ഇന്നലെ രാവിലെ കോണ്‍ഗ്രസ് രാജ്യത്ത് അപ്രസക്തമായെന്നായിരുന്നു ചര്‍ച്ച. ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് സമര്‍ത്ഥമായ  രാഷ്ട്രീയ നീക്കത്തിലൂടെ ജെഡിഎസുമായി സോണിയാ ഗാന്ധി സഖ്യമുണ്ടാക്കിയത്. ബിജെപി അമ്പരന്നു നിന്നു. ദല്‍ഹിയിലേക്ക് അമിത് ഷായേയും മോദിയേയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ ടിക്കറ്റെടുത്ത യെദ്യൂരപ്പ ഗവര്‍ണറുടെ വിളിക്കായി കാത്തു നിന്നു. കുമാരസ്വാമി പിന്തുണക്കത്തുകളുമായി രാജ്ഭവനിലെത്തി. കര്‍ണാടകവിധിയുടെ ആദ്യനാളില്‍ ജനവിധിയില്‍ പിന്നിലായിട്ടും രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട്  കോണ്‍ഗ്രസ് മേല്‍ക്കൈ നിലനിര്‍ത്തി.

രണ്ടാം പകല്‍ കൂടുതല്‍ നാടകീയമാവുകയാണ്. തുടക്കത്തിലേ തിരിച്ചടിക്കുകയാണ് ബിജെപി. ഭരണം വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. ആദ്യം സ്വതന്ത്ര എംഎല്‍എ ശങ്കറുമായി കെ എസ് ഈശ്വരപ്പ യെദ്യൂരപ്പയുടെ വീട്ടിലെത്തി. പിന്നാലെ ജെഡിഎസ് എംഎല്‍എമാരെ സമീപിക്കാന്‍ പ്രകാശ് ജാവദേക്കറുടെ നീക്കം. തുടര്‍ന്ന് അനന്ത് കുമാറിന്റെ പരിഹാസം: 'തോല്‍വി അംഗീകരിക്കാന്‍  സോണിയയും രാഹുലും തയ്യാറാവണം. ഗുലാം നബിയും സിദ്ധരാമയ്യയും ജനവിധി  അംഗീകരിക്കണം. ബിജെപിക്ക് ഒപ്പമാണ് ജനവിധി. പിന്‍വാതിലിലൂടെ അധികാരം പിടിക്കുന്നത് മാന്യതയല്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ്' 

പിന്നാലെ പ്രകാശ് ജാവദേക്കറുടെ പരിഹാസം: 'ബിജെപിയുടെ ബി ടീമെന്ന് പരിഹസിച്ച ജെഡിഎസ് കോണ്‍ഗ്രസിന് പ്രിയങ്കരരാവുന്നത് അധികാരക്കൊതികൊണ്ടു മാത്രം. 'ജനതാ ദള്‍ സംഘപരിവാര്‍' എത്ര വേഗം സെക്കുലറാവുന്നു ദേവഗൗഡയെ പരിഹസിച്ചത് മറക്കരുത്...' 

രാവിലെ തന്നെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു. ഒട്ടും വൈകാതെ അദ്ദേഹം ഗവര്‍ണറെ കണ്ടു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍.

മറുവശത്ത് രാവിലെ എട്ടരയ്ക്കാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നിശ്ചയിച്ചത്. എംഎല്‍എമാര്‍ ഓരോരുത്തരായി വന്നു തുടങ്ങി. പന്ത്രണ്ടരയായിട്ടും മുഴുവനാളുകളും വന്നില്ല. 73 പേര്‍ എത്തി. പഴയ ബിജെപി ക്കാരായ നാഗേന്ദ്ര, ആനന്ദ് സിംഗ് മെയ്തി, രാജേശഖര്‍ പാട്ടീല്‍ തുടങ്ങിയവരുടെ അഭാവം ശ്രദ്ധേയമായി. മുഴുവന്‍ പേരുടേയും ഒപ്പുവാങ്ങി ചര്‍ച്ചകള്‍ നിര്‍ത്തി.

