ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നിയമസഭാമന്ദിരം ബിജെപിയ്‌ക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിനുള്ള വേദികൂടിയാകും. 12ലധികം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കന്മാരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയെന്നാണ് വിവരം.

അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പടെ പ്രബലമായ അതിഥിനിരയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തുക. മൂന്നു ദിവസമായി തുടരുന്ന തിരക്കിട്ട ക്ഷേത്രസന്ദര്‍ശനങ്ങള്‍ക്കിടയിലും അതിഥികളെ ക്ഷണിക്കാന്‍ കുമാരസ്വാമി സമയം കണ്ടെത്തുന്നതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി രാഹുല്‍ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിരുന്നു. സോണിയാ ഗാന്ധി ചടങ്ങിനെത്തുമോ എന്ന് ഉറപ്പില്ല. എന്നാല്‍, ക്ഷണം സ്വീകരിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കുമാരസ്വാമി നേരിട്ടെത്തി ക്ഷണിച്ചിരുന്നു. അദ്ദേഹവും ബംഗളൂരുവിലേക്കെത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ടെലിഫോണില്‍ വിളിച്ചാണ് കുമാരസ്വാമി ക്ഷണം അറിയിച്ചത്. ഔദ്യോഗികതയുടെ ആവശ്യമില്ലെന്നും സത്യപ്രതിജ്ഞാച്ചടങ്ങിന് താനെത്തുമെന്നും കുമാരസ്വാമിയോട് പറഞ്ഞതായി യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാള്‍ മുഖ്യന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ്, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍, ബിഎസ്പി നേതാവ് മായാവതി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. 

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യം എന്ന നിലയില്‍ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്. ബിജെപി നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന പ്രത്യേകതയുമുണ്ട്. അന്നേദിവസം പ്രതിഷേധദിനമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.

Contnet Highlights: LEADERS OF 12 OPPOSITION PARTIES WILL ATTEND KUMARASWAMIS OATH TAKING CEREMONY,Karnataka Election 2018, Karnataka Election Results