ചിക്കമഗലുരുവിലേക്ക് കടക്കുമ്പോള്‍ നഗരസഭയുടെ ബോര്‍ഡു കാണാം. എല്ലായിടത്തേയും പതിവു കമാനങ്ങളില്‍നിന്ന് ചെറിയൊരു മാറ്റം. 'സ്വാഗതം, കാപ്പിയുടെ നാടായ ചിക്കമഗലുരുവിലേക്ക്'  

1600-ലാണ് ഇന്ത്യയിലേക്ക് കാപ്പി വന്നത് എന്നാണ് ചരിത്രം. കൗതുകകരമാണ് ആ കാപ്പിക്കഥ. സൂഫി സന്യാസി ബാബാ ബുഡനാണ് ഇന്ത്യയിലേക്ക് കാപ്പി കൊണ്ടു വന്നത്. ചെമ്മരിയാടുകള്‍ക്കൊപ്പം അലഞ്ഞ എത്യോപ്യന്‍ ഗോത്രങ്ങളാണ് ആദ്യമായി കാപ്പിക്കുരു ചവച്ചതും കാപ്പിയുടെ ഗുണങ്ങള്‍ അറിഞ്ഞതും എന്ന് കഥകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടെ യമനിലെ സൂഫികള്‍ കാപ്പിക്കുരു പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ച് ഇന്നത്തെപ്പോലെ ഉപയോഗിച്ച് തുടങ്ങി. കാപ്പി മറ്റിടങ്ങളിലേക്ക് കടത്തുന്നത്  അറബികള്‍ തടഞ്ഞു. കാപ്പിയുടെ രഹസ്യം അവര്‍ ഭദ്രമായി കാത്തുസൂക്ഷിച്ചു. 

അക്കാലം സൂഫിവര്യനായ ബാബാ ബുഡന്‍ ഹജ്ജിന് പോയി. യെമനിലെ മോച്ചാ തുറമുഖത്തെത്തി അദ്ദേഹം. മോച്ചയില്‍ വച്ച് ബാബ കാപ്പി കുടിച്ചു. കാപ്പിയുടെ രഹസ്യം മനസ്സിലാക്കി. ഏഴു കാപ്പിക്കുരുക്കള്‍ അദ്ദേഹം അതീവരഹസ്യമായി കടത്തിക്കൊണ്ടുപോന്നു. ചന്ദ്രാവതിക്കുന്നുകളില്‍ അങ്ങനെ കാപ്പി മുളച്ചു. അനുകൂലമായ കാലാവസ്ഥയില്‍ വൈകാതെ അതിന് വേരുപിടിച്ചു. ഡച്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ പിന്നീട് ഇന്ത്യയില്‍ കാപ്പിത്തോട്ടങ്ങള്‍ വ്യാപകമാക്കി. 

ബാബാ ബുഡനെ ഹിന്ദുക്കളും മുസ്ലീങ്ങളും ആരാധിച്ചിരുന്നു. ചിക്കമഗലുരുവില്‍ അദ്ദേഹത്തിന്റെ ദര്‍ഗയുണ്ട്. കുറച്ചുകാലം മുമ്പുവരെ കര്‍ണാടകത്തിലെ മതേതരത്വത്തിന്റെ യശസ്തംഭമായി അറിയപ്പെട്ടിരുന്നു ബുഡന്‍ ഗിരിനിരകള്‍. ഇന്ന്  ഇവിടം മതവൈരത്തിന്റെ കേന്ദ്രമാണ്. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയാണ് പ്രശ്‌നം രൂക്ഷമായത്. തെക്കേ ഇന്ത്യയിലെ അയോധ്യ എന്ന് പേരിട്ട് ദര്‍ഗയെ ദത്തക്ഷേത്രം മാത്രമാക്കാന്‍ സംഘപരിവാര്‍ നീക്കം ആരംഭിച്ചു. അതാണ് ചിക്കമഗലൂരിലെ  ബാബാ ബുഡന്‍ കുന്നുകളെ ഇന്നും കലാപകലുഷിതമാക്കുന്നത്.

അതിനുംമുമ്പേ, ചിക്കമഗലുരു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടിയന്തിരാവസ്ഥക്ക് തൊട്ടു പിന്നാലെ റായ്ബറേലിയില്‍ തോറ്റ ഇന്ദിരാഗാന്ധി 1978 ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍. അന്ന് ഇന്ദിരയ്ക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്ത ദേവെ ഗൗഡ പിന്നീട് കോണ്‍ഗ്രസ് തന്നെ വിട്ടു. അന്ന് അവസാന നിമിഷം നാടകീയമായി ഇന്ദിരക്ക് പിന്തുണ പ്രഖ്യാപിച്ച ദേവരാജ് അരശിനോട് കലഹിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചു. ചിക്കമഗലുരു ഇന്ദിരയുടെ വാട്ടര്‍ലൂ ആകുമെന്ന് ആന്റണി പ്രവചിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസ് ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചു. എന്നിട്ടും വീരേന്ദ്ര പാട്ടീലിനെ തോല്‍പിച്ച് ഇന്ദിര ഗാന്ധി രാഷ്ട്രീയ തിരിച്ചുവരവിന് നാന്ദി കുറിച്ചു.