kumaraswamy

പിന്നാലെ  ജെഡിഎസ് എത്തി. ബിജെപിക്ക് എതിരെ തിരിച്ചടിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു:'നൂറു കോടിയും മന്ത്രി സ്ഥാനവുമാണ് ബിജെപി ഞങ്ങളുടെ എംഎല്‍മാര്‍ക്കു വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഭരണം പിടിക്കാനുള്ള തിരക്കിലാണ് ബിജെപി. ഭീഷണിയും ബ്ലാക്ക് മെയിലും എല്ലാമുണ്ട്. എന്നാല്‍ അവര്‍ ഒരാളെ പിടിച്ചാല്‍ ഞങ്ങള്‍ രണ്ടാളെ  തിരിച്ചു പിടിക്കും. മുഴുവന്‍ എംഎല്‍എമാരോടും സംസാരിച്ചിട്ടുണ്ട്. ആരും കൂറുമാറില്ല. തിരക്കില്ല. പക്ഷേ ഞങ്ങള്‍ ഭരിക്കും. ഭരിക്കാന്‍ താല്‍പര്യമുണ്ടായിട്ടല്ല. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടിയാണ്. മതേതര വോട്ടുകള്‍ ഭിന്നിച്ചില്ലെങ്കില്‍ ബിജെപി തകര്‍ന്നു പോയേനെ..' 

ഗവര്‍ണറിലേക്കാണ് എല്ലാ കണ്ണുകളും. വാജുബായ് വാല പണ്ട് മോദിക്ക് വേണ്ടി രാജ്‌കോട്ട് വെസ്റ്റ് ഒഴിഞ്ഞു കൊടുത്തു ശ്രദ്ധേയനായ നേതാവാണ്. എന്നാല്‍ അതിലേറെ ഒരു കണക്കു തീര്‍ക്കാനുണ്ട് വാലയ്ക്ക് ദേവഗൗഡയോട്. പണ്ട് ഗുജറാത്തില്‍ വാജുബായ് വാല ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോള്‍ ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്നു. അന്ന് ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ കെഎന്‍ സിംഗിനെ ഉപയോഗിച്ച് ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിച്ചില്ല കേന്ദ്രം. എന്തായാലും കുമാരസ്വാമിയേയും കൂടി കണ്ട് ഉചിതമായ തീരുമാനമെന്നാണ് രാജ്ഭവന്റെ നിലപാട്.

Shivkumar

അതേ സമയം ദേവഗൗഡയ്ക്ക് ഒരു മധുരപ്രതികാരവും ആസ്വദിക്കാനായി. പണ്ട് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കാന്‍ പിന്തുണ പിന്‍വലിച്ചതു കോണ്‍ഗ്രസ് ആയിരുന്നു. ആ കോണ്‍ഗ്രസ്സ് ബിജെപിയെ അകറ്റി നിര്‍ത്താന്‍ വീട്ടില്‍ വന്നു പിന്തുണ പ്രഖ്യാപിച്ചു! 

കുതിരക്കച്ചവടം എന്ന് ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്ന മണിക്കൂറുകളാണ് കടന്നു പോകുന്നത്. ബംഗളൂരുവിലെ രാജ്ഭവന്‍ പണിത ആഗാ അലി അസ്‌കര്‍ ഒരു കുതിരക്കച്ചവടക്കാരനായിരുന്നു എന്നത് ഇപ്പോള്‍ ഓര്‍മിക്കാവുന്നതാണ്. കുതിരകളൊക്കെ എന്ത്, എംഎല്‍മാര്‍ക്ക് വൈരത്തിനേക്കാള്‍ വിലയാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍...  

Content Highlight: Karnataka Drama continues, JDS, Congress, BJP