ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു. 24 ദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. ശിക്കാരിപുരയില്‍ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും 150 സീറ്റ് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്, കേന്ദ്ര മന്ത്രിമാരായ എച്ച്.എന്‍. അനന്തകുമാര്‍, രമേഷ് ജിഗജിനാഗി എന്നിവരോടൊപ്പമെത്തിയാണ് യെദ്യൂരപ്പ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. നേതാക്കളായ ആര്. അശോക്, കെ.എസ്. ഈശ്വരപ്പ, മന്ത്രി രാമനാഥ് റായ്, മുന്‍മുഖ്യമന്ത്രി ബംഗാരപ്പയുടെ മകന് മധു ബംഗാരപ്പ എന്നിവരും പത്രിക സമര്‍പ്പിച്ചു.
വിവിധ മണ്ഡലങ്ങളിലായി സ്വതന്ത്രര്‍ അടക്കം 155 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ബെംഗളൂരുവില്‍ 21 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കനകപുരയില്‍ മത്സരിക്കുന്ന ഡി.കെ. ശിവകുമാര്‍ പത്രികാസമര്‍പ്പണത്തിനുശേഷം വിവാദസ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ചു.