കൊച്ചി: കര്‍ണാടകയിലെ എം.എല്‍.എ.മാരെ സ്വീകരിക്കാന്‍ രാത്രിയില്‍ നേതാക്കള്‍ കാത്തിരുന്നു. അവര്‍ കര്‍ണാടകയിലേക്ക് വിളിച്ച് 'പുറപ്പെട്ടോ' എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. അവിടെയാണെങ്കില്‍ ഒന്നും പറയാന്‍ പറ്റാത്ത അനിശ്ചിതാവസ്ഥ. രണ്ട് വിമാനം പിടിച്ചിട്ട് ആളെയുംകൊണ്ടു പുറപ്പെടാനുള്ള വിസിലും കാത്ത് നില്‍ക്കുകയായിരുന്നു നേതാക്കള്‍. അവരോട് ചോദിക്കുമ്പോള്‍, ഇപ്പോള്‍ പുറപ്പെടുമെന്ന മറുപടിയാണ് കിട്ടുന്നത്. നേതാക്കള്‍ അതും വിശ്വസിച്ചു കാത്തിരുന്നു.

പിന്നെ കേള്‍ക്കുന്നു 'ക്ലിയറന്‍സ്' കിട്ടിയിട്ടില്ലെന്ന്... എന്ത് ക്ലിയറന്‍സാണെന്ന് അറിയാതെ ആദ്യം നേതാക്കള്‍ പകച്ചു. പിന്നെയാണ് കാര്യം തിരിഞ്ഞത്, വിമാനം ഉള്ളതുകൊണ്ട് കാര്യമില്ല, അത് എപ്പോള്‍ പോകണമെന്നും എവിടെ ഇറങ്ങണമെന്നും തീരുമാനിക്കുന്നത് കേന്ദ്രത്തില്‍ ഭരിക്കുന്ന ബി.ജെ.പി.യാണെന്ന്.

വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറക്കാനുള്ള അനുമതി നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങളില്‍ പ്രതിഷേധിച്ച് നേതാക്കള്‍ സ്വന്തം ലാവണങ്ങളില്‍ അടുത്ത വിളിവരുന്നതും കാത്തിരുന്നു.

കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളാണ് തങ്ങളുടെ അയല്‍ക്കാരെ സ്വീകരിക്കാന്‍ ഉറക്കമൊഴിച്ച് കാത്തിരുന്നത്. കൊച്ചിയില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് എം.എല്‍.എ.മാര്‍ക്ക് താമസം ഒരുക്കിയിരുന്നത്. അതെല്ലാം കര്‍ണാടകയില്‍നിന്ന് നേരിട്ടുള്ള 'ഓപ്പറേഷനാ'ണെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവിടെ വരുന്നവരെ ഹോട്ടലില്‍ കൊണ്ടുപോയി ആക്കണം. അതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ക്കുണ്ടായിരുന്ന ചുമതല. കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ.മാരാണ് ഇതിനായി ഒരുങ്ങിയിരുന്നത്.

ജനാതദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കൊച്ചി വിമാനത്താവളത്തില്‍ നേരത്തേതന്നെ എത്തിയിരുന്നു. പത്തുമണിയോടെ മന്ത്രി മാത്യു ടി. തോമസുമെത്തി. നേതാക്കള്‍ വരുന്നതുകൊണ്ടാണ് മന്ത്രിയെത്തിയതെന്നായിരുന്നു കാത്തുനിന്നവര്‍ കരുതിയത്. പ്രതീക്ഷയില്‍ മന്ത്രിയെ സമീപിച്ചപ്പോള്‍, ഇന്നിനി വരാന്‍ വഴിയില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ ജനതാദള്‍ നേതാക്കള്‍ പതുക്കെ സ്ഥലം വിട്ടു.

വിമാനത്താവളത്തിലും താമസസൗകര്യം ഒരുക്കിരുന്ന ക്രൗണ്‍ പ്ലാസ ഹോട്ടലിനുമുന്നിലും പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ബെഗളൂരുവിലെ അനിശ്ചിതത്വം കൊച്ചിയിലേക്ക് എത്തുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധമുഴുവന്‍ ഇങ്ങോട്ടാവുന്നതിന്റെ 'ടെന്‍ഷ'നിലായിരുന്നു പോലീസ്.