ബെംഗളൂരു:  റെഡ്ഡി സഹോദരന്മാരുടെ സമ്മര്‍ദത്തിന് ബിജെപി വഴങ്ങി. റെഡ്ഡി സംഘത്തിലെ മൂന്നു പേര്‍ക്കാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. റെഡ്ഡി സഹോദരന്മാരില്‍ ഇളയവനായ സോമശേഖര റെഡ്ഡിയുടെ പേരും ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു. ഇടക്കാലത്ത് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന റെഡ്ഡി സഹോദരന്മാര്‍ ഇതോടെ സജീവമായി. പ്രധാന നേതാക്കളെ വിളിച്ച് സീറ്റ് നല്‍കിയതില്‍ ജനാര്‍ദന റെഡ്ഡി നന്ദി അറിയിച്ചു. 

റെഡ്ഡി സഹോദരന്മാരുമായി ബന്ധമില്ല എന്ന തരത്തില്‍ അമിത് ഷാ പ്രതികരിച്ചപ്പോള്‍ അഴിമതി വന്‍ ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റ് കിട്ടില്ലെന്ന പ്രചാരണം സജീവമായിരുന്നു. ബിജെപിയിലേക്കുള്ള വഴി അടയുകയാണെന്ന് മനസ്സിലാക്കി മറ്റ് പാര്‍ട്ടികളിലേക്ക് ഇവര്‍ നോട്ടമിടുകയും ചെയ്തു. എന്നാല്‍ റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ബെല്ലാരി എം.പി ശ്രീരാമലുവാണ് നേതൃത്തില്‍ സമ്മര്‍ദം ചെലുത്തി സോമശേഖര റെഡ്ഡിക്ക് സീറ്റ് ഉറപ്പാക്കിയത്. സോമശേഖര റെഡ്ഡി ബെല്ലാരി സിറ്റി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ അനില്‍ ലാഡിനെതിരെ മത്സരിക്കും. ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലും പ്രതിയായിരുന്നു സോമശേഖര റെഡ്ഡി. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് അദ്ദേഹം.

റെഡ്ഡിമാരുടെ അടുത്ത അനുയായി സന്ന ഫക്കീരപ്പയ്ക്ക് ബെല്ലാറി റൂറലിലും ബിജെപി സീറ്റ് നല്‍കി. സോമശേഖര റെഡ്ഡിക്ക് സീറ്റ് നല്‍കിയതോടെ അഴിമതി വിരുദ്ധ കര്‍ണാടകം എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. 

50,000 കോടിയുടെ ഖനി കുംഭകോണ കേസില്‍ ഹൈദരബാദിലേയും കര്‍ണാടകയിലേയും ജയിലുകളിലായി നാല് വര്‍ഷത്തോളം കിടക്കേണ്ടി വന്നതോടെ ജനാര്‍ദന റെഡ്ഡി പൊതുമണ്ഡലത്തില്‍ നിന്ന് ഏറക്കുറേ അപ്രത്യക്ഷനായിരുന്നു. ബെല്ലാരിയില്‍ പ്രവേശിക്കുന്നത് സുപ്രീംകോടതിയും വിലക്കി. 2008 ല്‍ ബിജെപിയെ കര്‍ണാടകത്തില്‍ അധികാരത്തിലെത്തിച്ചതില്‍ റെഡ്ഡി സഹോദരന്മാര്‍ പണവും മസില്‍ പവറും നല്‍കി സഹായിച്ചിരുന്നു. യെദ്യരപ്പ സര്‍ക്കാരില്‍ ജനാര്‍ദന റെഡ്ഡി മന്ത്രിമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ജനാര്‍ദന റെഡ്ഡിയെ സസ്‌പെന്‍ഡ് ചെയ്തു. അതോടെ ശ്രീരാമലു ബിഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി മൂന്നു സീറ്റില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. 2014 ലില്‍ യെദ്യൂരപ്പയുടെ കെജെപിയും ബിഎസ്ആര്‍ കോണ്‍ഗ്രസും തിരികെ ബിജെപിയില്‍ ലയിച്ചു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജനാര്‍ദന റെഡ്ഡി 2016 ല്‍ നവംബറില്‍ മകളുടെ വിവാഹത്തിനായി പൊടിച്ചത് 500 കോടിയായിരുന്നു. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടത്തിയ ഈ വിവാഹമാമാങ്കത്തിന് 500 കോടി എങ്ങനെ കണ്ടെത്തിയെന്ന അന്വേഷണം പോലുമുണ്ടായില്ല. 100 കോടിയുടെ നിരോധിച്ച നോട്ട് മാറ്റിയെടുത്തെന്ന ആരോപണവും ശ്രീരാമലുവിനെതിരെ ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ബെല്ലാരി-ചിത്രദുര്‍ഗ ജില്ലകളുടെ അതിര്‍ത്തിയില്‍ ഫാം ഹൗസില്‍ തമ്പടിച്ചാണ് ജനാര്‍ദന റെഡ്ഡി തിരഞ്ഞെടുപ്പിലെ കരുക്കള്‍ നീക്കുന്നത്. ഇരുമ്പൈര് കയറ്റുമതിയിലെ അഴിമതി അന്വേഷിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കത്തോടെ ബിജെപിയുമായി എന്തുവിലകൊടുത്തും അടുക്കാതെ റെഡ്ഡിമാര്‍ക്ക് വേറെ വഴിയില്ലായിരുന്നു.

ബെല്ലാരി സിറ്റി സീറ്റിലെ വിജയമാണ് പാര്‍ട്ടിക്ക് പ്രധാനമെന്നും അതിനായി ഒത്തുതീര്‍പ്പിന് വഴങ്ങിയതാണെന്നായിരുന്നു ബിജെപി വക്താവ് വിവേക് റെഡ്ഡിയുടെ പ്രതികരണം

Content Highlights: Karnataka election, The Return of Reddy Brothers