യു.എസിലെ ഡെന്‍വറിലുള്ള സ്ഥാപനമാണ് ക്യു വിന്‍ക്‌സ് ടെക്‌നോളജീസ്. സ്ഥാപകനും സി.ഇ.ഒയും ആയിരുന്ന ദര്‍ശന്‍ പുട്ടണ്ണയ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഡിസ്‌റപ്റ്റീവ് ടെക്‌നോളജീസ് ഏന്‍ഡ് ഇന്നവേഷന്‍സ് കൈകാര്യം ചെയ്യുന്ന സ്ഥാപനം. മുപ്പത്തിയാറാം വയസ്സില്‍ ഏതൊരിന്ത്യക്കാരനും സ്വപ്നം കാണുന്ന ഉയരം. നല്ല നിലയില്‍ നടക്കുന്ന സ്ഥാപനം. യു.എസ്. വീസയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഇന്ത്യക്കാര്‍ വരി നില്‍ക്കുന്നു എന്ന് നമ്മുടെ അല്‍ഫോണ്‍സ് കണ്ണന്താനം വിലപിച്ച അതേസമയത്ത് ദര്‍ശന്‍ ക്യു വിന്‍ക്‌സ് ഉപേക്ഷിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ മേലുകോട്ട  നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ദര്‍ശന്‍ പുട്ടണ്ണയ്യ. 

സിനിമാതാരങ്ങള്‍ പുതുമയല്ല കര്‍ണാടകത്തില്‍. അംബരീഷും സൗന്ദര്യയും രംഭയും തൊട്ട് ഇപ്പോള്‍ അമൂല്യ വരെ രംഗത്തുണ്ട്. എന്നാല്‍ ഏതു സിനിമാതാരത്തേയും വെല്ലുംവിധത്തിലാണ് ദര്‍ശന്റെ രംഗപ്രവേശം. ഗ്രാമീണ പരിസരമുള്ള ചലച്ചിത്രത്തിലേക്ക് കടന്നെത്തുന്ന നായകനെ ഓര്‍മ്മിപ്പിക്കും വിധം ദര്‍ശന്‍ വരുന്നു. വളരെ വേഗത്തില്‍ നാട്ടുകാരിലൊരാളായി മാറുന്നു. 

അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല ദര്‍ശന്. എന്തെന്നാല്‍ കെ.എസ്. പുട്ടണ്ണയ്യയുടെ മകനാണ് ദര്‍ശന്‍. മേലുകോട്ടയിലെ മുന്‍ എം.എല്‍.എയുടെ മകന്‍. കര്‍ണാടക നിയമസഭയില്‍ പുട്ടണ്ണയ്യ പ്രസംഗിക്കാന്‍ എണീറ്റാല്‍ ബഹളം നിര്‍ത്തി എല്ലാവരും പ്രസംഗം കേള്‍ക്കുന്ന പതിുണ്ടായിരുന്നു. ലളിതമായും സരസമായും അതീവഗൗരവതരമായ കാര്യങ്ങളും അവഗാഹത്തോടെ കൈകാര്യം ചെയ്യാനുള്ള പുട്ടണ്ണയ്യയുടെ കഴിവ് എതിരാളികള്‍ എന്നും അംഗീകരിച്ചിരുന്നു.

ഉദാഹരണത്തിന് കാവേരി തര്‍ക്കം. തമിഴ്‌നാടുമായുള്ള തര്‍ക്കം തീര്‍ക്കാനുള്ള സമിതിയെ നയിക്കാന്‍ സഭ തിരഞ്ഞെടുത്തത് പുട്ടണ്ണയ്യയെയാണ്. മണ്ഡയിലെ മദൂരില്‍നിന്നുള്ള ജയലളിതയെ പുട്ടണ്ണ വിളിച്ചത് നമ്മുടെ മകള്‍ എന്നാണ്. ചര്‍ച്ചകളെ പോസിറ്റീവാക്കാന്‍ പലപ്പോഴും പുട്ടണ്ണയ്യയുടെ സമീപനം വഴിയൊരുക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു കബഡി മത്സരം കാണുന്നതിനിടെ പുട്ടണ്ണയ്യ കുഴഞ്ഞു വീണു മരിച്ചു. അങ്ങനെയാണ് ദര്‍ശന്‍ ഇന്ത്യയില്‍ വന്നത്. അച്ഛന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ കഴിയും മുമ്പേ തീരുമാനിച്ചു. ഇനി തിരിച്ചുപോക്കില്ല. ഈ ജനസാഗരം സാക്ഷി.

