ബെംഗളൂരു: ജനങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ബെംഗളൂരുവിലെ കാലാവസ്ഥ രാഷ്ട്രീയപ്പാര്‍ട്ടികളെ ഭയപ്പെടുത്തുകയാണ്.

രണ്ടുദിവസമായി വൈകുന്നേരങ്ങളില്‍ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുത്തി തിമിര്‍ത്തുപെയ്യുന്ന മഴയാണ് രാഷ്ട്രീയപ്പാര്‍ട്ടികളെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീതിയിലാക്കുന്നത്.

പൊതുവേ കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തുന്ന നഗരത്തില്‍ പ്രതികൂലകാലാവസ്ഥ വോട്ടര്‍മാരെ ബൂത്തുകളില്‍ നിന്നകറ്റിയേക്കുമെന്നാണ് വിലയിരുത്തല്‍.

ഉച്ചയ്ക്കുമുമ്പുതന്നെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. അതേസമയം, തിരഞ്ഞെടുപ്പുദിവസവും മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരങ്ങളില്‍ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 24.5 സെന്റീമീറ്റര്‍ മഴയാണ് ഒറ്റമണിക്കൂര്‍കൊണ്ട് പെയ്തത്. ബെംഗളൂരു കോര്‍പ്പറേഷന്റെ കണ്‍ട്രോള്‍ റൂമില്‍ ഒട്ടേറെ പരാതികളും ലഭിച്ചു. കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കോറമംഗല, മഹാദേവപുര, എ.ജി. റോഡ് മെട്രോസ്റ്റേഷന്‍, മജസ്റ്റിക്കിലെ അടിപ്പാത, ശാകംബരി നഗര്‍, കൊടിച്ചിക്കനഹള്ളി, രാമമൂര്‍ത്തി നഗര്‍, യെലഹങ്ക എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെ വീടുകളിലും കുടിവെള്ള സംഭരണികളിലും വെള്ളം കയറി.

പലയിടങ്ങളിലും ഓവുചാലുകള്‍ നിറഞ്ഞൊഴുകി മാലിന്യം പടര്‍ന്നു. മല്ലേശ്വരം, ചൗഡയ്യഹാള്‍, കുറുബറഹള്ളി, ബസവേശ്വരനഗര്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. ഇന്ദിരാനഗറിലും ഡൊംലൂരിലും വൈദ്യുതി തടസ്സപ്പെട്ടു.

വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോമിന് 929 പരാതികള്‍ ലഭിച്ചു. വൈദ്യുതത്തൂണുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലുമുണ്ടായ കേടുപാടുകള്‍ അതിവേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബെസ്‌കോം.