ബെംഗളൂരു: മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ അടങ്ങുന്ന വാഹനം രാജ്ഭവനുമുന്നിലെത്തി. ജെഡിഎസ്സിന് എംഎല്‍എമാരുടെ പിന്തുണകത്തുമായി 77 കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബസില്‍ രാജ്ഭവനു മുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് വഴിവെച്ചു.

പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും രാജ്ഭവനുള്ളില്‍ പ്രവേശനാനുമതി നല്‍കി. എല്ലാ എംഎല്‍എമാര്‍ക്കും പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധം മുഴക്കുകയാണ്. അകത്തേക്ക് കടക്കാനാവാത്ത എംഎല്‍എമാര്‍ രാജ്ഭവന്‍ ഗേറ്റിനു മുന്നില്‍ കാത്ത് നില്‍ക്കുന്നുണ്ട്.

ഉള്ള എംഎല്‍എമാരെ നഷ്ടപ്പെടാതിരിക്കാന്‍ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്.റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എംഎല്‍എമാരെ ഹാജരാക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ തീരുമാനം. എന്നാല്‍ എല്ലാ എംഎല്‍എമാര്‍ക്കും രാജ്ഭവനിനുള്ളില്‍ പ്രവേശനാനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്.

ഗവര്‍ണ്ണറെ കണ്ട ശേഷം ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ കൊണ്ടുപോകുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.