വഴിയോരങ്ങളില്‍, നാല്‍ക്കവലകളില്‍, അന്തിച്ചന്തകളില്‍ ദര്‍ശന് അപരിചിതരല്ല ആരും. കുട്ടിക്കാലം തൊട്ടേ അച്ഛനെ അറിയുന്ന നാടിന് ദര്‍ശനും സ്വീകാര്യനാവുന്നു. ദര്‍ശനൊപ്പം പ്രചാരണത്തിന് കര്‍ണാടക രാജ്യ റെയ്ത്താ സംഘത്തിന്റെ സ്ഥാപകനായിരുന്ന നഞ്ചുണ്ടസ്വാമിയുടെ മകന്‍ പച്ചയുണ്ട്. പ്രസംഗിക്കാന്‍ ചുക്കി നഞ്ചുണ്ട സ്വാമി എത്തുന്നു.
ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതകളാണ്  ദര്‍ശന്‍ മുന്നോട്ട് വയ്ക്കുന്നത്. വെള്ളത്തിനും മണ്ണിനും വായുവിനും വേണ്ടിയാണ് ഇനിയുള്ള കാലത്ത് രാഷ്ട്രീയമെന്ന് ദര്‍ശന്‍. 

darsan

''കുടിവെള്ളം കിട്ടാത്ത നാടുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകന് ആശ്വാസം രാഷ്ട്രീയക്കാരുടെ കണ്ണീര്‍ സന്ദര്‍ശനമല്ല. അഭിമാനത്തോടെ ജീവിക്കാന്‍ കര്‍ഷകന് കഴിയണം. അതിനുള്ള പരിസരം ഒരുക്കണം. ജൈവകൃഷി തിരിച്ചെത്തണം. നശിക്കുന്ന മണ്ണിനെ ഫലഭൂയിഷ്ടമാക്കണം. അതിനപ്പുറം മാത്രമേ വരുന്നുള്ളൂ മറ്റുകാര്യങ്ങള്‍.'' 

ഭരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ ഇതിന് കാരണമാവുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ ദര്‍ശന്‍ തുടര്‍ന്നു. ''എത്രകാലം നമുക്ക് പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകാനാവും. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷക ആത്മഹത്യക്ക് വഴിയൊരുക്കുന്നുണ്ട്. പക്ഷേ മുമ്പത്തെ സക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വേഗം കൂട്ടുക മാത്രമാണ് ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. കര്‍ഷകര്‍ നട്ടെല്ലുയര്‍ത്തുന്ന നാളു വരും. അന്ന് ഇപ്പോള്‍ നടക്കുന്ന ഒത്തുകളികള്‍ രാഷ്ട്രീയക്കാര്‍ക്ക്  അവസാനിപ്പിക്കേണ്ടി വരും. നോട്ട് നിരോധനം പോലുളള പദ്ധതികള്‍ പ്രഖ്യാപിക്കുേം മുമ്പ് ഭരിക്കുന്നവര്‍ക്ക് കര്‍ശകന്റെ മുഖത്തെ ഓര്‍ക്കേണ്ടി വരും.''

പത്തുറുപ്പികയ്ക്ക് കിട്ടാവുന്ന പാകത്തില്‍ പച്ചക്കറികള്‍ ഒതുക്കിയൊരുക്കിവച്ചിട്ടുണ്ട് നാട്ടുചന്തയില്‍. അതിനിടയിലൂടെ ദര്‍ശന്‍ നടക്കുന്നു. ആര്‍ക്കും ശല്യമാകാതെ. എല്ലാവരേയും കണ്ടുകൊണ്ട്. ഗ്രാമങ്ങളിലൂടെ, കുടിലുകളിലൂടെ, കടന്നു പോകുന്ന കാര്‍ യാത്രക്കാര്‍ പരിചിതഭാവത്തില്‍ നിര്‍ത്തുമ്പോള്‍ കൈവീശിയും കുശലം പറഞ്ഞും നടക്കുകയാണ് ഈ ഐടി വിദഗ്ധന്‍.  കമ്പോളത്തിന്റെ പ്രലോഭനങ്ങള്‍ അനുനിമിഷം ആക്രമിക്കുന്ന ഇന്ത്യനവസ്ഥയില്‍ പുതിയ സോഫ്റ്റ് വെയര്‍ പ്രയോഗിക്കുകയാണ് ദര്‍ശന്‍ പുട്ടണ്ണയ്യ.