ബെലഗാവി (കര്‍ണാടക): കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിപ്പിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളോടനുബന്ധിച്ച് ചിക്കോടിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നുള്ള മഹാത്മാഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനുള്ള അവസരമാണ് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി നിങ്ങള്‍ കാണണമെന്നും കോണ്‍ഗ്രസിനെതിരായി വോട്ടുചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

അധികാര ഭ്രാന്തു മൂത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ നുണപ്രചരണം നടത്തുകയാണ്. അധികാരമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. അധികാരം നഷ്ടപ്പെടുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ് ജാതിയുടെയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. സമൂഹത്തിലെ താഴെത്തട്ടില്‍നിന്നുള്ള തന്നെപ്പോലെ ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതില്‍ കോണ്‍ഗ്രസിന് വലിയ അസൂയയാണ്. കോണ്‍ഗ്രസ് ഒരിക്കലും അംബേദ്കറെയോ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയോ വിലമതിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. 

നേരത്തെയും മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. പേപ്പറില്‍ നോക്കി വായിക്കാതെ കോണ്‍ഗ്രസിന്റെ ഭരണ നേട്ടത്തെക്കുറിച്ച് 15 മിനിറ്റ് പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിയെ മോദി വെല്ലുവിളിച്ചിരുന്നു. പരാജയഭീതി മൂലമാണ് സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സിറ്റിങ് മണ്ഡലത്തില്‍ സ്വന്തം മകനെ നിര്‍ത്തി മത്സരിപ്പിക്കുകയാണെന്നും കുടുംബ വാഴ്ചയാണ് കോണ്‍ഗ്രസിന്റെ കീഴ്‌വഴക്കമെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

മെയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കടുത്ത പ്രചരണമാണ് കര്‍ണാടകത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി അഞ്ചു ദിവസങ്ങളില്‍ 15 സമ്മേളനങ്ങളില്‍ പ്രസംഗിക്കും.

content highlights: Narendra Modi, Congress, Karnataka election 2018