പറ്റ്‌ന: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്കു കടന്നതോടെ ബീഹാറിലും മന്ത്രിസഭാ രൂപീകരണത്തിന് അനുവാദം തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി വിവാദമായതോടെയാണ് സമാന സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്ഷിയായ ആര്‍ജെഡി തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നല്‍കിയത്.

ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളും തങ്ങളുടെ അംഗബലം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കൈമാറി. ബിഹാറിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടകത്തില്‍ ജനാധിപത്യത്തെ കൊലചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുമെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

ബീഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടത്. 243 അംഗങ്ങളാണ് ബീഹാറില്‍ ആകെയുള്ളത്.  ആര്‍ജെഡിക്ക് 80ഉം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികള്‍ക്കെല്ലാംകൂടി 31 അംഗങ്ങളുമാണുള്ളത്. 70 അംഗങ്ങളുള്ള ജെഡി(യു)വും 53 അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നാണ് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്.

Content Highlights: RJD, Bihar Governor, Bihar government, BJP