ഹൈദരാബാദ്: ബിജെപിയുടെ കുതിരക്കച്ചവടത്തെ പ്രതിരോധിക്കാന്‍ ജെ.ഡി.എസ് എംഎല്‍എമാരെയും വഹിച്ചു കൊണ്ട് പോയ ബസ് എത്തിയത് ഹൈദരാബാദിലെ ഹോട്ടലുകളില്‍. താജ്കൃഷ്ണ, നോ വോട്ടല്‍, പ്രഗതി റിസോര്‍ട്ട്എന്നിവിടങ്ങളില്‍ എംഎല്‍എമാരെ എത്തിച്ചെന്നാണ് ഏറ്റവും പുതിയ വിവരം.

കൂടുതല്‍ എംഎല്‍എമാരെയും താമസിപ്പിച്ചിരിക്കുന്നത് താജ്കൃഷ്ണയിലാണ്. രണ്ട് ബസ്സിലുള്ള എംഎല്‍എമാരെ താജ്കൃഷ്ണയിലാണ് എത്തിച്ചത്. റിസോര്‍ട്ടുകളിലെ എംഎല്‍എമാരുടെ മുഴുവന്‍ ചുമതലയും എപിസിസി പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിക്കാണ്‌.

വ്യാഴാഴ്ച്ച എംഎല്‍എമാരെയും കൊണ്ട് കൊച്ചിയിലെത്താനുള്ള ശ്രമം പാളിയിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് സംഘം പുറപ്പെട്ടത്.

ജനതാദള്‍ എസ്സിന്റെയും കോണ്‍ഗ്രസ്സിന്റെയും എംഎല്‍എമാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി രാത്രി 10മണിയോടെ കൊച്ചിയില്‍ കൊണ്ടു വരാനായിരുന്നു പദ്ധതി. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രാത്രി അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരുടെ കൊച്ചിയാത്ര അവസാന നിമിഷത്തില്‍ മുടങ്ങിയത്. എംഎല്‍എമാരെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സം നിന്നെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. 

കൊച്ചിയിലേക്ക് എംഎല്‍എമാര്‍ വരുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് വ്യാഴാഴ്ച്ച അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. കുതിരക്കച്ചവടക്കാര്‍  കേരളത്തില്‍ എംഎല്‍എമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്.

വിമാനമാര്‍ഗം കൊച്ചിയിലേക്കാണ് കൊണ്ടുവരികയെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍, പിന്നീട് ഇവരെ റോഡുമാര്‍ഗമാണ് കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് വാളയാറില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ വെള്ളിയാഴ്ച്ച എംഎല്‍എമാരെല്ലാം ഹൈദരാബാദിലെ ഹോട്ടലുകളില്‍ എത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.