ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അനിശ്ചിതത്വം ഒഴിയുന്നില്ല.

കേവലഭൂരിപക്ഷമില്ലാത്ത ബി.ജെ.പി., സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ െവള്ളിയാഴ്ചത്തെ വിധി നിര്‍ണായകമാകും. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകും. ഇത് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ്, ജനതാദള്‍-എസ് എം.എല്‍.എ.മാരെ നഗരത്തില്‍നിന്ന് മാറ്റാന്‍ നേതൃത്വം തീരുമാനിച്ചത്.

നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോണ്‍ഗ്രസ്, ജനതാദള്‍-എസ് എം..എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവര്‍ നീക്കംനടത്തുന്നത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

ജനതാദളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി 14 എം.എല്‍.എ.മാരെ ബി.ജെ.പി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. ഇരു പാര്‍ട്ടികളില്‍നിന്നുമായി ഏഴ് എം.എല്‍.എ.മാര്‍ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. യെദ്യൂരപ്പ നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്ന ദിവസം സഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്-ജനതാദള്‍-എസ് എം.എല്‍.എ.മാരില്‍ സമര്‍ദം ചെലുത്തുന്ന തന്ത്രമാണ് ബി.ജെ.പി.യുടേത്. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം ഇവര്‍ക്ക് ബാധകമാകില്ല. ഇത്തരമൊരു നീക്കം മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസും ജനതാദള്‍-എസും എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചത്.

അതിനിടെ മൂന്ന് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന്റെ പിടിയില്‍നിന്ന് കടന്നതായും സൂചനയുണ്ട്. ബി.ജെ.പി.യില്‍നിന്നും കോണ്‍ഗ്രസിലെത്തിയ ആനന്ദ് സിങ്, ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എ.മാരായ പ്രതാപ് ഗൗഡ പാട്ടീല്‍, രാജശേഖര്‍ പാട്ടീല്‍ എന്നിവരാണവര്‍. എന്നാല്‍, ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും ആരും ബി.ജെ.പി. പാളയത്തിലെത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി., സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരേ വിധാന്‍സൗധയ്ക്കുമുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും എത്തിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. ആനന്ദ് സിങ് ഡല്‍ഹിയിലാണെന്നും സൂചനയുണ്ട്.

അതിനിടെ ബി.ജെ.പി. എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നുണ്ട്. ഡി.കെ. ശിവകുമാറാണ് ഇതിനുവേണ്ടി ശ്രമിക്കുന്നത് എന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ നിലവില്‍വന്നാല്‍ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സിദ്ധരാമയ്യയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയേക്കും.