ബെംഗളൂരു: പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ നിര്‍ദേശിക്കുന്ന വീഡിയോ ജനതാദള്‍-എസിനെ പ്രതിരോധത്തിലാക്കി.

ഹാസന്‍ ജില്ലാ പഞ്ചായത്ത് അംഗവും എച്ച്.ഡി. രേവണ്ണയുടെ ഭാര്യയുമായ ഭവാനി അണികള്‍ക്ക് നിര്‍ദേശം നല്‍കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഭവാനിയോ പാര്‍ട്ടി നേതൃത്വമോ തയ്യാറായില്ല. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിലൂടെ പുറത്തായത്. മൈസൂരു കെ.ആര്‍. നഗറിലെ ജനതാദള്‍-എസ് സ്ഥാനാര്‍ഥി എസ്.ആര്‍. മഹേഷിനെ തോല്‍പ്പിക്കണമെന്നാണ് വീഡിയോയില്‍ ഭവാനി രേവണ്ണ ആവശ്യപ്പെടുന്നത്.

കെ.ആര്‍. നഗറില്‍ മത്സരിക്കാന്‍ ഭവാനി രേവണ്ണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കുടുംബത്തില്‍നിന്ന് രണ്ട് അംഗങ്ങള്‍ മത്സരിച്ചാല്‍ മതിയെന്ന് കുമാരസ്വാമി തീരുമാനിച്ചു. ഇതില്‍ ഭവാനി രേവണ്ണയ്ക്കും മകന്‍ പ്രജ്വലിനും എതിര്‍പ്പുണ്ടായിരുന്നു. വൊക്കലിഗ നേതാക്കളെ വിളിച്ചുചേര്‍ത്താണ് മഹേഷിനെ പരാജയപ്പെടുത്തണമെന്ന് ഭവാനി ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍നിന്ന് വിജയിച്ചത് എസ്.ആര്‍. മഹേഷാണ്. ഭവാനിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണം മഹേഷാണെന്നും പ്രചാരമുണ്ടായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനാണ് ഭവാനി പറയുന്നതെന്ന വാദവുമായി സ്ഥാനാര്‍ഥി മഹേഷ് രംഗത്തെത്തി. വീഡിയോവില്‍ സ്ഥാനാര്‍ഥിയുടെ പേര് പറയുന്നില്ല, മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെന്ന് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഭവാനി തയ്യാറായില്ല.

മഹേഷ് ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും വീഡിയോയില്‍ ഭവാനി പറയുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ പരാജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ സംരക്ഷിക്കുമെന്ന വാഗ്ദാനവും നല്‍കുന്നു. മൈസൂരുവിലെ ഹുന്‍സൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് പ്രജ്വല്‍ രേവണ്ണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെ എസ്.ആര്‍. മഹേഷാണ് എതിര്‍ത്തത്. സ്ഥാനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയില്‍ പ്രജ്വല്‍ മണ്ഡലത്തില്‍ പര്യടനവും നടത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍നിന്ന് ജനതാദള്‍ -എസിലെത്തിയ എച്ച്. വിശ്വനാഥിനാണ് സീറ്റുനല്‍കിയത്.