''കോഫീ വാ ചായാം കിം ഇച്ഛാതി ഭവാന്‍?'' 
ഇങ്ങനെ ചോദിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്നും ലോകത്ത്. 
മൃതഭാഷയായ സംസ്‌കൃതം മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ കുറേയാളുകള്‍ ബുദ്ധിമുട്ടുന്ന നാട്. 
ഷിമോഗയിലെ മത്തൂര്‍. ഒരേയൊരു സംസ്‌കൃത ഗ്രാമം.

കര്‍ണാടക തിരഞ്ഞെടുപ്പ് മത്തൂരില്‍ എങ്ങനെ എന്ന് ചോദിച്ചാല്‍ താളാത്മക സംസ്‌കൃതത്തില്‍ പറയും ശ്രീനിധി അവധാനി: 'മഹാഭാരത യുദ്ധത്തില്‍ വിരാടകുമാരന് എന്ത് കാര്യം. വിധി നിശ്ചയിക്കുന്ന ഭഗവാന്മാര്‍ കളത്തിലുണ്ടല്ലോ.'' 
 
സങ്കേതി ബ്രാഹ്‌മണരുടെ ഗ്രാമമാണ് മത്തൂര്‍. തുംഗ നദിക്കരയില്‍. പടുകൂറ്റന്‍ അരയാലിന്റെ ചുവട്ടിലെത്തുമ്പോഴേ,  പ്രാചീനമെന്ന് തോന്നിപ്പിക്കുന്ന വേഷം ധരിച്ച ബ്രാഹ്‌മണരെ കാണാം. സംസ്‌കൃതം അറിയാമോ എന്ന് ആരാഞ്ഞു ആല്‍ത്തറയില്‍ ഇരുന്ന അനന്തശയനം അയ്യങ്കാര്‍. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രസന്നഭാവം തെല്ല് കുറഞ്ഞു. കേട്ടാല്‍ മനസ്സിലാകുമെന്ന് പറഞ്ഞതോടെ ഒപ്പം വന്നു. ഗ്രാമത്തിന് നടുവില്‍ ക്ഷേത്രമുണ്ട്. ആവിടെ ആരോട് ചോദിച്ചാലും കാര്യങ്ങള്‍ പറഞ്ഞു തരുമെന്ന് അദ്ദേഹം പറഞ്ഞു.

പൂര്‍വാഹ്നത്തില്‍ തന്നെ മത്തൂര്‍ ചുട്ടുപഴുത്തു. ഗ്രാമവീഥിയിലൂടെ ശുഭ്രവേഷധാരികളായ കുട്ടികളും കാവിയുടുത്ത ആചാര്യന്മാരും ആരേയും ഗൗനിക്കാതെ നടന്നു. അവിടവിടെ അലഞ്ഞു തിരിയുന്ന പശുക്കള്‍. സിമന്റിടാത്ത പുറം തിണ്ണകള്‍ ചാണകം മെഴുകിയിരിക്കുന്നു. ചതുരവടിവുള്ള അഗ്രഹാരം. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  ചെങ്കോട്ടയില്‍നിന്ന് കുടിയേറിയവരാണ് സംങ്കേതി ബ്രാഹ്‌മണര്‍. തമിഴും കന്നഡയും തെലുങ്കും സംസ്‌കൃതവും തെല്ല് മലയാളവും കലര്‍ന്ന സങ്കേതി ഭാഷയാണ് ഇവിടെ പൊതു വ്യവഹാര ഭാഷ. പാഠശാലയില്‍ സംസ്‌കൃതം. പാഠശാലയില്‍നിന്ന് അഗ്രഹാരത്തിലെ വീട്ടകങ്ങളിലും സംസ്‌കൃതം പടര്‍ത്തുകയാണ് സംസ്‌കൃതഭാരതി.

