവാരി കഴിഞ്ഞ് വേദിക്കരികെ പറന്നിറങ്ങുന്ന മോദിയേക്കാള്‍ പലയിടത്തും രാഹുല്‍ പ്രിയങ്കരനായി. വഴിയോരത്തെ ചായക്കടകള്‍. ജനങ്ങളിലേക്കുള്ള ഹസ്തദാനങ്ങള്‍. മുമ്പില്ലാത്ത ചുവടുവയ്പുകള്‍. അധികാരം മോദിക്ക്  അസാധ്യമാക്കുന്നതെല്ലാം ചെയ്യാനുള്ള മെയ്‌വഴക്കം കാണിക്കുന്നു രാഹുല്‍. 

പതിനഞ്ച് മിനിറ്റ് കടലാസു നോക്കാതെ പ്രസംഗിക്കാന്‍ രാഹുലിനെ മോദി വെല്ലുവിളിച്ചു. ഒരു മണിക്കൂര്‍ തികച്ചും പറയാന്‍ പ്രാപ്തനായെന്ന് രാഹുല്‍ തെളിയിച്ചു. പരദൂഷണത്തിലേക്ക് പലായനം ചെയ്തു മോദി. പ്രധാനമന്ത്രി സ്ഥാനത്തെ വിമര്‍ശിക്കാതെ മോദിയെ വിമര്‍ശിച്ചപ്പോഴും രാഹുലിന് താളം തെറ്റിയില്ല. പ്രചാരണം തീരുംമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനം എല്ലാം ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. 

'മോദി എന്നെ വിമര്‍ശിക്കുന്നത് വിഷയം മാറ്റാനാണ്.  എനിക്കെതിരേ ക്രോധം ചൊരിയുന്നത് അദ്ദേഹത്തിന്റെ ഉള്ളില്‍ ക്രോധം നിറഞ്ഞതിനാലാണ്. അത് എന്നോട് മാത്രമല്ല, എല്ലാത്തിനോടുമുണ്ട്. ബുദ്ധന്‍ പറഞ്ഞതു പോലെ എന്നെ ഉദ്ദേശിക്കുന്ന ക്രോധം ഞാന്‍ സ്വീകരിച്ചിച്ചില്ലെങ്കില്‍ അതും തിരികെയെത്തുന്നു.' 

ഇറ്റലിയില്‍ പിറന്ന സോണിയ മറ്റ് പലരേക്കാളും ഇന്ത്യനാണെന്ന് രാഹുല്‍ പറയുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകളുണ്ട്. അതിലേറെ വിമര്‍ശനങ്ങളില്‍ താളം പിഴയ്ക്കാതെ മുന്നോട്ട് പോകാനാവുമെന്ന പ്രഖ്യാപനമുണ്ട്. ബുദ്ധനെ ഉദ്ധരിക്കുന്ന രാഹുല്‍ ഗാന്ധിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതീക്ഷിക്കാനാവുമായിരുന്നില്ല. 

കോണ്‍ഗ്രസ് മിക്കവാറും സംസ്ഥാനങ്ങളില്‍ രാഹുലിനു മുമ്പേ വിത്തു കുത്തിത്തിന്നു കഴിഞ്ഞു. ആ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കണമെന്ന വലിയ ഉത്തരവാദിത്തം ബാക്കിയുണ്ട്. അതിലേറെ മോദി പകര്‍ന്ന പ്രതീക്ഷാഭംഗങ്ങളില്‍ കഴിയുന്നവരെ ഒപ്പം കൂട്ടണം. കന്നഡനാട്ടിലെ തിരഞ്ഞെടുപ്പിന് കാര്യങ്ങള്‍ സുഗമമാക്കാനും ദുര്‍ഗമമാക്കാനും കഴിയും. അതെന്തുമാകട്ടെ, രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ പിന്‍പറ്റാന്‍ ഒരു ലക്ഷ്യമുണ്ട്. 

ആരവങ്ങളുടെ ഉച്ചസ്ഥായിയില്‍ മോദി

കാലം കഴിയുന്നു, ഉറക്കം പൂണ്ട് ദേവെ ഗൗഡ