ണര്‍ന്ന പകല്‍ നീണ്ടത് ഉറക്കമറ്റ രാത്രിയിലേക്കാണ്.. പുലരുമ്പോള്‍ ആദ്യം ചിരിക്കുന്നത് യെദ്യൂരപ്പയാണ്. ഇനി സത്യപ്രതിജ്ഞ.

രാത്രി 7. 56 ന് ബിജെപി വക്താവ് എസ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു. രാവിലെ 9.30ന് സത്യപ്രതിജ്ഞ. രാജ്ഭവനില്‍. 8.5 ന് രാജ്ഭവന്‍ ഇക്കാര്യം സ്ഥിരീകരിച്ചെന്ന് കര്‍ണാടക ബിജെപി വ്യക്തമാക്കി. തൊട്ടു പിന്നാലെ പി ചിദംബരവും കപില്‍ സിബലും ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി. ഗവര്‍ണര്‍ വാജുഭായ് വാല ഭരണഘടനയെ അട്ടിമറിക്കുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു ഈ പത്രസമ്മേളനം

എട്ടേ മുക്കാലോടെ സുരേഷ് കുമാര്‍ ട്വീറ്റ് പിന്‍വലിച്ചു. വൈകാതെ ബിജെപി ട്വീറ്റും പിന്‍വലിക്കപ്പെട്ടു.  രാജ്ഭവന്‍ വൃത്തങ്ങള്‍ ഫോണ്‍ എടുക്കാതായി.  രാത്രി 9.25ന് രാജ്ഭവനില്‍ നിന്ന് മറുപടി കിട്ടി. ഏതാനും മിനിറ്റുകള്‍ കൂടി കാത്തിരിക്കുക. അതിനും മുമ്പേ മുളീധര്‍ റാവു വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ബിജെപി അറിയിച്ചിരുന്നു.

മുരളീധര്‍ റാവുവിനൊപ്പം ഗവര്‍ണറുടെ കത്തു തന്നെ പുറത്തു വന്നു. രാവിലെ 9ന് സത്യ പ്രതിജ്ഞ. യെദ്യൂരപ്പ ഡോളേഴ്സിലെ വീട്ടിന് പുറത്തെത്തി കൈവീശി അഭിവാദ്യം ചെയ്തു. നാടകങ്ങള്‍ തുടങ്ങാനിരുന്നതേയുള്ളൂ.

രാത്രി കോണ്‍ഗ്രസ്  സുപ്രീം കോടതിയെ സമീപിച്ചു. ആദ്യം കോടതി  തയ്യാറായില്ല. ബാരിക്കേഡുകള്‍ മാറ്റി രജിസ്ട്രാറിലേക്കും ദീപക് മിശ്രയിലേക്കും. പന്ത്രണ്ടോടെ കോടതി കേസ് കേള്‍ക്കാന്‍ തയ്യാറായി. ജസ്റ്റിസുമാരായ സിക്രി അശോക് ഭൂഷണ്‍, ബോബ്ഡെ എന്നിവരടങ്ങുന്നതായിരുന്നു ബെഞ്ച്. ആറാം നമ്പര്‍ കോടതിയിലേക്ക് രാജ്യം ഉറ്റുനോക്കി. ഒന്നേ മുക്കാലിന് കേസെടുത്തു. ഓരോ മിനിറ്റുകളും ബംഗളുരു കണ്‍ ചിമ്മാതെ കാത്തു നിന്നു.
 സത്യ പ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നും അതിന് തയ്യാറല്ലെങ്കില്‍  ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി 15 ദിവസമെന്നത് കുറയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഭിഷേക് മനു സിംഗ്വി കോണ്‍ഗ്രസിനായി വാദിച്ചു. ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി 

നടന്നതെല്ലാം വാശിയേറിയ നിയമയുദ്ധങ്ങളാണ്. കോടതിയും അഭിഭാഷകരും പലവട്ടം ക്ഷുഭിതരായി.
സമയം രണ്ടര. ഗോവയില്‍ കൈക്കൊണ്ട തീരുമാനം കര്‍ണാടകത്തില്‍ മാറ്റരുതെന്ന് സിംഗ്വി. എസ് ആര്‍ ബൊമ്മൈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ആ വാദം. സത്യപ്രതിജ്ഞ കഴിഞ്ഞല്ല കോടതി ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേവലഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു ദിവസം പോലും വേണ്ടാത്ത കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെ മാറ്റി ബിജെപിക്ക് 14 ദിവസം സമയം നല്‍കുന്നത് അനീതിയാണെന്ന് സിംഗ്വി. 

