ഹാസനിലേക്കുള്ള വഴിയിലാണ് കാവേരിയിലെ പാലം. പാലം കടന്നാല്‍ വഴിവക്കില്‍ ചക്ക വെട്ടിനിരത്തിവച്ചിട്ടുണ്ട്. ചുളയൊന്നിന് ഒരു രൂപ. വിവിധ സ്വാദില്‍ ചക്കകള്‍. കക്കിരിക്കയും കരിക്കും വില്‍ക്കുന്ന കുട്ടികള്‍. കാവേരിതടത്തിലെ പാടം പിന്നിട്ടാല്‍ ഭൂമി വരളുന്നു. ഹാസനയിലെത്തും മുമ്പേ ഹേമാവതി നദിക്കരയില്‍ എച്ച്.ഡി. രേവണ്ണയുടെ വീട്. വീണ്ടും മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാല്‍ ഹരദനഹള്ളി. എച്ച്.ഡി. ദേവെ ഗൗഡ ജനിച്ച നാട്. മുക്കാല്‍ കിലോമീറ്റര്‍ കൂടി പോയാല്‍ സിഗരനഹള്ളി.

പോകുമ്പോള്‍ മാവിനക്കരെ കുന്നുകള്‍ കാണാം. കുന്നിന്‍മുകളില്‍ കാറ്റാടികള്‍. ദേവെ ഗൗഡ പ്രധാനമന്ത്രിയായ കാലത്ത് സ്ഥാപിച്ചവ. താറിട്ട നിരത്തില്‍ ചോളം ഉണക്കുന്ന ഗ്രാമീണര്‍. മുത്താറി ചേറ്റുന്ന സ്ത്രീകള്‍. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍. 

റാഗിമുദ്ദയാണ് ദേവെ ഗൗഡയ്ക്ക് പ്രിയപ്പെട്ട ആഹാരം. ചേറ്റിയെടുക്കുന്ന റാഗി പൊടിച്ചുണ്ടാക്കുന്ന കൊഴുക്കട്ട. കര്‍ണാടകത്തില്‍ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവ് പ്രധാനമന്ത്രി ആയ കാലത്ത് റാഗിമുദ്ദയ്ക്കും വിലയേറി.
വൊക്കലിഗ ഗ്രാമങ്ങളാണ് ഹരദനഹള്ളിയും സിഗരനഹള്ളിയും. മഹാഭൂരിപക്ഷവും വൊക്കലിഗര്‍. കുറച്ച് ദളിതരും ഏതാനും മറ്റ് വിഭാഗങ്ങളും വരുന്ന പതിവ് കന്നഡത്തെരുവുകള്‍. 

Basava 02
സിഗരനഹള്ളി ക്ഷേത്രം

മൂന്നാണ്ട് മുമ്പത്തെ നമ്മുടെ ഓണക്കാലം. അന്ന് ഈ ഗ്രാമങ്ങള്‍. പൊട്ടിത്തെറിച്ചു. സിഗരനഹള്ളിയിലെ ബസവേശ്വരന്റെ അമ്പലത്തില്‍ ദളിതര്‍ കയറി. ബസവണ്ണ അയിത്തമായി. പന്ത്രണ്ടാം നൂറ്റാണ്ടാണ് ബസവണ്ണയുടെ കാലം. പൗരോഹിത്യത്തിനെതിരേ പടപൊരുതിയ ആചാര്യന്‍. അനാചാരങ്ങളെ തിരസ്‌കരിച്ചവന്‍. മനുഷ്യനെ കണ്ടെത്തിയ ആത്മീയാന്വേഷകന്‍. കേരളം ശ്രീനാരായണ ഗുരുവിനോട് ചെയ്തത് കര്‍ണാടകം ബസവേശ്വരനോടും ചെയ്തു. മുക്കിന് മുക്കിന് അദ്ദേഹത്തിന്റെ പ്രതിഷ്ഠകള്‍. 

സിഗരനഹള്ളിയിലെ സര്‍ക്കാര്‍ കമ്മ്യൂണിറ്റി സെന്ററിന് അക്കാലം വൊക്കലിഗ കമ്മ്യൂണിറ്റി സെന്റര്‍ എന്നാണ് പേര്.. വനിതാ സ്വാശ്രയ സംഘങ്ങളില്‍ പക്ഷെ ദളിത് സ്ത്രീകളെക്കൂടി പണിക്കെടുത്തു. അതിന്റെ യോഗങ്ങള്‍ വൊക്കലിഗ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കാറുമുണ്ട്. അരയാല്‍ത്തറയിലെ അമ്പലത്തോട് ചേര്‍ന്ന് തന്നെയാണ് ദളിത് വീടുകളും. അങ്ങനെയുള്ളൊരു ശ്രാവണസന്ധ്യ. യോഗം കഴിഞ്ഞ് പുറത്തു വന്ന സ്ത്രീകളൊക്കെ അമ്പലത്തില്‍ കയറി. കൂട്ടത്തില്‍ ദളിത് സ്ത്രീകളും. വൊക്കലിഗര്‍ ക്ഷുഭിതരായി.

ഗ്രാമത്തില്‍ ദളിതര്‍ക്ക് വ്യാപകമായി മര്‍ദ്ദനമേറ്റു. പോലീസ് എത്തി. മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുടെ നാട്. എം.എല്‍.എയായി അദ്ദേഹത്തിന്റെ മകനുള്ള നാട്. പോലീസ് ദളിതര്‍ക്ക് എതിരായിരുന്നു. കാലം മാറിയെന്ന് നേതാക്കള്‍ വൈകാതെ അറിഞ്ഞു. ദളിത് ഹക്കുഗള സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രപ്രവേശനം നടത്താന്‍ തീരുമാനിച്ചു. അമ്പലത്തിനടുത്ത് അംബേദ്കറുടെ ചിത്രം വച്ചു. വൊക്കലിഗര്‍ എതിര്‍ത്തു. സംഘര്‍ഷത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരിക്കേറ്റു. 

