ബെംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ വിവാദത്തിലായ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം. 2012ല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി,സി.സി.പാട്ടീല്‍ എന്നിവരാണ് അന്ന് വിവാദത്തില്‍ കുടുങ്ങിയതും ഇപ്പോള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതും.

ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം. സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി. ശിശുക്ഷേമവകുപ്പാണ് സി.സി.പാട്ടീല്‍ കൈകാര്യം ചെയ്തിരുന്നത്. പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ഒരു ടെലിവിഷന്‍ ചാനലാണ് അന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ത്തയാക്കിയത്. അതെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 

ഇവരില്‍ സാവദിക്കും പാട്ടീലിനും നിയമസഭയിലേക്ക് സീറ്റ് നല്കിയതാണ് ബിജെപിക്കെതിരെ ജനരോഷം ഉയര്‍ത്തിയിരിക്കുന്നത്. സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മൂന്നാമനായ പലേമര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടിയില്ല.2013ല്‍ മംഗളൂരു സിറ്റി നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പലേമര്‍ അന്ന് പരാജയപ്പെട്ടിരുന്നു. 

കഠുവ,ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിയമസഭയിലിരുന്ന് പോലും അശ്ലീലവീഡിയോ കാണാന്‍ തയ്യാറായ നേതാക്കള്‍ക്ക് സീറ്റ് നല്കിയത് ന്യായീകരിക്കാനാവുന്ന പിഴവല്ലെന്ന് അഭിപ്രായങ്ങളുയര്‍ന്നു കഴിഞ്ഞു. ഉന്നാവ് ബലാല്‍സംഗക്കേസില്‍ പ്രതിയായത് ബിജെപി എംഎല്‍എയാണ്. കഠുവയില്‍ പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ ബിജെപി മന്ത്രിമാരുണ്ടായിരുന്നു എന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു. 

content highlights: porn-tainted former ministers got place in bjp candidate list,Karnataka Election2018, bjp candidate list,