അതേ ചിക്കമഗലുരുവില്‍നിന്നാണ് ബി.ജെ.പി. കര്‍ണാടകത്തില്‍ വളര്‍ച്ചയ്ക്കുള്ള വളം കണ്ടെടുത്തത്. അത് ബാബാ ബുഡന്‍ ഹില്‍സ് ആയിരുന്നു. തെന്നിന്ത്യയിലെ അയോധ്യ തിരിച്ചുപിടിക്കാന്‍ സംഘപരിവാര്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തു. പലവട്ടം വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ചിക്കമഗലുരുവിന് പുറമേ ഷിമോഗയിലും ഉഡുപ്പിയിലുമൊക്കെ ബി.ജെ.പി. ഇത് ആയുധമാക്കി. വര്‍ഗീയ ധ്രുവീകരണത്തിന് തന്നെ സൂഫി ദര്‍ഗ വഴിമരുന്നിട്ടു. തീരകര്‍ണാടകത്തില്‍ മതസ്പര്‍ദ്ധ തിരയടിച്ചു.

ചരിത്രപരമായി സൂഫി ആചാര്യന്‍ ദാദാ ഹയാത് മീര്‍ കലാന്ദര്‍ ജീവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഇടമാണ് ഈ കുന്നുകള്‍. ബുഡന്‍ ബാബയുടെ പേര് ചന്ദ്രഗിരിക്കുന്നുകളുടെ ഈ പ്രദേശത്തിന് ചാര്‍ത്തിക്കിട്ടിയതും അതിനാലാണ്. സയ്യദ് ഗൗസ് മൊഹിയുദ്ദീന്‍ ഷായാണ് ഇപ്പോഴത്തെ നടത്തിപ്പുകാരില്‍ പ്രധാനി. 

''ചിത്രമെടുക്കരുത്. ക്യാമറ പുറത്തുവയ്ക്കണം. ദര്‍ഗയ്ക്കുള്ളില്‍ ചിത്രീകരണം നിരോധിച്ചിരിക്കുന്നു. മൊബൈലിലും ചിത്രങ്ങള്‍ പകര്‍ത്തരുത്. തിരഞ്ഞെടുപ്പായതിനാല്‍ എന്തു പറഞ്ഞാലും വിവാദമാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞു വന്നാല്‍ നമുക്ക് സംസാരിക്കാം.'' അദ്ദേഹം പറഞ്ഞു.

അവധൂതനായ ദത്താത്രേയന്‍ ഈ ഗുഹയില്‍ തപസ്സനുഷ്ഠിച്ചെന്നാണ് ഒരു വിശ്വാസം. ഇവിടെനിന്ന് അദ്ദേഹം ഹിമാലയത്തിലേക്ക് അപ്രത്യക്ഷനായി എന്നും. ഗുഹയ്ക്കുള്ളിലെ പീഠത്തില്‍ വച്ചിട്ടുള്ള മെതിയടികള്‍ ദത്താത്രേയന്റേതെന്ന് വിശ്വാസമുണ്ട്. അത് ബുഡന്‍ ബാബയുടേതാണെന്ന് കരുതുന്നവരുമുണ്ട്. 

എന്തായാലും എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം പ്രാര്‍ത്ഥിച്ചു പോന്നതാണ് ഈ കുന്നുകള്‍. ടിപ്പു സുല്‍ത്താന്റെ ഉമ്മയും മൈസൂരിലെ വോഡയാര്‍ രാജാവും ഇവിടെ പൂജ കഴിച്ച് പ്രതിസന്ധികള്‍ പരിഹരിച്ചെന്ന് കഥകള്‍. ദത്താത്രേയനും ബുഡന്‍ ബാബയും ഒരാള്‍ തന്നെയെന്ന് വിശ്വസിക്കുന്നവരേയും കാണാം.  ഇപ്പോള്‍ ദത്താപീഠ് ബാബാ ബുഡന്‍ ഗിരി എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവച്ചിട്ടുള്ള നിരോധന  ബോര്‍ഡുകളിലെ പേര്.

