ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണമുന്നയിച്ച് യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. 

'കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവം. തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്,' യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് നല്‍കിയ കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആജഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിച്ചത്. പല മണ്ഡലങ്ങളിലും പണവും കായികബലവും മദ്യവുമൊക്കെയാണ് എതിരാളികളെ നേരിടുന്നതിന് അവര്‍ ഉപയോഗിച്ചത്'. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മൗനസമ്മതം നല്‍കുകയായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്നും യെദ്യൂരപ്പ കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് വിജയപുര ജില്ലയില്‍ വോട്ടിങ് മെഷീന്റെ എട്ട് പെട്ടികള്‍ കണ്ടെത്തിയത്. ഈ പെട്ടികളില്‍ മെഷീനുകള്‍ ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഓരോ വിവിപാറ്റ് മെഷീനുകളിലും ആറ് അക്കങ്ങളും ഒരു അക്ഷരവും അഞ്ച് ചിഹ്നങ്ങളും ചേര്‍ന്ന കോഡ് ഉണ്ടായിരിക്കും. എന്നാല്‍ കണ്ടെത്തിയ മെഷീനുകളുടെ പെട്ടികളില്‍ അത്തരം കോഡ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമുകളില്‍ സുരക്ഷിതമാണ്. കണ്ടെത്തിയ മെഷീന്‍ പെട്ടികള്‍ തിരഞ്ഞെടുപ്പുമായി ബന്ധമുള്ളവയല്ലെന്നും സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.

Content Highlights: Yeddyurappa Alleges Foul Play, Karnataka Elections, Election Commission