സാധ്യതകള്‍ നിരവധിയാണ്. കൂട്ടിക്കിഴിക്കലുകളിലാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. പണ്ട് കണക്കു ക്ലാസില്‍ ഇരുന്ന കൗതുകങ്ങള്‍ ആവര്‍ത്തിക്കുന്നു ജനവിധിത്തലേന്നത്തെ കര്‍ണാടകം. 

ജഗന്നാഥ ഭവനില്‍ കേള്‍ക്കുന്നത് 

പ്രതീക്ഷയില്‍നിന്ന് ആശങ്കയിലേക്കുള്ള പെന്‍ഡുലമാടുകയാണ് മറ്റെവിടേയും പോലെ ബിജെപി സംസ്ഥാന ഓഫീസായ ജഗന്നാഥ ഭവനില്‍. സാധ്യതകള്‍ ഒരുപാടാണ്. 

1. സിദ്ധരാമയ്യയ്ക്ക് എതിരായ വികാരം കര്‍ണാടകത്തില്‍ ഉടനീളമുണ്ട്. കര്‍ഷക ആത്മഹത്യകളും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസ്സില്‍നിന്ന് ഗ്രാമങ്ങളെ അകറ്റിയിരിക്കുന്നു. സിദ്ധരാമയ്യയുടെ മുസ്ലീം പ്രീണനം ഹിന്ദുക്കളെ സംസ്ഥാനത്ത് ഉടനീളം ബിജെപിയിലേക്ക് എത്തിച്ചിട്ടുണ്ട്. ലിംഗായത്- വീരശൈവ തര്‍ക്കമുണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള നീക്കം ഫലിച്ചിട്ടില്ല. ദളിത് വോട്ടുകള്‍ മുഴുവനായി കോണ്‍ഗ്രസിന് കിട്ടില്ല. പ്രത്യേകിച്ചും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഒഴിവാക്കിയതിന് എതിരായ വികാരം നരേന്ദ്ര മോദി ഉയര്‍ത്തിയ സാഹചര്യത്തില്‍. അനുകൂലമാണ് എല്ലാം. ഈ സാഹചര്യത്തില്‍ യുപിക്ക് സമാനമായ തരംഗം ഉണ്ടാകും. തീരകര്‍ണാടകവും ഹൈദരാബാദ് കര്‍ണാടകവും തൂത്തുവാരും.  ബിജെപി 143 സീറ്റ് നേടും

2. കോണ്‍ഗ്രസിന് ആദ്യമുണ്ടായിരുന്ന മേല്‍ക്കൈ അവസാനിപ്പിച്ചു. കേവലഭൂരിപക്ഷം നേടി ബിജെപി ഒറ്റക്ക് അധികാരത്തിലെത്തും. കോണ്‍ഗ്രസിന് അനുകൂലമായി ഗ്രാമീണ മേഖല വിധിയെഴുതിയാലും 115- 120 സീറ്റുകള്‍ വരെ നേടും.

3. കോണ്‍ഗ്രസ് പല മേഖലകളിലും പ്രതീക്ഷിച്ച പോലെ തകര്‍ന്നില്ലെങ്കില്‍ ബിജെപിയുടെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 27 മണ്ഡലങ്ങളെ ആശ്രയിച്ചിരിക്കും. അങ്ങനെ വന്നാല്‍ 95- 105 സീറ്റുകളോടെ വലിയ ഒറ്റക്കക്ഷിയാകും. കുമാരസ്വാമിയുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കും . യദ്യൂരപ്പ മുഖ്യമന്ത്രിയാവും. 

4. വലിയ കക്ഷിയായി കോണ്‍ഗ്രസ് വന്നാലും ജെഡിഎസ് സഖ്യത്തില്‍ മന്ത്രിസഭയുണ്ടാക്കാം. വേണ്ടിവന്നാല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം. മോദി രാജ്യം ഭരിക്കുമ്പോള്‍ പണ്ടേപ്പോലെ വിലപേശലിന് കുമാരസ്വാമിക്കു ശേഷിയില്ല. 2019-ല്‍ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടൂന്ന വിധം തിരഞ്ഞെടുപ്പിലേക്ക് നീണ്ടേക്കും. 

5. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടിയാലും 115 സീറ്റിനപ്പുറം പോവില്ല.

