ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഏറ്റുമുട്ടിയപ്പോള്‍ സുപ്രീം കോടതി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വാദപ്രതിവാദങ്ങള്‍ക്ക്. മുതിര്‍ന്ന അഭിഭാഷകനിര ശക്തമായി വാദപ്രതിവാദങ്ങളുമായി നിരന്നപ്പോള്‍ തങ്ങള്‍ ചെകുത്താനും കടലിനും ഇടയിലായല്ലോ എന്നു പോലും കോടതി വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി. 

ജസ്റ്റിസുമാരായ ഏ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഹര്‍ജി പരിഗണിച്ചത്. വാദിഭാഗത്തിനായി മനു അഭിഷേക് സിംഗ്‌വി ഹാജരായപ്പോള്‍ മുകുള്‍ റോത്തഗിയാണ് ബിജെപിക്കായി കോടതിയിലെത്തിയത്. തുടക്കം മുതല്‍ തന്നെ സിംഗ്വിയുടെ മേല്‍ക്കൈ വാദങ്ങളില്‍ പ്രകടമായിരുന്നു.

നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യത്തിന് തയ്യാറെന്ന് ഉടനടി സിംഗ്‌വി മറുപടി നല്കിയപ്പോള്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കണമെന്നതു മുതല്‍  തിങ്കളാഴ്ച്ച വരെയെങ്കിലും സമയം നീട്ടാമോ എന്നതുവരെയായിരുന്നു റോത്തഗിയുടെ മറുപടി. സമയം നീട്ടിനല്‍കാനാവില്ലെന്നും നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് എന്ന കോടതി നിര്‍ദേശം വന്നപ്പോഴും ആത്മവിശ്വാസം നിറഞ്ഞതായിരുന്നു സിംഗ്വിയുടെ ശരീരഭാഷ. റോത്തഗിയാവട്ടെ ആദ്യാവസാനം പ്രകടമാക്കിയത് ആശങ്കയുടെ ശരീരഭാഷയും!!