എന്തായാലും തെന്നിന്ത്യയിലെ അയോധ്യ പിടിക്കാനുള്ള ശ്രമങ്ങള്‍ സംഘ പരിവാര്‍ ശക്തമാക്കിയതോടെ കഴിഞ്ഞ മൂന്നു വട്ടമായി ബിജെപിയുടെ കെ.ടി. രവിയാണ് ഇവിടെ എം.എല്‍.എ.  ദത്തജയന്തിക്കും അനസൂയ ജയന്തിക്കും വലിയ പ്രകടനങ്ങളും നിരോധനാജ്ഞകളും പതിവാണ്. തപസ്സനുഷ്ഠിച്ചത് ബുഡന്‍ ഗിരിയിലാണ് എന്നാണ് വിശ്വാസം. 
സ്റ്റാറ്റസ് ക്വോ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി നിലപാടാണ്  വലിയ ആശ്വാസമെന്ന് പറയുന്നു മതസൗഹാര്‍ദശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടന കോമു സൗഹാര്‍ദ വേദികെ. മനോഹരമായ കുന്നിനെ സംഘര്‍ഷങ്ങള്‍ സര്‍ക്കസ് കൂടാരം പോലെയാക്കിയെന്ന്  വേദികെ അംഗം കൂടിയായ ദിനേശ് പട്‌വര്‍ദ്ധന്‍.

ദൈനംദിന പ്രാര്‍ത്ഥനക്ക് എത്തിച്ചേരുന്ന മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണ്. ആത്മസംഘര്‍ഷങ്ങളില്‍ അഭയമേകിയ കുന്നുകള്‍ ഇപ്പോള്‍ രണഭൂമിയും. മതേതരകര്‍ണാടകത്തിന്റെ അഭിമാനബിംബത്തെ തകര്‍ത്തെറിഞ്ഞ മണ്ണിലാണ് വീണ്ടും തിരഞ്ഞെടുപ്പെത്തുന്നത്. കോണ്‍ഗ്രസ് അവസാന പോരാട്ടത്തിന് ഒരുങ്ങുന്നു ചിക്കമഗലുരുവില്‍. മുസ്ലീം വോട്ട് ഭിന്നിപ്പിക്കാന്‍ മഹിള എംപവര്‍മെന്റ് പാര്‍ട്ടി പോലുള്ള സംഘടനകളെ ബി.ജെ.പി. സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന് ആരോപിക്കുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഗുഹാമുഖത്തെ കല്ലില്‍ തേങ്ങയടിച്ച് വിഘ്‌നം തീര്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് വിശ്വാസികള്‍. ചിലര്‍ അതിര്‍ത്തിവേലിയില്‍ പൂട്ടുകെട്ടി തടസ്സങ്ങളെ കെട്ടിയിടുന്നു. മറ്റ്  ചിലര്‍  അതേ വേലിയില്‍ നൂലുകെട്ടുന്നു. ഇനിയും ചിലര്‍ രോഗശമനത്തിനായി  ഗുഹയ്ക്കുള്ളിലെ ചുമന്ന മണ്ണ് കൊണ്ടു പോകുന്നു. പുറത്ത് താഴെ  ബാബാ ബുഡന്‍ കൊണ്ടു വന്ന് നട്ട കാപ്പിത്തോട്ടങ്ങള്‍. തൊഴിലാളികള്‍ ദുരിതങ്ങളിലാണ്. അസംഘടിത തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ ഒരു സര്‍ക്കാരും ഇന്നോളം പരിഗണിച്ചിട്ടു പോലുമില്ല. 

ബുഡന്‍ഗിരിക്കുന്നില്‍നിന്ന് തിരിച്ചു വരുമ്പോള്‍ ചിക്കമഗലുരുവിലെ താലൂക്ക് ആസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമുള്ള പ്രകടനത്തിരക്കുകള്‍ കാണാനായി. പഞ്ചവത്സര ആഘോഷങ്ങള്‍ക്ക് പിരിമുറുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ച് ഉറ്റുനോക്കിയ അതേ ചിക്കമഗലുരു. വീണ്ടും സ്ഥാനാര്‍ത്ഥികള്‍ തയ്യാറെടുക്കുകയാണ്. സൂക്ഷിച്ചു നോക്കിയാല്‍ പഴയ വാഗ്ദാനങ്ങള്‍ പോലും അതേ പോലെ കാണാനാകും പ്രകടനപത്രികയില്‍. 

ഒപ്പം ഒന്നു കൂടി. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത്  ചിക്കമഗലുരുവിലെ സ്വാദിഷ്ടമായ കാപ്പിയില്‍ ഒരു സ്പൂണ്‍ വര്‍ഗീയത കൂടി ചേര്‍ത്തിളക്കാന്‍ ആരും മറക്കുന്നില്ല.