ബംഗളൂരു: തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാറില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കര്‍ണാടകയില്‍ നല്‍കുന്ന വാഗ്ദാനങ്ങളും പാഴായിപ്പോവാന്‍ മാത്രമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മോദി മുന്‍കാലങ്ങളില്‍ നല്കിയിട്ടുള്ള വാഗ്ദാനങ്ങള്‍ അക്കമിട്ടുനിരത്തിയാണ് ട്വിറ്ററിലൂടെയുള്ള സിദ്ധരാമയ്യയുടെ ആക്രമണം.

നരേന്ദ്രമോദി നല്‍കിയ 6 വാഗ്ദാനങ്ങളും പാഴായിപ്പോയതു ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സിദ്ധരാമയ്യ. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടപ്പായില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നു. 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലേക്കെത്തുമെന്ന വാഗ്ദാനവും പാഴായി. നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും സിദ്ധരാമയ്യ പറയുന്നു.

യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും വെറുതെയായി. എന്നിട്ട്  അവരോട് പക്കോഡ വില്‍ക്കാന്‍ പറയുകയാണ് മോദിയും അമിത് ഷായും ചെയ്തതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയില്‍ വില താഴ്ന്നിട്ടും ഇവിടെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അഴിമതി രഹിത ഭരണം നടത്തുമെന്ന് പറഞ്ഞിട്ട് ബാങ്കുകള്‍ പോലും കൊള്ളയടിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു.

വികസനവിരുദ്ധരും വര്‍ഗീയവാദികളുമായ ബിജെപിയെയും അവസരവാദികളായ ജെഡിഎസിനെയും തോല്‍പ്പിക്കാനുള്ളതാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

content highlights: Karnataka Election 2018, Siddharamaiah attacking PM Narendra Modi, siddaramaiah flays PM Modi government for not fulfilling promises