ബെംഗളൂരു: അനധികൃത ഖനനക്കേസിലെ പ്രതി ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയൊടൊപ്പം വേദിപങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

ബല്ലാരി സിറ്റി മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സോമശേഖര റെഡ്ഡിക്കുവേണ്ടി നടന്ന റാലിയിലാണ് മോദി പങ്കെടുത്തത്. ബല്ലാരിക്കുണ്ടായിരുന്ന പ്രതാപം കോണ്‍ഗ്രസ് ഭരണത്തില്‍ നഷ്ടപ്പെട്ടെന്നും പ്രദേശത്തിന്റെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മോദി തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. സോണിയാഗാന്ധി 3000 കോടിയുടെ പാക്കേജ് ബല്ലാരിക്ക് പ്രഖ്യാപിച്ചെങ്കിലും എല്ലാം മറന്നു. ദളത്, പിന്നാക്ക, ന്യൂനപക്ഷ, വിഭാഗങ്ങളുടെ ക്ഷേമമാണ് ബി.ജെ.പി.യുടെ ലക്ഷ്യം. ദളിത് വിഭാഗത്തില്‍നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയതും ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കിയതും മുസ്!ലിം സമുദായാംഗത്തെ രാഷ്ട്രപതിയാക്കിയതും ബി.ജെ.പി.യാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഖനനക്കേസിലെ കുറ്റാരോപിതരെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് മോദിയുടെ വേദിപങ്കിടല്‍. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. കോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സോമശേഖര റെഡ്ഡിയും ഉള്‍പ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ജനാര്‍ദന റെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമായി എട്ടുപേര്‍ക്കാണ് ബി.ജെ.പി. സീറ്റുനല്‍കിയത്. ബി. ശ്രീരാമുലുവിനുവേണ്ടി പരസ്യപ്രചാരണത്തിന് ജനാര്‍ദന റെഡ്ഡി ഇറങ്ങിയത് വന്‍ വിവാദമായി. ഇതേത്തുടര്‍ന്ന് പരസ്യപ്രചാരണത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ കേന്ദ്രനേതൃത്വം റെഡ്ഡിക്ക് നിര്‍ദേശം നല്‍കി.

റെഡ്ഡി അനുയായികളുമായി വേദിപങ്കിടുന്നത് ഒഴിവാക്കാന്‍വേണ്ടി കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബല്ലാരി റാലിയില്‍ പങ്കെടുത്തില്ല. റെഡ്ഡിയുമായി ബി.ജെ.പി.ക്ക് യാതൊരു ബന്ധവുമില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ്. യെദ്യൂരപ്പ തള്ളിയിരുന്നു.