ഉഡുപ്പി: കര്‍ണാടത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍പ്പോലും ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവില്ലെന്ന് നടനും ബിജെപിയുടെ കടുത്ത വിമര്‍ശകനുമായ പ്രകാശ് രാജ്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ പ്രകാശ് രാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉഡുപ്പിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യയാണ് യദ്യൂരപ്പയേക്കാള്‍ മികച്ചയാള്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിരവധി നല്ല കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. ആത്മാഭിമാനമില്ലാത്ത ആളാണ് യെദ്യൂരപ്പ. അധികാരം കിട്ടിയാല്‍ പോലും യെദ്യൂരപ്പ മൂന്നു മാസം പോലും കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കില്ല.

തനിക്ക് ഹിന്ദുക്കളോട് യാതൊരു വിദ്വേഷവുമില്ല. ഇന്ത്യക്കാര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണുള്ളത്. എന്നാല്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളെ നയിക്കാന്‍ ബിജെപി കരാര്‍ എടുത്തിട്ടുണ്ടോ? എന്തിനാണ് ബിജെപി നേതാക്കള്‍ പതിവായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്?- പ്രകാശ് രാജ് ചോദിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ബിജെപി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയുണ്ട്. ജനാധിപത്യ പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ അവര്‍ ഒരിക്കലും സമ്മതിക്കില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് മുന്‍പ് കര്‍ണാടകത്തില്‍ വലിയ സംഘര്‍ഷം നടക്കാന്‍ ഇടയുണ്ടെന്നും പ്രകാശ് രാജ് ആശങ്ക പ്രകടിപ്പിച്ചു. 

ബിജെപി അധികാരത്തിലെത്തിയ ഉത്തര്‍പ്രദേശും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വലിയ സംഘര്‍ഷങ്ങളുണ്ടാക്കി. ലെനിന്റെ പ്രതിമ തകര്‍ത്തു. അക്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടും ജനങ്ങളെ വിഘടിപ്പിക്കുന്നതിന് വര്‍ഗീയ വിഷം കുത്തിവെച്ചുമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

Content Highlights: Yeddyurappa, BJP, Prakash Raj, Karnataka Election 2018