സമയം 2.40- ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെന്ന  യാഥാര്‍ത്ഥ്യം മറക്കരുതെന്ന് ജസ്റ്റിസ് സിക്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. സുസ്ഥിര സര്‍ക്കാര്‍ എന്നതിനാവണം ഗവര്‍ണര്‍ മുന്‍കയ്യെടുക്കേണ്ടതെന്നും ഗവര്‍ണറുടെ മുന്നിലെ രേഖകള്‍ കാണാതെ തീര്‍പ്പാക്കുന്നതെങ്ങനെയെന്നും കോടതി. 

നാലരയോടെ കോടതി കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കി. ഗവര്‍ണറുടെ ഭരണഘടനാപരമായ പദവി ചോദ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.  വിളിച്ചു വരുത്താനാവാത്ത സ്ഥാപനത്തിന്റെ തീരുമാനം പിന്നീട് വേണമെങ്കില്‍ റദ്ദാക്കാം. പക്ഷേ സത്യപ്രതിജ്ഞ തടയാനാവില്ല. സത്യ പ്രതിജ്ഞ നടന്നാലും രണ്ടു ദിവസം കഴിഞ്ഞ തീരുമാനം പറഞ്ഞാല്‍ അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളാമെന്നും കോടതി. 

ഒടുവില്‍ അഞ്ചേമുക്കാലോടെ കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ഗവര്‍ണര്‍ പറഞ്ഞ പോലെ നടക്കും. കേസ് നാളെ രാവിലെ പത്തരയ്ക്ക് വീണ്ടും കേള്‍ക്കും. യെദ്യൂരപ്പക്ക് നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കണം. ഗവര്‍ണറുടെ വിവേചനാധികാരത്തെ മാനിക്കുന്നു. പക്ഷേ അംഗസംഖ്യ ഇല്ലാത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമെന്തെന്ന് പരിശോധിക്കണം. 

ബെംഗളുരു നഗരത്തിലും നേരം നന്നായി വെളുത്തുകഴിഞ്ഞു. ഒമ്പതിനാണ് സത്യ പ്രതിജ്ഞ. രാജ്ഭവനില്‍ നിന്നിറങ്ങിയാല്‍ സുപ്രീം കോടതിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി പറയണം. നോട്ടീസിനു മറുപടി പറയും മുമ്പേ രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം സത്യ പ്രതിജ്ഞയെന്നാണ് കോടതിത്തിരക്കു തുടങ്ങും മുമ്പുള്ള യാമങ്ങളില്‍ ബിജെപി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.  

ജ്യോത്സ്യന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയ സമയം 12. 20 എന്നാണ് ആദ്യം പറഞ്ഞു കേട്ടത്. പുതിയ നേരം ആരുടെ സമയം എന്ന് വീണ്ടും ഗണിച്ചുനോക്കണം. 

വലിയ രാഷ്ട്രീയ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി തന്നെയാണ്. സ്വന്തം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടും വിശ്വാസം പോരാതെ കോടതിയെ സമീപിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. തള്ളക്കോഴി കുഞ്ഞിനെയെന്നോണം റിസോര്‍ട്ടില്‍ സൂക്ഷിക്കുന്ന എംഎല്‍എക്കുഞ്ഞുങ്ങളില്‍ യെദ്യൂരപ്പയുടെ ചാരന്മാരുണ്ടോ എന്ന് ചുഴിഞ്ഞു നോക്കേണ്ടി വരുന്നത് രാഷ്ട്രീയമായ ദുരന്തവുമാണ്. 

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുകയാണ്. പഴയ സിനിമയില്‍ പറഞ്ഞ പോലെ തലയ്ക്ക് മീതേ തീരാത്ത ഭാരവുമായി റാംജി റാവുവിന്റെ വണ്ടി യാത്ര തുടരുകയാണ്. 

content highlights: Karnataka election 2018, Governor's decision in Supremecourt, midnight trial