കെപിസിസി ഓഫീസില്‍ കേട്ടത്

1. ഗ്രാമീണ മേഖലയിലെ വലിയ പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാണ്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വലിയ തോതില്‍ തിരഞ്ഞെടുപ്പിനെ അനുകൂലമാക്കും. രാഹുല്‍ ഗാന്ധി  മോദിക്ക് എതിരായ പടനായകനായി. മുസ്ലീം വോട്ടുകള്‍ മുഴുവനായും കോണ്‍ഗ്രസിനൊപ്പമെത്തി. അഹിന്ദ - ദളിത് പിന്നാക്ക സഖ്യം നിലനിന്നു.  ഇപ്പോള്‍ കൈവശമുള്ള സീറ്റുകളില്‍ 106 എണ്ണം വിജയിക്കും. മറുവശത്തുള്ള 22 മണ്ഡലങ്ങള്‍ പിടിച്ചെടുക്കും. 128 സീറ്റുകളുമായി സിദ്ധരാമയ്യ അധികാരമേറും.

2. ബിജെപി-ജെഡിഎസ്ധാരണ ചില സീറ്റുകള്‍ നഷ്ടപ്പെടുത്തും. അങ്ങനെ വന്നാലും 116 സീറ്റുകള്‍ നേടാനാവും . സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും. ബിജെപി 75 സീറ്റുകളിലേക്ക് ഒതുങ്ങും.

3. ദളിത് വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ ജെഡിഎസില്‍നിന്ന് തിരിച്ചുപിടിക്കാനായിട്ടില്ല. മോദി തരംഗം വോട്ടു ചോര്‍ത്തും. അപ്പോഴും വലിയ ഒറ്റക്കക്ഷിയാവും. 105 സീറ്റ് വരെ നേടും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കിയാല്‍ ദേവഗൗഡ മുമ്പ് പറഞ്ഞ പോലെ ദളിത് മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കേണ്ടി വരും. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും. 

4. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ക്ഷീണമുണ്ടാക്കി. മോദി തരംഗം സൃഷ്ടിക്കപ്പെട്ടു. ബിജെപി അവസാന നിമിഷം നടത്തിയ റെയ്ഡുകള്‍ പലയിടത്തും പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി( വോട്ടര്‍മാര്‍ക്ക് പണം കൊടുക്കാനായില്ലെന്ന് സാരം) ബിജെപി മുന്നേറും. കോണ്‍ഗ്രസ് 80 - 90 സീറ്റുകളിലേക്ക് ചുരുങ്ങും.

5. ഗ്രാമീണ മേഖല പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. 70 ല്‍ താഴെ സീറ്റുകളിലേക്ക്. സിദ്ധരാമയ്യ രാഷ്ട്രീയമായി ഇല്ലാതാവും. ഡികെ ശിവകുമാറും പരമേശ്വരയും മുന്നോട്ടുവരും.

ജെപി ഭവന്‍ പറയുന്നത്

1. പഴയ മൈസൂരുവില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. ഏറ്റവും കുറഞ്ഞത് 57 സീറ്റുകള്‍ ജെഡിഎസ് നേടും. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. 

2. 30- 40 സീറ്റുകള്‍ നേടും. ബിജെപിയുമായി സഖ്യം. കുമാരണ്ണ മുഖ്യമന്ത്രി.

3. 20- 30 സീറ്റുകള്‍. വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സാണെങ്കില്‍ പുതിയൊരു മുഖ്യമന്ത്രി. കുമാരസ്വാമി ഉപമുഖ്യമന്ത്രി. അടുത്ത വര്‍ഷം ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കേ ബിജെപിയുമായി ധാരണയുണ്ടാക്കുന്നത് ദോഷം ചെയ്യും. 

4. ബിജെപി വലിയ കക്ഷിയായാല്‍ വേണ്ടി വന്നാല്‍ സഖ്യം. കുമാരസ്വാമി മുഖ്യമന്ത്രി. കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബിജെപി അതിന് തയ്യാറാകും. 

5. ദേശീയ പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് ഭരണം കിട്ടിയാല്‍ ജെഡിഎസ് വീണ്ടും ദുര്‍ബലമാകും. കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമെങ്കില്‍ സിദ്ധരാമയ്യ ജെഡിഎസിനെ വീണ്ടും പിളര്‍ത്തും.