ബെംഗളൂരു: ഉത്തരേന്ത്യയും മധ്യേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പിന്നിട്ട ബിജെപി കാറ്റ് തെന്നിന്ത്യയിലേക്ക്. ഒരിക്കല്‍ കര്‍ണാടകം പിടിച്ച ചരിത്രമുള്ള ബിജെപിക്ക് അതിന് ശേഷം ദക്ഷിണേന്ത്യ ബാലികേറാ മല തന്നെയായിരുന്നു. ആ വലിയ ലക്ഷ്യത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു ബിജെപിയുടെ പ്രയാണം. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റ് എന്ന കടമ്പയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞേക്കില്ല എന്നാണ് സൂചനകള്‍.

വലിയ ഒറ്റകക്ഷിയായി ബിജെപി കുതിപ്പ് 105 സീറ്റില്‍ ഒതുങ്ങാനാണ് എല്ലാ സാധ്യതയും. കോണ്‍ഗ്രസിന് 75 സീറ്റ് നേടാനായുള്ളൂ. അങ്ങനെയെങ്കില്‍ എല്ലാ കണ്ണുകളും 39 സീറ്റില്‍ വിജയിച്ച ജെഡിഎസിലേക്കായി മാറും. ജെഡിഎസിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ ഭൂരിപക്ഷം തികയില്ല എന്ന നിലയിലേക്കാണ് ഫലത്തിന്റെ ദിശ. ഒരേ സമയം ബിജെപി ക്യാമ്പും കോണ്‍ഗ്രസും ക്യാമ്പും ദള്‍ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി 120 സീറ്റില്‍ വരെ ബിജെപി ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്നാക്കം പോയി 

കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങുാതിരിക്കാന്‍ ജെഡിഎസിനെ ഒപ്പം കൂട്ടാനുള്ള എല്ലാ അടവുകളും കോണ്‍ഗ്രസ് പയറ്റുന്നുണ്ട്. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കര്‍ണാടകത്തിലെ തോല്‍വി തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്. 

1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

പോളിങ് ഒറ്റനോട്ടത്തില്‍

ആകെ മണ്ഡലങ്ങള്‍ 224

വോട്ടെടുപ്പു നടന്നത് 222

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 38

ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും

ചാമുണ്ഡേശ്വരി- ബദാമി സിദ്ധരാമയ്യ, മുഖ്യമന്ത്രി

ശിക്കാരിപുര- ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി

രാമനഗര- ചെന്നപ്പട്ടണ എച്ച്.ഡി. കുമാരസ്വാമി, ജനതാദള്‍ എസ് നേതാവ്‌