ചാമരാജ്നഗര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റി ഏതെങ്കിലും ഭാഷയില്‍ 15 മിനിട്ട് സംസാരിക്കാന്‍ അദ്ദേഹം രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചു. കഴിഞ്ഞ ഏപ്രില്‍ 17 ന് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്കിക്കൊണ്ടായിരുന്നു മോദിയുടെ വെല്ലുവിളി.
പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഭയമാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞമാസം അമേഠിയില്‍ നടന്ന ചടങ്ങിനിടെ ആരോപിച്ചിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറിനെപ്പറ്റി പാര്‍ലമെന്റില്‍ 15 മിനിട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് രാഹില്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി നല്‍കിയത്.
പാര്‍ലമെന്റില്‍ താന്‍ 15 മിനിട്ട് സംസാരിച്ചാല്‍ അതിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് പരിഹാസരൂപത്തില്‍ മോദി സമ്മതിച്ചു.
'കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെയുള്ള ശക്തരായ വ്യക്തികള്‍ക്കൊപ്പം നന്നായി വസ്ത്രധാരണംചെയ്യാന്പോലും കഴിയാത്ത തന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ കഴിയില്ലെന്നത് ശരിതന്നെ' - മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് 15 മിനിട്ട് സംസാരിക്കാന്‍ അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചത്. ഏതെങ്കിലും പേപ്പര്‍ നോക്കി വായിക്കുന്നതിന് പകരം കര്‍ണാടക സര്‍ക്കാരിനെ നേട്ടങ്ങളെപ്പറ്റി 15 മിനിട്ടുനേരം സംസാരിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ താങ്കളുടെ മാതൃഭാഷയിലോ സംസാരിക്കാമെന്നും മോദി പരിഹസിച്ചു.
#WATCH PM Modi addresses public rally in Mysuru's Santhemarahalli https://t.co/DdB8fs0HLw — ANI (@ANI) May 1, 2018