രേന്ദ്ര മോദിയുടെ റാലികള്‍ കാഴ്ചയാണ്. സിനിമ തുടങ്ങും മുമ്പ് ഇന്ദിര ഗാന്ധിയുടെ പഴയ ന്യൂസ് റീല്‍ ദൃശ്യങ്ങള്‍ കണ്ട ഓര്‍മ്മയുള്ളവര്‍ക്ക് തീര്‍ച്ചയായും അതു മനസ്സിലാവും. ഏറ്റവും താരത്തിളക്കമുള്ള നേതാവ്. തിരഞ്ഞെടുപ്പില്‍ ഏറ്റവുമേറെ ആളെ കൂട്ടുന്ന ക്യാംപെയ്നര്‍.

മുമ്പെങ്ങുമില്ലാത്തത്ര ശക്തമാണ് കര്‍ണാടകത്തില്‍ ഇത്തവണ പ്രചാരണം. ബംഗലുരുവില്‍ ഇപ്പോള്‍ സാധാരണ പണിക്ക് ആളെക്കിട്ടാത്ത അവസ്ഥയുണ്ട്. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ആളെ ഇറക്കുന്നുണ്ട്. ഓരോ ദിവസവും റാലിക്ക് പോയാല്‍ ആയിരം രൂപ തികച്ച് കിട്ടും. ആണുങ്ങള്‍ക്ക് മദ്യവും. ആളെക്കണ്ട് യോഗത്തിന്റെ പൊലിപ്പ് പ്രതീക്ഷിക്കേണ്ടെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാലും പറയാതെ വയ്യ. റാലികളില്‍ ജനവികാരം ഇളക്കിവിടുന്നതില്‍ നരേന്ദ്ര മോദിയെ പോലെ മറ്റൊരാളില്ല.  ബംഗാര്‍പേട്ടിലെ മോദിയുടെ റാലിയിലും സ്ഥിതി ഭിന്നമല്ല. കര്‍ണാടകത്തില്‍ പാര്‍ട്ടിയെ തുണയ്ക്കാന്‍ മറ്റൊരാളില്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയുന്നു. യെദ്യൂരപ്പയെ ഒപ്പം നിര്‍ത്തുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിനെ ഇഴ കീറി പൊളിച്ചടുക്കുന്നു.

വെടിക്കെട്ട് എന്നാണ് ഇംഗ്ലീഷ് ചാനലുകള്‍ മോദി പ്രസംഗത്തെ വിശേഷിപ്പിക്കുന്നത്. എന്നിട്ടും സന്ദേഹങ്ങള്‍ തീരുന്നില്ല. മുമ്പില്ലാത്തവണ്ണം പ്രധാനമന്ത്രി പ്രസംഗത്തിന്റെ എണ്ണം കൂട്ടുന്നു. പുതിയ ജനക്കൂട്ടങ്ങള്‍ തിങ്ങിനിറയുന്നു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അടുത്തുനിന്നു കണ്ടിട്ടുണ്ട് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തൊട്ടേ. എതിരാളികളെ തച്ചു തകര്‍ക്കുന്നതാണ് ആ പ്രസംഗശൈലി. തനിക്ക് പറയാനുള്ളത് നിസ്സംശയം പറയുന്നതാണ് മോദിത്വം. എതിരാളികള്‍ക്ക് അജണ്ട നിശ്ചയിച്ചിട്ടേയുള്ളൂ മോദി. സ്വന്തം ഗ്രൗണ്ടിലേക്ക് കളിക്കാന്‍ വിളിച്ച് എതിരാളികളെ കുഴക്കിവീഴ്ത്തുന്ന തന്ത്രം. 

ഗുജറാത്തില്‍ പണ്ട് വിമത എംഎല്‍എമാരെ ഒതുക്കിയപ്പോള്‍ അത് കണ്ടിട്ടുണ്ട്. ഗോര്‍ഡന്‍ സദാഫിയ അടക്കമുള്ളവര്‍ വളരെ വേഗം നിഷ്പ്രഭരായി. കേശുഭായി പട്ടേലിനെ നിസ്തേജനാക്കിയ മോദി. ഉയരത്തിലേക്കുള്ള യാത്രയില്‍ സാക്ഷാല്‍ അദ്വാനിയെ നിലംപരിശാക്കിയ മോദി. പക്ഷെ, കര്‍ണാടകത്തില്‍ എത്തുമ്പോള്‍ വിസ്മയിപ്പിക്കുന്ന ആ ശൈലിക്ക് മാറ്റം വരുന്നു.

