ന്യൂഡല്‍ഹി: കര്‍ണാടകവിഷയത്തില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയത് മൂര്‍ച്ചയേറിയ നിരീക്ഷണങ്ങള്‍. കേന്ദ്രവാദങ്ങളെ 'അപഹാസ്യ'മെന്നും 'കുതിരക്കച്ചവടത്തിനുള്ള തുറന്ന ക്ഷണത്തിനു തുല്യ'മെന്നുമാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിശേഷിപ്പിച്ചത്. ബി.ജെ.പി.യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.28 വരെ കോടതി വാദം കേട്ടിരുന്നു.

നിയമസഭാംഗങ്ങള്‍ ഒരുപാര്‍ട്ടിവിട്ട് മറ്റൊന്നിലേക്ക് ചേക്കേറുന്നതു തടയുന്ന കൂറുമാറ്റനിരോധന നിയമം കര്‍ണാടകത്തില്‍ പ്രയോഗിക്കാനാവില്ലെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദത്തിനുശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നതാണ് തന്റെ വാദത്തിനു കാരണമായി വേണുഗോപാല്‍ പറഞ്ഞത്.

'സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുന്‍പ് എം.എല്‍.എ.മാര്‍ക്ക് സ്വന്തം പാര്‍ട്ടിവിട്ട് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെന്നാണോ ഉദ്ദേശിച്ചത്?'- കോടതി ചോദിച്ചു. എങ്ങനെയാണ് ബി.ജെ.പി. കേവലഭൂരിപക്ഷമായ 112 എന്ന സംഖ്യ മറികടക്കുകയെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിന് 116 അംഗങ്ങളുള്ളപ്പോള്‍ എങ്ങനെയാണ് ബി.എസ്. യെദ്യൂരപ്പ പാതിയിലേറെ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടതെന്ന് കോടതി എടുത്തുചോദിക്കുകയുമുണ്ടായി.

തനിക്കു പിന്തുണ നല്‍കുന്ന എം.എല്‍.എ.മാരുടെ എണ്ണം കാണിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് കണ്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 'അദ്ദേഹത്തെ ക്ഷണിച്ച വിധത്തെ കണക്കുകള്‍ സാധൂകരിക്കുന്നില്ല'- കോടതി നിരീക്ഷിച്ചു.

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്കയച്ച കത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് കോടതി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു.

വെള്ളിയാഴ്ച പത്തരയ്ക്കാണ് അതു സമര്‍പ്പിക്കേണ്ടത്. അതില്‍നിന്ന് കോടതി എന്തു കണ്ടെത്തുന്നെന്നതിനെ ആശ്രയിച്ചായിരിക്കും യെദ്യൂരപ്പയുടെ മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ഭാവി. യെദ്യൂരപ്പയും ഗവര്‍ണറും തമ്മില്‍ നടന്ന ആശയവിനിമയത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. യെദ്യൂരപ്പയ്ക്കുവേണ്ടി ആരും കോടതിയില്‍ ഹാജരായിട്ടില്ലെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം അവ്യക്തതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് ഗവര്‍ണര്‍ വാജുഭായി വാല യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഉദാരമായി 15 ദിവസം നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളാണ് കത്തിന്റെ ഉള്ളടക്കത്തില്‍ പരിശോധിക്കുകയെന്നു കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴുദിവസം മാത്രമാണ് യെദ്യൂരപ്പ ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കുകയായിരുന്നെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം ആരോപിക്കുന്നു. 'ആദ്യം കത്തു കാണട്ടെ. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ തടയാനാവില്ല.'- ജസ്റ്റിസ് ബോബ്!ഡെ പറഞ്ഞു.

അടിയന്തരവാദം അനാവശ്യം- മുകുള്‍ റോത്തഗി

അസാധാരണമായി അടിയന്തരവാദം കേള്‍ക്കുന്നത് അനാവശ്യമാണെന്ന് ബി.ജെ.പി.ക്കുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. 'ഈ ഹര്‍ജി ഇന്നുരാത്രി കേട്ടില്ലെങ്കില്‍ ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. ഈ ഹര്‍ജി പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതാണ്. ഉന്നത ഭരണഘടനാസ്ഥാനം വഹിക്കുന്ന ഗവര്‍ണറെ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയാന്‍ കോടതിയോട് ആവശ്യപ്പെടുന്നത് ജനാധിപത്യനടപടിക്രമങ്ങളെ നിഷ്ഫലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തന്റെ കര്‍ത്തവ്യം ചെയ്യുന്നതില്‍നിന്ന് ഗവര്‍ണറെ തടയാന്‍ സുപ്രീംകോടതിക്കാവില്ല. ഗവര്‍ണറുടെ നടപടികളെ ജുഡീഷ്യറിക്ക് ഭേദഗതി ചെയ്യാം. എന്നാല്‍ അവ റദ്ദാക്കുന്നത് ഭരണഘടനയുടെ 361-ാം വകുപ്പിന്റെ ലംഘനത്തിലേക്ക് നയിക്കും. വിശ്വാസവോട്ടു തേടാന്‍ 15 ദിവസത്തെ സമയം എന്തിനാണ് ഗവര്‍ണര്‍ നല്‍കിയതെന്ന ചോദ്യം അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്നുരാത്രിതന്നെ വാദം കേള്‍ക്കാന്‍ എന്തിനായിരുന്നു ധൃതി?'- അദ്ദേഹം ചോദിച്ചു.

കോടതിക്ക് ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യംചെയ്യാനാവില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളണമെന്ന് വേണുഗോപാലും റോത്തഗിയും കോടതിയോട് ആവശ്യപ്പെട്ടു.

തീരുമാനം റദ്ദാക്കണം- സിങ്!വി

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കുകയോ ബി.ജെ.പി.യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം റദ്ദാക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസിനും ജെ.ഡി.എസിനുംവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്!വി കോടതിയോട് ആവശ്യപ്പെട്ടു. 'സത്യപ്രതിജ്ഞ തികച്ചും ഭരണപരമാണ്, നിയമപരമല്ല. ഭരണപരമായ ചടങ്ങായതിനാല്‍ അതു മാറ്റിവെക്കാം. സത്യപ്രതിജ്ഞ അസ്ഥിരപ്പെടുത്താവുന്നതാണ്. അത് മാറ്റിവെച്ചാല്‍ മറ്റൊരു പാര്‍ട്ടിക്ക് എന്തു നഷ്ടമാണുണ്ടാവുക?'- അദ്ദേഹം ചോദിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടു തേടണമെന്നും അതിനു മറ്റൊരു 15 ദിവസം കൂടി പാഴാക്കരുതെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യത്തിന് അനുകൂലമല്ലെങ്കില്‍പ്പോലും ഹര്‍ജിയോട് പ്രതികരിക്കാന്‍ കര്‍ണാടകത്തോടും കേന്ദ്രത്തോടും യെദ്യൂരപ്പയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.