ന്യൂഡല്‍ഹി: അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ അര്‍ധരാത്രി സുപ്രീംകോടതിയിലെത്തിയത്. മുഖ്യമന്ത്രിയായുള്ള ബി.എസ് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും സംയുക്ത ഹര്‍ജിയുമായായാണ് സുപ്രീം കോടതിയിലെത്തിയത്. 

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലെ യെദ്യൂരപ്പയ്ക്ക് നല്‍കിയ ക്ഷണം ചോദ്യം ചെയ്യുന്നതായിരുന്നു ഹര്‍ജി. സൂക്ഷ്മപരിശോധന നടത്തിയ ശേഷം സുപ്രീംകോടതി രജിസ്ട്രാര്‍ ഹര്‍ജിയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക വസതിയിലെത്തി. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ന് കോടതി ചേരാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അസാധാരണമായ ഉത്തരവിടുകയായിരുന്നു.

ജസ്റ്റിസുമാരായ എ.കെ സിക്രി, എ.ഹോഹ്‌ഡെ ,അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ചാണ് വാദം കേട്ടത്. കര്‍ണാടക നിയമസഭയില്‍ 112 അംഗങ്ങളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങള്‍ക്ക് 117 അംഗങ്ങളുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ് വി വാദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് തടയാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദത്തിനിടെ അര്‍ധരാത്രി സുപ്രീംകോടതിയിലെത്തി.