ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പക്കപ്പുമെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച്  നടന്‍ പ്രകാശ് രാജിനും, സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിക്കുമെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങിനിടെ ഏപ്രില്‍ 29 ന് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ രാജ്യത്തെ വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് സെയില്‍മാനെന്നും കള്ളനെന്നും വിളിച്ചിരുന്നു. ഇതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. 

ജിഗ്നേഷ് മേവാനിക്കൊപ്പം പ്രകാശ് രാജും പ്രധാനമന്ത്രിയേയും, യെദ്യൂരപ്പയെയും പല സന്ദര്‍ഭങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ്-12ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. മെയ്-15 നാണ് ഫലപ്രഖ്യാപനം.