ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോള്‍ വിധാന്‍ സൗധ സാക്ഷ്യം വഹിച്ചത് വിശാലപ്രതിപക്ഷഐക്യത്തിനു കൂടിയായിരുന്നു. എന്നാല്‍, ചടങ്ങിനെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അസന്തുഷ്ടി അതിനിടയിലും കല്ലുകടിയായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മമതയുടെ അതൃപ്തിക്കുള്ള കാരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

കര്‍ണാടക ഡിജിപി നീലമണി രാജുവിനോട് മമതാ ബാനര്‍ജി  അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിക്ക് കര്‍ണാടക ഡിജിപിയെ ശാസിക്കാന്‍ എന്താണ് അധികാരം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് മമതാ ബാനര്‍ജിയുടെ അതൃപ്തിക്കുള്ള വിശദീകരണം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്‌കാരങ്ങള്‍ മമതയെ ചൊടിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

വിധാന്‍ സൗധയിലെ സത്യപ്രതിജ്ഞാവേദിയിലേക്ക് എത്താന്‍ മമതാ ബാനര്‍ജിക്ക് കുറച്ചുദൂരം നടക്കേണ്ടിവന്നത്രേ. വിഐപി വാഹനങ്ങളുടെ നീണ്ടനിര ഗതാഗതക്കുരുക്കുണ്ടാക്കിയതിനാലാണ് അതിഥികളില്‍ പലര്‍ക്കും അങ്ങനെ നടന്നുവരേണ്ട സാഹചര്യമുണ്ടായത്. ഇതിലുള്ള അതൃപ്തിയാണ് മമത ഡിജിപിയെ അറിയിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി കുമാരസ്വാമിയെയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെയും മമത പിന്നീട് അതൃപ്തി അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പമുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ഛദ്ദയും ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് തങ്ങള്‍ കാല്‍നടയായി പോകേണ്ടി വന്നെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

content highlights:  Why Mamata Banerjee Was Unhappy At Kumaraswamy Oath, Karnataka Election, HD Kumaraswami oath taking ceremony

video courtesy: ndtv