കലബുറഗി (ഗുല്‍ബര്‍ഗ/കര്‍ണാടക): ചുവരെഴുത്തില്ല, പോസ്റ്ററില്ല, കട്ട്ഔട്ടുകളില്ല-കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രത്യക്ഷത്തില്‍ ശാന്തം, സൗമ്യം. ഒരു തിരഞ്ഞെടുപ്പ് വരുന്നുണ്ടെന്ന് അറിയണമെങ്കില്‍ ഒന്നുകില്‍ ഒരു ദിനപത്രം കാണണം. അല്ലെങ്കില്‍ ഒരു പ്രചാരണവാഹനം കടന്നുപോകണം.

തിരഞ്ഞെടുപ്പുചെലവ് കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍. തിരഞ്ഞെടുപ്പ് യോഗങ്ങളും സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന പരിപാടികളും കവലയോഗങ്ങളുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭയം. വീടുകയറിയുള്ള പ്രചാരണവും കാര്യമായി നടക്കുന്നുണ്ട്.

തെക്കന്‍ കര്‍ണാടകത്തെ അപേക്ഷിച്ച് വടക്കന്‍ കര്‍ണാടകത്തിലെ മണ്ഡലങ്ങളില്‍ വാഹനങ്ങളിലുള്ള പ്രചാരണം കൂടുതലാണ്. ബി.ജെ.പി.യാണ് ഇക്കാര്യത്തില്‍ മുന്നില്‍. ബി.ജെ.പി. ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതും വടക്കന്‍ കര്‍ണാടകയിലാണ്. പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ കൂടുതലായി എത്തിയതും ഈമേഖലയിലാണ്. വടക്കന്‍ കര്‍ണാടകയിലെ കലബുറഗി (ഗുല്‍ബര്‍ഗ) ജില്ലയില്‍ ബി.ജെ.പി.യോടൊപ്പംതന്നെ മുസ്ലിം സംഘടനകളും ശക്തമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലത്തില്‍ ആകെയുള്ള 15 സ്ഥാനാര്‍ഥികളില്‍ 11 പേരും മുസ്ലിങ്ങളാണ്. എസ്.ഡി.പി.ഐ. അടക്കമുള്ള സംഘടനകളും പ്രചാരണരംഗത്തുണ്ട്.

ഹിന്ദു-മുസ്ലിം കാര്‍ഡിറക്കി വോട്ടുപിടിക്കാന്‍ പരിമിതികള്‍ നേരിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ കര്‍ണാടകത്തില്‍ വികസനവും തിരഞ്ഞെടുപ്പ് വിഷയമാകാന്‍ തുടങ്ങിയിട്ടുണ്ട്. ദിനപത്രങ്ങളില്‍ കൂടിയുള്ള പ്രചാരണമാണ് ഇതിനായി രാഷ്ട്രീയ കക്ഷികള്‍ ആശ്രയിക്കുന്നത്.

ചുവരെഴുത്തും ബാനറും പോസ്റ്ററും കട്ട്ഔട്ടും നിറയുന്ന തിരഞ്ഞെടുപ്പ് പ്രചാരണകോലാഹലങ്ങള്‍ ഇല്ലാത്തതിന്റെ ആശ്വാസം എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ കാണാം.