mattur

ശ്രദ്ധാപൂര്‍വമുള്ള ഈ പരിശ്രമം തുടങ്ങിയിട്ട് നാലു പതിറ്റാണ്ടേ ആയിട്ടേയുള്ളൂ. 2010 ല്‍ ലോക സങ്കേതി സമ്മേളനം മത്തൂരില്‍ നടത്തി. തുംഗ തീരത്ത് നാലഞ്ചു ഗ്രാമങ്ങള്‍. കാവേരി തീരത്ത് ഇരുപത്തിയഞ്ചോളം ഗ്രാമങ്ങള്‍. സങ്കേതി ബ്രാഹ്‌മണരുടെ സംഖ്യ മുപ്പതിനായിരത്തില്‍ താഴെ വരുമെന്ന് ശ്രീനിധി അവധാനി പറഞ്ഞു. സംസ്‌കൃത ഭാരതിയുടെ മുന്‍ കാര്യകര്‍ത്താവാണ് ശ്രീനിധി. ഒപ്പം പറഞ്ഞു.''അവധാനി എന്നാല്‍ കേട്ട് തെറ്റാതെ ഓര്‍ത്ത് പറയാന്‍ ശേഷിയുള്ള ആള്‍. എന്നെക്കൊണ്ടത് ആവില്ല. അതിനാല്‍ ശ്രീനിധി എന്ന് മാത്രമേ പറയാറുള്ളൂ.''

സങ്കേതിയാണ് മത്തൂരിലെ പൊതുവ്യവഹാരഭാഷ. എല്ലാ ഭാഷകളുടേയും കലര്‍പ്പ്. ചരിത്രകാരന്‍ ഡോ. കേശവന്‍ വെളുത്താട്ട് നിരീക്ഷിക്കുന്നു. 'കന്നഡയില്‍നിന്ന് ഭിന്നമാണ് സങ്കേതി. ഉദാഹരണത്തിന് പേരുകളില്‍ പോലും രാമചന്ദ്രന്‍ കാണാം. കന്നഡത്തില്‍ അത് രാമചന്ദ്ര എന്നേ ആകാറുള്ളൂ. സങ്കേതികള്‍ മലയാളപാരമ്പര്യവും പറയാറുണ്ട്. നാലഞ്ചു നൂറ്റാണ്ടു മുമ്പ് കേരളത്തില്‍നിന്ന് പോയതാണെങ്കില്‍ അന്നത്തെ മലയാളത്തിന്റെ സ്വഭാവം ഒരു പക്ഷേ ഇതുപോലുള്ള വാക്കുകള്‍ കൂടി ചേര്‍ന്നതാവണം. എന്തായാലും എല്ലാ ഭാഷകളുടേയും സ്വാധീനം സങ്കേതിയിലുണ്ട്.'' 

രാവിലെ എണീറ്റ് പശുവിനെ തീറ്റി തുടങ്ങുന്നതാണ് ദിനചര്യ. നാലഞ്ചു ക്ഷേത്രങ്ങളുണ്ട് മത്തൂര്‍ ഗ്രാമത്തില്‍. ശിവനും വിഷ്ണുവിനുമൊപ്പം ദേവിക്കും ഇടമുണ്ട് അമ്പലങ്ങളില്‍. ശൈവരെന്ന്  പറയുമ്പോള്‍ തന്നെ ഇത്തരമൊരു ആരാധനാ പാരമ്പര്യം കേരളത്തില്‍നിന്ന് കിട്ടിയതാവണം. എന്നാലും മാധ്വാചാര്യനും വിശിഷ്ടാദ്വെതകാരനും ഇല്ലാത്ത പ്രാധാന്യം വീടുകളില്‍ ശങ്കരനുണ്ട്.

''സംസ്‌കൃതം പഠിച്ചിട്ടെന്ത് കാര്യം ഇപ്പോഴത്തെ കാലത്ത്?' 

