ബെംഗളൂരു: മൈസൂരുവിലെ വരുണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ ബി.വൈ. വിജയേന്ദ്രയെ ബി.ജെ.പി. പിന്‍വലിച്ചത് പ്രതിഷേധത്തിനിടയാക്കി. പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ മകനാണ് വിജയേന്ദ്ര.

വരുണ മണ്ഡലത്തില്‍ ദിവസങ്ങള്‍ക്കുമുന്‍പുതന്നെ വിജയേന്ദ്ര പ്രചാരണം ആരംഭിച്ചിരുന്നു. യെദ്യൂരപ്പയും മകനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര മത്സരിക്കുന്ന വരുണയില്‍ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയും സ്ഥാനാര്‍ഥിയായതോടെ ദേശീയശ്രദ്ധയും നേടി.

നഞ്ചന്‍കോട്ട് ബി.ജെ.പി. റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് വരുണയില്‍ വിജയേന്ദ്ര മത്സരിക്കില്ലെന്ന് യെദ്യൂരപ്പ അറിയിച്ചത്. ഇതോടെ പാര്‍ട്ടിപ്രവര്‍ത്തകരും അനുയായികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. വരുണയിലുണ്ടായിരുന്ന വിജയേന്ദ്രയെ പ്രവര്‍ത്തകര്‍ തടഞ്ഞു. അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത് അക്രമത്തിലേക്ക് തിരിഞ്ഞതോടെ പോലീസ് ലാത്തിവീശി. യെദ്യൂരപ്പയെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ തടഞ്ഞു. പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനുള്ള യോഗം നടന്ന മൈസൂരുവിലെ ഹോട്ടലിനുമുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യെദ്യൂരപ്പയെ തടഞ്ഞുവെച്ച പ്രവര്‍ത്തകരെ പോലീസ് എത്തിയാണ് ഒഴിവാക്കിയത്.

വിജയേന്ദ്രയെ മാറ്റിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതിന് പാര്‍ട്ടിപ്രവര്‍ത്തകരോട് മാപ്പുപറയുന്നതായും യെദ്യൂരപ്പ പറഞ്ഞു. ഇതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രതിഷേധപ്രകടനം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, തിരഞ്ഞെടുപ്പുചുമതലയുള്ള കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ എന്നിവര്‍ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വരുണ മണ്ഡലത്തില്‍ പത്രികനല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു പ്രഖ്യാപനം.

പത്രിക നല്‍കുന്നത് തടയണമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ആര്‍.എസ്.എസ്. നടത്തിയ സര്‍വേയില്‍ വിജയേന്ദ്ര വരുണയില്‍ പരാജയപ്പെടുമെന്നാണ് കണ്ടെത്തിയത്. ഇതാണ് സ്ഥാനാര്‍ഥിയെ മാറ്റുന്നതിനുള്ള കാരണമെന്നാണ് സൂചന. സിദ്ധരാമയ്യയുടെ മകനെതിരേ കൂടുതല്‍ ശക്തനായ നേതാവിനെ നിര്‍ത്തണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

'മകനോട് മത്സരിക്കരുതെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിദ്ധരാമയ്യ മകന് സിറ്റിങ് സീറ്റ് നല്‍കി. ഇതാണ് ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം' -ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു 'ട്വീറ്റ്' ചെയ്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ രേവണ്ണ സിദ്ധയ്യ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു. സിദ്ധരാമയ്യ വരുണയില്‍ മത്സരിച്ച സമയത്ത് തിരഞ്ഞെടുപ്പു മേല്‍നോട്ടം രേവണ്ണ സിദ്ധയ്യയ്ക്കായിരുന്നു. മണ്ഡലത്തില്‍ സ്വാധ്വീനമുള്ള ലിംഗായത്ത് നേതാവുകൂടിയായ രേവണ്ണ സിദ്ധയ്യയെ വരുണയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. മൈസൂരു ജില്ലാ പഞ്ചായത്ത് അംഗമായ സദാനന്ദയെയും മണ്ഡലത്തില്‍ പരിഗണിക്കുന്നതായാണ് അറിയുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് ചൊവ്വാഴ്ചയാണ്.
 
content highlights: Karnataka Election 2018, B.S.Yedyurappa, B.Y.Vijayendra, Karnataka BJP