ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധന ബുധനാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 27-നാണ്. അവസാന ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ, ബി.ജെ.പി. നേതാവ് ശ്രീരാമുലു എന്നിവരടക്കം 30 നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു. ഇനി സംസ്ഥാനം പോരാട്ടച്ചൂടിലായിരിക്കും.
 
ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളും ചലച്ചിത്ര, കായിക താരങ്ങളും വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വരും ദിവസങ്ങളില്‍ കര്‍ണാടകയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബി.ജെ.പി. യുടെ പ്രധാനതാരം. മോദി പ്രഭാവത്തില്‍ കര്‍ണാടകയിലെ വോട്ടര്‍മാരുടെ മനസ്സു കീഴടക്കാമെന്നു കണക്കുകൂട്ടുന്ന ബി.ജെ.പി. ദേശീയ തലത്തിലെ 40-ഓളം നേതാക്കളെയും രംഗത്തിറക്കും.

മറ്റുസംസ്ഥാനങ്ങളിലെ നേതാക്കളെയും സിനിമാതാരങ്ങളെയും ഇറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് കൊഴുപ്പേകുന്നത്. പ്രിയങ്കാഗാന്ധിയാണ് കോണ്‍ഗ്രസിന്റെ 'സൂപ്പര്‍സ്റ്റാര്‍'.

മേയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലെത്തുന്നത്. 10 മുതല്‍ 12 വരെ റാലികളില്‍ നരേന്ദ്രമോദി പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, സ്മൃതി ഇറാനി, നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റുപ്രമുഖര്‍. പാര്‍ട്ടി എം.പി. ഹേമമാലിനി പ്രചാരണത്തിനിറങ്ങും.
 
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദക്ഷിണ കര്‍ണാടകയില്‍ പ്രചാരണം നടത്തിയിരുന്നു. ചിരഞ്ജീവി, ഖുശ്ബു, നഗ്മ തുടങ്ങിയ ചലച്ചിത്രതാരങ്ങളും ക്രിക്കറ്റ് താരങ്ങളായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനും നവജ്യോത് സിങ് സിദ്ധുവുമാണ് കോണ്‍ഗ്രസിനുവേണ്ടി രംഗത്തിറങ്ങുന്ന പ്രമുഖര്‍. ഏപ്രില്‍ 26-ന് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെത്തും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തും. തമിഴ്, തെലുങ്ക്, മലയാളി വോട്ടര്‍മാര്‍ക്കിടയിലെ പ്രചാരണമായിരിക്കും ഇവരുടെ ചുമതല.
 
Content Highlights: Karnata Election 2018, Karnataka Candidates, karnataka bjp,karnataka congress