ബംഗാര്‍പേട്ടില്‍ മോദി ചോദിക്കുന്നു: ഒരു കോണ്‍ഗ്രസ് നേതാവ് പകലന്തിയോളം പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് നടക്കുന്നു. അതും അടുത്ത തിരഞ്ഞെടുപ്പ് നടക്കും മുമ്പേ. ഇത് അഹങ്കാരമാണ്. ജനാധിപത്യത്തോടുള്ള വെ്ല്ലുവിളിയാണ്.

രാഹുല്‍ ഗാന്ധിക്ക് മറുപടി പറയുകയാണ് മോദി. ഇത് മുമ്പില്ലാത്തതാണ്. മോദി ചോദ്യം ചോദിച്ചിട്ടേയുള്ളൂ. മറുപടി പറയാറില്ല. മോദി മറുപടി പറയണമെന്ന് രാഹുല്‍ ആവര്‍ത്തിക്കുമ്പോഴും മിണ്ടാതിരിക്കുന്ന മോദിശൈലിയാണ് മാറുന്നത്. 

എന്തെന്നാല്‍ ഇനിയും രാഹുലിനെ അവഗണിക്കാനാവില്ലെന്ന് മോദി തിരിച്ചറിയുന്നു. വീരപ്പ മൊയ്ലി എഴുതിയ പുസ്തകങ്ങളെ പറ്റി മൊയ്‌ലിയും കോണ്‍ഗ്രസ്സും മറന്നു പോയിട്ടുണ്ടാവും. എന്നാല്‍ മോദി ഓര്‍ക്കുന്നു. കോണ്‍ഗ്രസ് ഡീലര്‍മാരുടെ പാര്‍ട്ടിയാണെന്നും പണം കൊടുത്ത് ടിക്കറ്റ് വാങ്ങാവുന്ന പാര്‍ട്ടിയാണെന്നുമുള്ള വാക്കുകള്‍ മോദി എടുത്തു പറയുന്നു. അംബേദ്കറെ മോദി ഓര്‍ക്കുന്നത് കുറേക്കൂടി കൗതുകകരമായാണ്. മല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാതെ ദളിതരെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ വഞ്ചിച്ചു. ജഗ്ജീവന്‍ റാമിനെ വഞ്ചിച്ചു.  കുടുംബവാഴ്ചയാണ് കോണ്‍ഗ്രസില്‍. എന്നാല്‍ അംബേദ്കര്‍ ഉണ്ടായതു കൊണ്ട് മാത്രമാണ് ദരിദ്രയായ അമ്മയുടെ മകനായ താന്‍ പ്രധാനമന്ത്രിയായതെന്ന് മോദി പറയുന്നു.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മോദിയുടെ പ്രചാരണത്തിന് മാറ്റം വരികയാണ്. വേദിയിലും സദസ്സിലും. മുമ്പൊക്കെ വേദിയില്‍ പൊട്ടിത്തെറിക്കുന്ന മോദി ഇപ്പോള്‍ കൂടുതല്‍ സൗമ്യനാവുന്നു. സദസ്സില്‍ തീവ്രവികാരങ്ങള്‍ക്ക് കുറവുണ്ടാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ഇത് കണ്ടു. ഇപ്പോള്‍ കര്‍ണാടകത്തിലും കാണുന്നു. പഴയ ആവേശമില്ല അണികളില്‍. ഇരമ്പിയാര്‍ക്കുന്ന പ്രവര്‍ത്തകരുണ്ട്. പരിഹാസങ്ങളില്‍ ആര്‍ത്തലയ്ക്കുന്നവര്‍. മോദി മോദി മോദി വിളികള്‍ ചെകിടടപ്പിക്കുന്നുണ്ട്. 

പഴയ ഭേരികള്‍ പുതിയ ആരവങ്ങളില്‍ കാണുന്നില്ല. അപ്പോഴും നിസ്സംശയം പറയാം. എല്ലാ സംസ്ഥാനങ്ങളിലും ഇതേ ആരവം ഇതേ ഉച്ചസ്ഥായിയില്‍ ഉയര്‍ത്തുന്ന നേതാവ് നരേന്ദ്ര മോദി മാത്രമാണ്. ഒപ്പമെത്താന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയും സഞ്ചരിക്കാനുണ്ട് ഒരുപാട് ദൂരം. 

ഓഫീസിലെത്തുമ്പോള്‍ ചിക്കമഗുരുവിലെ റാലിയില്‍ മോദി വിളിക്കുന്ന കന്നഡ മുദ്രാവാക്യം  ആരത്തിരമ്പുന്നുണ്ട്
സര്‍ക്കാരാ ബദ്ലിസി
ബിജെപി ഗല്ലിസി

ഉയരാനിരിക്കുന്ന ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രാഹുല്‍

കാലം കഴിയുന്നു, ഉറക്കം പൂണ്ട് ദേവെ ഗൗഡ