ശ്രീനിധി  പറഞ്ഞു. ''സംസ്‌കൃതം മാത്രമല്ല കുട്ടികള്‍ പഠിക്കുന്നത്. മറ്റെല്ലാ ഭാഷകളും പഠിക്കുന്നുണ്ട്. എന്നാല്‍ ഇംഗ്ലീഷ് അടക്കം പഠിക്കാന്‍ സംസ്‌കൃതം കുട്ടികളെ സഹായിക്കുന്നു എന്നതാണ് പ്രധാനം. അധ്യയനം ചെയ്യുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. വേദഗണിതം പഠിപ്പിക്കുണ്ട് ഇവിടെ. ചെറിയ കുട്ടികള്‍ക്ക് വലിയ കണക്കുകള്‍ എളുപ്പം തീര്‍ക്കാന്‍ കഴിയും. കുട്ടികളുടെ വകസനത്തിന് സംസ്‌കൃതത്തെ ഉപയോഗിക്കുകയാണ്. ഈ കന്നഡഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ കോര്‍പറേറ്റ് കമ്പനികളില്‍ വരെ ജോലി ചെയ്യുന്നത് ഇവിടെനിന്ന് മാത്രമാണ്.''

അപ്പോള്‍ രാഘവേന്ദ്ര വന്നു. കേരളത്തില്‍നിന്ന്  ചാനലുകാരാണെന്ന് ശ്രീനിധിയില്‍നിന്ന് സംസ്‌കൃതം ഒഴുകി. സ്വര്‍ണക്കടുക്കന്‍, രുദ്രാക്ഷം കെട്ടിയ മാല. മുണ്ടും മേല്‍മുണ്ടും. നെറ്റിയില്‍ തിലകം. ശ്രീനിധി  പറഞ്ഞു. 'കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇപ്പോള്‍ നിര്‍ത്തി. പിഎച്ഡി ചെയ്യുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും കന്നഡത്തിലും പോസ്റ്റ് ഗ്രാജ്വേറ്റാണ്. നന്നായി പാടും.'' 

രാഘവേന്ദ്രയുടെ റിസര്‍ച്ച് വിഷയം എന്തെന്ന് ചോദിച്ചു.
''മനുവിന്റേയും യാജ്ഞവല്‍ക്യന്റേയും  കാലത്തെ സാമ്പത്തിക നിയമവ്യവഹാരങ്ങള്‍. മനുവിനെ പറ്റി നിങ്ങളെല്ലാം തെറ്റിദ്ധരിച്ചിരിക്കുകയാണ്. മനുവിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുന്നതാണ്. വിവരമില്ലാത്ത പണ്ഡിതര്‍ വ്യാഖ്യാനിച്ച് മനുവിന്റെ തെറ്റുകാരനാക്കി.'

അദ്ദേഹം ഞങ്ങള്‍ക്കായി സ്മൃതികള്‍ ചൊല്ലി. ഈണമിട്ട് സംസ്‌കൃതശ്ലോകങ്ങള്‍. പിന്നെ ആവശ്യപ്പെട്ടപ്പോള്‍ ചില രാമായണ ശ്ലോകങ്ങളും. 

അപ്പോള്‍ ചോദിച്ചു. ''നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും.?''

മറുപടി സംസ്‌കൃതത്തില്‍ തന്നെ വന്നു. 'രാജനീതി ക്ഷേത്രത്തിലെ സര്‍വജനങ്ങളും വിവിധ ഭാവങ്ങളുടെ പ്രതിനിധികളും ഇവിടെ വരും. വോട്ട് ചോദിച്ചും അനുഗ്രഹം തേടിയും. ഞങ്ങള്‍ ആരേയും നിരാശരാക്കില്ല. എന്നാലും ഈ ഗ്രാമം ബിജെപിക്കൊപ്പമാണ്.'' 

ആ പഴയ റേഡിയോക്കാലത്ത് നമ്മളെല്ലാം ആകാശവാണിയില്‍ കേട്ടിട്ടുണ്ട്. ''ഇയം ആകാശവാണി, സംപ്രതി വാര്‍ത്താഃ ശ്രുയന്താം പ്രവാചകഃ ബലദേവാനന്ദ സാഗരാഃ''  

പുഴയിലേക്ക് ഇറങ്ങി കുട്ടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ പാഠശാലയുണ്ട്. തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു. 
''ഇതി വാര്‍ത്താഃ.''