ബെംഗളൂരു: മൈസൂരുവിലെ വരുണയില്‍ മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് കേന്ദ്രനേതൃത്വം സീറ്റ് നിഷേധിച്ചത് ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയതയ്ക്ക് ശക്തിപകര്‍ന്നേക്കും. വിജയേന്ദ്രയെ ഒഴിവാക്കിയതിനുപിന്നില്‍ കേന്ദ്രനേതാക്കള്‍ക്കും ആര്‍.എസ്.എസിനും പങ്കില്ലെന്ന് യെദ്യൂരപ്പ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അനുയായികള്‍ വിശ്വസിക്കുന്നില്ല. എതിര്‍പക്ഷത്തിന്റെ നീക്കമാണ് അവസാന നിമിഷം വിജയേന്ദ്രയെ മാറ്റാന്‍ കാരണമെന്ന് വ്യക്തമാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പുചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറും ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും മൈസൂരുവിലെത്തി യെദ്യൂരപ്പയുമായി മണിക്കൂറുകളോളം ചര്‍ച്ചനടത്തി.

പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ വിജയേന്ദ്ര മല്‍സരിണ്ടേതില്ലെന്ന തീരുമാനത്തിലെത്തിയെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഇതിന്റെ അലയൊലികളുണ്ടാകും. സമാശ്വാസനടപടിയെന്നനിലയില്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനം നല്‍കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വിജയേന്ദ്രയുണ്ടാകുമെന്നും പുതിയ പദവി ലഭിച്ചതില്‍ അനുമോദിക്കുന്നുവെന്നും ബി.ജെ.പി. 'ട്വീറ്റ്' ചെയ്തു. പ്രചാരണം നടത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയതില്‍ വിജയേന്ദ്ര മാപ്പുചോദിച്ചു.

ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനെതിരേ മൈസൂരു മേഖലയില്‍ പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. മൈസൂരു മേഖലയില്‍നിന്നുള്ള പത്തു സ്ഥാനാര്‍ഥികള്‍ മത്സരിക്കില്ലെന്ന ഭീഷണിയും മുഴക്കി. ഇവരെ ആശ്വസിപ്പിക്കാനുള്ള ചുമതല കേന്ദ്രനേതൃത്വം യെദ്യൂരപ്പയെതന്നെ ഏല്‍പ്പിച്ചു. വരുണയിലെ ബി.ജെ.പി .ഓഫീസിനുനേരെ ചൊവ്വാഴ്ചയും ആക്രമണമുണ്ടായി. വിജയേന്ദ്രയ്ക്കുവേണ്ടി ചാമുണ്ഡേശ്വരിയിലെ ജനതാദള്‍- എസ്. സ്ഥാനാര്‍ഥി ജി.ടി. ദേവഗൗഡ രംഗത്തെത്തിയതും ശ്രദ്ധേയമായി.

പ്രതിഷേധങ്ങള്‍ക്കിടയില്‍, വരുണയിലെ സ്ഥാനാര്‍ഥിയായി പ്രാദേശികനേതാവ് ടി. ബസവരാജു പത്രിക നല്‍കി. കഴിഞ്ഞ 15 ദിവസമായി വിജയേന്ദ്ര വരുണയില്‍ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള ആര്‍.എസ്.എസ്. നേതാവ് ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രിമാരായ എച്ച്.എന്‍. അനന്തകുമാര്‍, ഡി.വി. സദാനന്ദഗൗഡ എന്നിവരെയാണ് യെദ്യൂരപ്പപക്ഷം കുറ്റപ്പെടുത്തുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയും വ്യാപകപ്രതിഷേധമുണ്ടായി.

യെദ്യൂരപ്പയുടെ നിര്‍ദേശമാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു മുമ്പുതന്നെ വിജയേന്ദ്ര പ്രചാരണം തുടങ്ങിയതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. അതേസമയം, വരുണയില്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ യെദ്യൂരപ്പയുടെ മുഖം രക്ഷിക്കാനാണ് നടപടിയെന്നു മറുഭാഗം വാദിക്കുന്നു.
 
content highlights: Karnataka Election 2018, varuna constituency, bjp yedurappa, sidharamaiah congress