ദളിതര്‍ പിന്മാറിയില്ല.  അമ്പലത്തില്‍ കടക്കുന്നതിലെ അയിത്തം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അവര്‍ തീര്‍ച്ചയാക്കി. ഹക്കുഗള സമിതി നേതാവ് പ്രത്ഥ്വി ഓര്‍ക്കുന്നു. ''ആരെതിര്‍ത്താലും അവകാശം സ്ഥാപിക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയാക്കി. മരിച്ചു പൊയ്‌ക്കോട്ടെ,  മനുഷ്യരായി മരിക്കാം എന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. ദേവെ ഗൗഡ അടക്കമുള്ളവരുടെ എതിര്‍പ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അധികാരത്തിനെതിരേ നിവര്‍ന്നു നിന്നില്ലെങ്കില്‍ പട്ടിയെപ്പോലെ ചവിട്ടിത്തേയ്ക്കുമെന്ന് ബോധ്യപ്പെട്ട ദിവസങ്ങള്‍.'' 

Basava 03
രേവണ്ണയുടെ വീട്

അങ്ങനെ ദളിതര്‍ അമ്പലത്തില്‍ കയറിത്തുടങ്ങി. പതിയെ സംഘര്‍ഷം നിലച്ചു. സിഗരനഹള്ളിയിലെ ബസവണ്ണ ദളിതന്റെ കരച്ചിലും കേട്ടു. ആദ്യമായി തൊട്ടടുത്തു നിന്ന്. പുറത്ത് പക്ഷേ സ്ഥിതി മാറി. വൊക്കലിഗ പ്രമാണിമാര്‍ ആല്‍ത്തറ വരെ മാത്രമായി വരവ്. അവര്‍ ദൈവത്തെ കയ്യൊഴിഞ്ഞു. അമ്പലത്തിലേക്ക് ആരും പ്രവേശിക്കാതായി. അവര്‍ക്കായി വിളിപ്പാടകലെ ഹരദനഹള്ളിയില്‍ സ്വന്തം അമ്പലമൊരുങ്ങി. ദേവേശ്വര ക്ഷേത്ര സമുച്ചയം. പ്രധാന ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രതാപം കാണിക്കുന്ന  ഉപമന്ദിരങ്ങള്‍. വിശാലമായ പൂമുറ്റം. കല്ലു പാകിയ നടപ്പാതകള്‍.

ദേവെ ഗൗഡ. അര നൂറ്റാണ്ടിലേറെയായി അദ്ദേഹം രാഷ്ട്രീയത്തില്‍. 11 മാസം ഭരിച്ച രാജ്യത്തിന്റെ പതിനൊന്നാമത്തെ പ്രധാനമന്ത്രി. പിന്നാക്ക വിഭാഗമായതിനാല്‍ ഉത്തരേന്ത്യന്‍ സവര്‍ണലോബി കരുതിക്കൂട്ടി ആക്രമിക്കുന്നു എന്ന് അക്കാലത്ത് ഏഴാം നമ്പര്‍ റേസ് കോഴ്‌സ് റോഡില്‍ വികാരഭരിതം വിലപിച്ചത് ഈ വിലപിടിപ്പുള്ള കര്‍ഷകന്റെ മകന്‍ ബാലകൃഷ്ണയാണ്. പഴയ പോലീസ് രേഖകളിലേതു പോലെ പറഞ്ഞാല്‍ സര്‍വോപരി സോഷ്യലിസ്റ്റ്. 

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. തൊട്ടടുത്ത ഹളെക്കുട്ടെഹുണ്ടിയിലും അര്‍ക്കരെഗുഡുവിലും ദളിത് സമരങ്ങളുണ്ട്. ക്ഷേത്രപ്രവേശനത്തിനായി. അയിത്തത്തിന് എതിരേ. 

ദേവേശ്വര ക്ഷേത്രത്തില്‍ പോകുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ ദളിത് ഹക്കുഗള സമിതി  നേതാവ് കൂടിയായ പ്രത്ഥ്വി പറഞ്ഞു. ''അമ്പലത്തില്‍ കയറിയാലും ജീവിതത്തില്‍ ഒന്നും മാറുന്നില്ല.'' 

കുന്നിന്‍മുകളില്‍ കാറ്റാടികളും നിശ്ചലമാണ് . തിരിച്ചുവരുമ്പോള്‍ ഓര്‍ത്തത് ബസവേശ്വരനെപ്പറ്റിയാണ്. ആ പുകള്‍പെറ്റ ബസവവചനവും.

''ഉള്ളവരുകെട്ടും ശിവാലയങ്ങള്‍
പാവമീ ഞാനെന്തു ചെയ്യാന്‍.
ഈയുടലാകട്ടെ ക്ഷേത്രം എന്‍
കൂടലാസംഗമദേവാ
നില്‍ക്കുന്നതൊക്കെ നിപതിക്കുന്നു
നിലകൊള്ളുന്നു നീങ്ങുന്നതെല്ലാം.'' 

ഹരദനഹള്ളിയിലെ പുതിയ ദേവേശ്വര  ക്ഷേത്ര സമുച്ചയത്തോട്  ചേര്‍ന്നാണ് ദേവെ ഗൗഡ പണ്ട് പഠിച്ച സ്‌കൂള്‍. പഴയ കുട്ടികള്‍ മറന്നിരിക്കാം. എന്നാലും ഇപ്പോഴും അവിടെ പഠിപ്പിക്കുന്നുണ്ടാവണം ബസവവചനങ്ങള്‍.